സ്‌കൂളുകളിലും കോളേജുകളിലും ലഹരി മാഫിയകളുടെ സെല്ലുകള്‍ കടന്നുവരുന്നു; സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം: കെ.എസ്.യു
Kerala News
സ്‌കൂളുകളിലും കോളേജുകളിലും ലഹരി മാഫിയകളുടെ സെല്ലുകള്‍ കടന്നുവരുന്നു; സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം: കെ.എസ്.യു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th July 2022, 10:47 pm

കോഴിക്കോട്: ലഹരി മാഫിയക്കെതിരെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത്. ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനുമെല്ലാം അതീതമായി ലഹരിക്കെതിരെ എല്ലവരും നിലകൊള്ളണമെന്നും കെ.എം. അഭിജിത്ത് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അഭിജിത്തിന്റെ പ്രതികരണം.

‘മാഫിയക്കെതിരെ സര്‍ക്കാര്‍ സംവിധാനങ്ങളെ ഉണര്‍ന്നുപ്രവര്‍ത്തിക്കൂ. നമ്മുടെ വിദ്യാര്‍ഥികള്‍ക്കുമേല്‍ ലഹരിയുടെ കഴുകന്‍ കണ്ണുമായി സ്‌കൂളുകളിലും കോളേജുകളിലും ലഹരി മാഫിയകളുടെ സെല്ലുകള്‍ കടന്നുവരികയാണ്.

പ്രിയപ്പെട്ട പൊതു സമൂഹമേ, രക്ഷിതാക്കളെ ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനുമെല്ലാം അതീതമായി ലഹരിക്കെതിരെ നാം പൊരുതിയില്ലെങ്കില്‍ ഒരു തലമുറ വിനാശത്തിലേക്ക് കടന്നു പോവുകയാണെന്ന് തിരിച്ചറിയൂ. ജീവിതവും ജീവനും ഇല്ലാതാക്കുന്ന ലഹരിക്കെതിരെ നമുക്കൊന്നിച്ച് പോരാടാം,’ അഭിജിത്ത് ഫേസ്ബുക്കില്‍ എഴുതി.