'അഭിനവ പല്‍വാര്‍ ദേവന്മാരുടെ പട്ടാഭിഷേകം പ്രവര്‍ത്തകര്‍ക്കിടയില്‍ നെഞ്ചിടിപ്പുണ്ടാക്കുന്നു'; എ.കെ ആന്റണിയുടെ മകനെതിരെ കെ.എസ്.യുവിന്റെ പ്രമേയം
kERALA NEWS
'അഭിനവ പല്‍വാര്‍ ദേവന്മാരുടെ പട്ടാഭിഷേകം പ്രവര്‍ത്തകര്‍ക്കിടയില്‍ നെഞ്ചിടിപ്പുണ്ടാക്കുന്നു'; എ.കെ ആന്റണിയുടെ മകനെതിരെ കെ.എസ്.യുവിന്റെ പ്രമേയം
ന്യൂസ് ഡെസ്‌ക്
Saturday, 9th February 2019, 1:09 pm

എറണാകുളം: എ.കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെ കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായി നിയമിച്ചതിനെതിരെ കെ.എസ്.യുവിന്റെ പ്രമേയം. എറണാകുളം ജില്ലാ സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്.

അങ്ങും പുത്രവാത്സല്യത്താല്‍ അന്ധനായോ എന്ന ഗീതയിലെ ചോദ്യം ഉന്നയിച്ചാണ് ആന്റണിയ്‌ക്കെതിരെ കെ.എസ്.യു വിമര്‍ശനമുന്നയിക്കുന്നത്. സൈബര്‍ ഇറക്കുമതികള്‍ ചോദ്യം ചെയ്യപ്പെടേണമെന്നും അഭിനവ പല്‍വാര്‍ ദേവന്മാരുടെ പട്ടാഭിഷേകം പ്രവര്‍ത്തകര്‍ക്കിടയില്‍ നെഞ്ചിടിപ്പുണ്ടാക്കുന്നുവെന്നും പ്രമേയം പറയുന്നു.

തലമുറ മാറ്റം പ്രസംഗത്തിലൊതുക്കാതെ പ്രവര്‍ത്തനത്തില്‍ കൊണ്ടുവരണം. ചില കാരണവന്മാര്‍ പാരമ്പര്യ സ്വത്തുപോലെ മണ്ഡലങ്ങള്‍ കൈയടക്കി വെച്ചിരിക്കുകയാണെന്നും പ്രമേയം പറയുന്നു.

ഡാറ്റാ അനിലറ്റിക് രംഗത്ത് പരിചയമുള്ള അനില്‍ ആന്റണിയും അഹമ്മദ് പട്ടേലിനറെ മകന്‍ ഫൈസല്‍ പട്ടേലും ചേര്‍ന്ന് തയ്യാറാക്കിയ കണക്കുകള്‍ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്തുവെന്ന വിലയിരുത്തലിലാണ് അനില്‍ ആന്റണിയെ കെ.പി.സി.സി മീഡിയ സെല്‍ കണ്‍വീനറാക്കിയിരുന്നത്. നിമനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി ഫേസ്ബുക്ക് പോസ്റ്റിട്ടടക്കം രംഗത്തു വന്നിരുന്നു.