ആനക്കയം പദ്ധതിക്കെതിരെ പരിഷത്ത്; സി.പി.ഐ.എം പ്രതിസന്ധിയിലാകുമോ?
Environment
ആനക്കയം പദ്ധതിക്കെതിരെ പരിഷത്ത്; സി.പി.ഐ.എം പ്രതിസന്ധിയിലാകുമോ?
ഷഫീഖ് താമരശ്ശേരി
Monday, 30th November 2020, 11:21 am

തൃശ്ശൂര്‍: അതിരപ്പിള്ളി വാഴച്ചാല്‍ വനമേഖലയിലെ നിര്‍ദിഷ്ട ആനക്കയം ജലവൈദ്യുത പദ്ധതിയുടെ നടത്തിപ്പിനെതിരെ നിലപാടെടുത്ത് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്. 2006 ല്‍ നിലവില്‍ വന്ന വനാവകാശ നിയമപ്രകാരം വനാശ്രിത ആദിവാസി സമൂഹമായ കാടര്‍ വിഭാഗത്തിന് ലഭ്യമാകേണ്ട ഉപജീവനാവകാശങ്ങള്‍ അംഗീകരിച്ച് മാത്രമേ ആനക്കയം ചെറുകിട ജലവൈദ്യുത പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കാവൂ എന്നും അതുവരെ പദ്ധതി പ്രവര്‍ത്തനം നിര്‍ത്തി വെക്കണമെന്നും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു.

മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും അടക്കമുള്ള പ്രകൃതി ദുരന്തങ്ങള്‍ സമീപകാലത്ത് സംഭവിച്ച വനമേഖല കൂടിയാണ് പദ്ധതി പ്രദേശം. 2018 ലെ പ്രളയ സമയത്ത് ആനക്കയം പ്രദേശത്ത് വലിയ രീതിയില്‍ മണ്ണിടിച്ചില്‍ സംഭവിച്ചിരുന്നു.

‘നിലവില്‍ തയ്യാറാക്കിയിട്ടുള്ള ദുരന്ത സാധ്യതാ മാപ്പുകള്‍ പരിഗണിച്ച് പ്രദേശത്തിന്റെ അപകട സാധ്യത സൂക്ഷ്മ തലത്തില്‍ വിലയിരുത്തി വനം നഷ്ടപ്പെടുത്താതെ തന്നെ പദ്ധതി നടപ്പാക്കാനുള്ള സാധ്യത പരിഗണിക്കണം. സോളാര്‍ അടക്കമുള്ള പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകള്‍ ഉപയോഗപ്പെടുത്തുന്നതിന്റെ വേഗത വര്‍ധിച്ചു വരുന്നത് പരിഗണിച്ച് പമ്പ്ഡ് സ്റ്റോറേജ് പോലുള്ളതും മറ്റു സാങ്കേതിക ബദലുകള്‍ക്കുമുള്ള സാധ്യതയും പരിശോധിക്കണം. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നിട്ടുള്ള പുതിയ പാരിസ്ഥിതിക വെല്ലുവിളികള്‍ കണക്കിലെടുത്തുള്ള ഭൗമശാസ്ത്രപഠനവും ആവശ്യമാണ്. ഇതുവരെ നടന്നിട്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ചേര്‍ന്നുണ്ടായ സഞ്ചിത പാരിസ്ഥിതികാഘാതം കൂടി കണക്കിലെടുക്കേണ്ടതുണ്ട്.

പറമ്പിക്കുളം ടൈഗര്‍ റിസര്‍വിന്റെ ബഫര്‍ സോണില്‍ വരുന്ന ഷോളയാര്‍ വനമേഖല പശ്ചിമഘട്ടത്തില്‍തന്നെ ഇന്ന് അവശേഷിക്കുന്ന നിത്യഹരിത വനത്തിന്റെ ഒരു പ്രധാന ഭാഗവും വംശനാശ ഭീഷണി നേരിടുന്ന മലമുഴക്കി വേഴാമ്പലിന്റെ അവശേഷിക്കുന്ന ആവാസവ്യവസ്ഥകളില്‍ ഒന്നുമാണ്. പദ്ധതിയുടെ ഭാഗമായി എട്ടു ഹെക്ടര്‍ മരം മുറിച്ചു വനം ഇല്ലാതാക്കുന്നത് മൃഗങ്ങളുടെ ആവാസവ്യവസ്ഥാ തുടര്‍ച്ചയെ സംബന്ധിച്ചു വളരെ വിനാശകരമാണ്. സമ്പന്നമായ മല്‍സ്യ വൈവിധ്യം കാണപ്പെടുന്നതും അതിവിശിഷ്ടമായ പുഴയോരക്കാടുകള്‍ ഉള്ളതുമായ ചാലക്കുടിപ്പുഴയുടെ ജൈവവൈവിധ്യ സമ്പുഷ്ടിയും കണക്കിലെടുക്കണം.’ പരിഷത്ത് പ്രസ്താവനയില്‍ പറയുന്നു.

പദ്ധതിയുടെ ഭാഗമായി 20 ഏക്കര്‍ നിബിഡ വനത്തില്‍ നിന്നും മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനെതിരെയും കാടര്‍ ആദിവാസികളുടെ വനാവകാശം അട്ടിമറിക്കുന്നതിനെതിരെയും പരിസ്ഥിതി സാമൂഹിക രംഗത്തെ വിവിധ വ്യക്തികളും സംഘടനകളും നേരത്തെ തന്നെ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഇടതുപക്ഷത്തിന്റെ പോഷക വിഭാഗങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ശാസ്ത്ര സാഹിത്യ പരിഷത്ത് കൂടി ഇപ്പോള്‍ പദ്ധതിക്കെതിരെ നിലപാടെടുത്ത് രംഗത്ത് വരുമ്പോള്‍ അത് സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കുമെന്നാണ് വിലയിരുത്തല്‍.

1986 ല്‍ തയ്യാറാക്കിയ കാലഹരണപ്പെട്ട പ്രൊജക്റ്റ് റിപ്പോര്‍ട്ട് നിലവിലെ സാമുഹ്യ-പാരിസ്ഥിതിക- ദുരന്ത സാധ്യതാ പശ്ചാത്തലത്തില്‍ പരിഷ്‌ക്കരിച്ചും വനാവകാശ നിയമം അംഗീകരിച്ചും ആധുനിക ശാസ്ത്രസാങ്കേതിക വിദ്യ അടിസ്ഥാനമാക്കി ബദലുകള്‍ക്കുള്ള സാധ്യത പരിഗണിച്ചും അതിനനുസൃതമായ പാരിസ്ഥിതികാഘാത പഠനത്തിയും മാത്രമേ പദ്ധതിയുമായി മുന്നോട്ടു പോകാവൂ എന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നുണ്ട്.

ആനക്കയം ജലവൈദ്യുത പദ്ധതി

കേരള ഷോളയാര്‍ ജലവൈദ്യുത പദ്ധതിയുടെ പവര്‍ഹൗസില്‍ നിന്നും പുറത്ത് വരുന്ന വെള്ളം, വീണ്ടും ഒരു ടണലിലൂടെയും ടര്‍ബൈനിലൂടെയും കടത്തിവിട്ട് വൈദ്യുതി ഉല്പാദിപ്പിക്കാനാണ് ആനക്കയം ചെറുകിട ജലവൈദ്യുത പദ്ധതി ലക്ഷ്യമിടുന്നത്.
7.5 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള പദ്ധതിയില്‍ നിന്നും പ്രതിവര്‍ഷം 22.5 ദശലക്ഷം യൂണിറ്റ് വൈദ്യുതി ലഭിക്കുമെന്നാണ് വൈദ്യുത ബോര്‍ഡ് അവകാശപ്പെടുന്നത്. പദ്ധതിക്ക് 150 കോടി രൂപ ചെലവ് വരുമെന്നാണ് 2018ല്‍ വൈദ്യുത ബോര്‍ഡ് പറഞ്ഞിട്ടുള്ളത്. പദ്ധതിയുടെ ഭാഗമായി ഷോളയാറില്‍ നിന്നും ആനക്കയത്തേക്ക് 5 കിലോമീറ്റര്‍ നീളത്തില്‍ മലതുരന്ന് തുരങ്കം നിര്‍മിക്കേണ്ടതുമുണ്ട്.

പദ്ധതിയുടെ ഭാഗമായി വാഴച്ചാല്‍ വനം ഡിവിഷനില്‍പ്പെട്ട 20 ഏക്കര്‍ നിബിഡവനത്തില്‍ നിന്നും 70 സെ.മീ. മുതല്‍ 740 സെ.മീ. വരെ ചുറ്റളവ് ഉള്ള 1897 മരങ്ങളും അതിലധികം ചെറു മരങ്ങളും മുറിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ നല്‍കി കഴിഞ്ഞു. നവംബര്‍ മാസം ആദ്യത്തില്‍ തന്നെ മരങ്ങള്‍ മുറിച്ചുമാറ്റാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനായി മരങ്ങളുടെ സര്‍വേകള്‍ നേരത്തെ തന്നെ നടന്നുകഴിഞ്ഞു.

ആനക്കയം പദ്ധതിയുടെ ഭാഗമായുള്ള പാറ പൊട്ടിക്കലും മല തുരക്കലും ഈ മേഖലയെ കൂടുതല്‍ ദുര്‍ബലമാക്കുമെന്നും പുതിയ മലയിടിച്ചിലുകള്‍ക്ക് സാധ്യത ഒരുക്കുമെന്നുമാണ് പരിസ്ഥിതി പ്രവര്‍ത്തകനായ എസ്.പി രവി ഡൂള്‍ന്യൂസിനോട് പറഞ്ഞത്. ദുരന്ത സാധ്യതകള്‍ പരമാവധി ഒഴിവാക്കണമെന്ന് ദുരന്തനിവാരണ നിയമം പറയുമ്പോള്‍, ഇവിടെ സര്‍ക്കാര്‍ തന്നെ ദുരന്ത സാധ്യത വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തികള്‍ക്കായി തയ്യാറെടുക്കുകയാണെന്നും ഇത് ദുരന്തനിവാരണ നിയമത്തിന്റെ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: KSSP against Anakkayam hydro electric project

ഷഫീഖ് താമരശ്ശേരി
മാധ്യമപ്രവര്‍ത്തകന്‍