കെ.എസ്.യുവിന്റെ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; നിരവധി പേര്‍ക്ക് പരിക്ക്
Kerala News
കെ.എസ്.യുവിന്റെ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; നിരവധി പേര്‍ക്ക് പരിക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 18th February 2021, 2:42 pm

തിരുവനന്തപുരം: പി.എസ്.സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി തലസ്ഥാനത്തേക്ക് കെ.എസ്.യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ജല പീരങ്കിയും ലാത്തിയും പ്രയോഗിച്ചു.

കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സമരവേദിയില്‍ നിന്ന് പോയതിന് ശേഷമാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ മാര്‍ച്ചുമായി എത്തിയത്. പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ തള്ളിമാറ്റാന്‍ ശ്രമിച്ചതോടെയാണ് പൊലീസ് ലാത്തി വീശിയത്.

സെക്രട്ടറിയേറ്റിലേക്ക് കയറാന്‍ ശ്രമിച്ച കെ.എസ്.യു പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. കെ.എസ്.യു പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു.

നിരവധി പൊലീസുകാര്‍ക്കും കെ.എസ്.യു പ്രവര്‍ത്തകര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്. കെ.എസ്.യു വൈസ് പ്രസിഡന്റ് സ്‌നേഹയുടെ തലയ്ക്ക് പരിക്കേറ്റു.

വനിതാ പോലീസും വനിതാ കെ.എസ്.യു പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളിയിലേക്കെത്തി. കന്റോണ്‍മെന്റ് ഗേറ്റും കടന്ന് പ്രവര്‍ത്തകര്‍ മാര്‍ച്ചുമായി എത്തുകയായിരുന്നു.

യൂത്ത് കോണ്‍ഗ്രസിന്റെ സമരപന്തല്‍ നില്‍ക്കുന്ന പ്രദേശത്തും പ്രവര്‍ത്തകര്‍ ഒന്നിച്ച് കൂടി നില്‍ക്കുന്ന സ്ഥിതിയുണ്ടായിരുന്നു. സമരക്കാര്‍ പിന്തിരിഞ്ഞ് പോകണമെന്ന് പൊലീസ് ആവശ്യപ്പെടുന്നുണ്ട്.

എന്തൊക്കെ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നാലും സമരം അവസാനിപ്പിക്കില്ലെന്നാണ് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ. എം അഭിജിത്ത് പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: KSU March police and workers in conflict