മുഴുവന്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരോടും ഇഷ്ടം തോന്നിപ്പിച്ച രണ്ട് ജീവനക്കാര്‍
News of the day
മുഴുവന്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരോടും ഇഷ്ടം തോന്നിപ്പിച്ച രണ്ട് ജീവനക്കാര്‍
ന്യൂസ് ഡെസ്‌ക്
Tuesday, 20th September 2016, 9:35 pm

അടുത്തൊന്നും ഒരു ഓട്ടോ പോലും കിട്ടാനില്ല. എന്തു ചെയ്യും എന്ന് കണ്ടക്ടറോട് ചോദിച്ചു. അദ്ദേഹം നാലുപാടും ഒന്ന് നോക്കിയിട്ട് പറഞ്ഞു: “നമുക്ക് തിരിച്ച് പോകാം, ആര്‍ക്കെങ്കിലും പ്രയാസമാകുമോ…?” യാത്രക്കാര്‍ ഒന്നടങ്കം പറഞ്ഞു: “ഇല്ല, ഒരു പ്രയാസവും ഇല്ല… അദ്ദേഹത്തെ ആശുപത്രിയിലാക്കിയിട്ട് പോയാല്‍ മതി.”

malayali-peringode
എഫ്.ബി നോട്ടിഫിക്കേഷന്‍: മലയാളി പെരിങ്ങോട്‌


രാവിലെ കോഴിക്കോട്ടേക്ക് പോരാനായി പെരുമ്പിലാവില്‍ ബസ് കാത്ത് നില്‍ക്കുമ്പോള്‍ ആദ്യം മുന്നില്‍ വന്ന് നിന്നത് നിറയെ ആളുകളുമായി ഒരു സ്വകാര്യ ബസ് ആയിരുന്നു. ഇരിക്കാന്‍ സീറ്റില്ലാത്തതു കൊണ്ട് പിന്നിലേക്ക് മാറി നിന്നപ്പോഴാണ് അതിനു പുറകില്‍ ചുവപ്പും മഞ്ഞയും കളറുള്ള നമ്മുടെ സ്വന്തം കെ.എസ്.ആര്‍.ടി.സി വന്നത്. തിരക്കും ഇല്ല.

ഉടനെ അങ്ങോട്ടോടാന്‍ ഒരുങ്ങിയ എന്നോട് സ്വകാര്യ ബസിലെ കണ്ടക്ടര്‍: “അതില്‍ കാശ് കൂടുതലാണ് ചേട്ടാ, എന്തിനാണ് വെറുതെ കാശ് കളയുന്നത് “. ഇതു കേട്ടയുടനെ അയാളുടെ മുഖത്തു നോക്കി രണ്ടു വര്‍ത്താനം പറയണമെന്നാഗ്രഹിച്ചതാണ്. സമയമില്ലായ്മയും, ബസ് അധിക സമയം നിര്‍ത്തുകയില്ലെന്നുള്ളതു കൊണ്ടും ഒന്നും പറയാന്‍ സാധിച്ചില്ല. എങ്കിലും മനസ്സില്‍ പറഞ്ഞു: “എന്റെ കാശ് ഞങ്ങടെ കെ.എസ്.ആര്‍.ടി.സിക്കല്ലെ, കുഴപ്പമില്ല.” അങ്ങനെ കയറിയിരുന്ന്, ടിക്കറ്റും എടുത്ത് മൊബൈല്‍ ഓണാക്കി ഫേസ്ബുക് തുറന്ന് പോസ്റ്റുകള്‍ നോക്കി കൊണ്ടിരുന്നു.

ബസ്സ് എടപ്പാള്‍ ടൗണ്‍ കഴിഞ്ഞ് കണ്ടനകം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ എത്തി പഞ്ചിംഗിനായി നിര്‍ത്തി. കടല വില്‍പനക്കാരും, വെള്ളക്കച്ചവടക്കാരുടെയും ബഹളം. കണ്ടക്ടര്‍ വന്ന്, ബസ്സ് സ്റ്റാര്‍ട്ട് ചെയ്തയുടനെ ഒരു നിലവിളി.

“അയ്യോ… എനിക്കു വയ്യായേ…. ഗുരൂവായൂരപ്പാ…. ഞാനിപ്പൊ മരിക്കുമേ…. ഏട്ടാ എന്നെ പെട്ടെന്ന് ആശുപത്രിയില്‍ കൊണ്ടു പോകൂ… എന്റെ ബി.പി കൂടുന്നേ… ശ്വാസം മുട്ടുന്നേ… ഗുരുവായൂരപ്പാ എന്നെ രക്ഷിക്കണേ….”

പെട്ടെന്ന് ശബ്ദം എവിടുന്നാണെന്ന് മനസിലായില്ല… അല്‍പ്പം പ്രായമുള്ളൊരാളുടെ കരച്ചിലാണ്. എണീറ്റ് നോക്കിയപ്പോള്‍ മൂന്നുനാലു സീറ്റുകള്‍ മുന്നില്‍ രണ്ട് വൃദ്ധര്‍ ഇരിക്കുന്നു. അതിലൊരാളാണ്. ഒപ്പമിരിക്കുന്നയാളെ ഏട്ടാ എന്നാണ് വിളിക്കുന്നത്. അയാളുടെ കൈകളില്‍ ബലമായി പിടിച്ചിട്ടുണ്ട്. അടുത്ത് ചെന്ന്, എന്താണെന്ന് ചോദിച്ചു. പെട്ടെന്ന് സുഖമില്ലാതായി. നാവ് വറ്റി വരളുന്നു. ശ്വാസം കിട്ടുന്നില്ല. ബിപി കൂടുന്ന പോലെയുണ്ട്, തല കറങ്ങുന്നു. വീണ്ടും നിലവിളി. മൂന്നോ നാലോ സീറ്റുകള്‍ ഒഴിച്ച് ബാക്കിയെല്ലാം ഫുള്‍ ആണ്.

കണ്ടക്ടര്‍ വന്നു, ആശുപത്രിയില്‍ കൊണ്ടു പോകണം. ഇവിടെ അടുത്ത് എവിടെയാ ആശുപത്രിയുള്ളത് എന്ന് അന്വേഷിച്ചു. എടപ്പാളിലാണ് ആശുപത്രി അടുത്തുള്ളത്. അവിടുന്ന് നാലഞ്ച് കിലോമീറ്റര്‍ ഏകദേശം മുന്നോട്ട് പോന്നിരിക്കുന്നു. അടുത്തൊന്നും ഒരു ഓട്ടോ പോലും കിട്ടാനില്ല. എന്തു ചെയ്യും എന്ന് കണ്ടക്ടറോട് ചോദിച്ചു. അദ്ദേഹം നാലുപാടും ഒന്ന് നോക്കിയിട്ട് പറഞ്ഞു: “നമുക്ക് തിരിച്ച് പോകാം, ആര്‍ക്കെങ്കിലും പ്രയാസമാകുമോ…?” യാത്രക്കാര്‍ ഒന്നടങ്കം പറഞ്ഞു: “ഇല്ല, ഒരു പ്രയാസവും ഇല്ല… അദ്ദേഹത്തെ ആശുപത്രിയിലാക്കിയിട്ട് പോയാല്‍ മതി.”

ഡ്രൈവര്‍ ബസ് തിരിച്ചു. കോഴിക്കോട് ബോര്‍ഡും വെച്ച് തൃശൂര്‍ക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സിയെ അത്ഭുതത്തോടെ പുറത്തുള്ളവര്‍ നോക്കുന്നത് കണ്ടു! എടപ്പാള്‍ ടൗണിലെ സിഗ്‌നലില്‍ ചുവപ്പ് ലൈറ്റ്. ഒരു ആമ്പുലന്‍സ് ഓടിക്കുന്ന പോലെ, ഹെഡ് ലൈറ്റ് ഇട്ട് കെ.എസ്.ആര്‍.ടി.സിയുടെ ആനവണ്ടി ഹോണടിച്ച് വരുന്നത് കണ്ട് എല്ലാവരും അവരവരുടെ വാഹനങ്ങള്‍ ഒതുക്കിത്തന്നു.

ബസ്സ് എടപ്പാളിലെ “ശുകപുരം ആശുപത്രി”യുടെ മുന്നില്‍ വലതുവശം ചേര്‍ത്തു നിര്‍ത്തി. കണ്ടക്ടര്‍ ഇറങ്ങിയോടി സ്‌ട്രെക്ചറുമായി ആശുപത്രി ജീവനക്കാര്‍. ഓട്ടോ ഡ്രൈവര്‍മാരും, നാട്ടുകാരും ഓടിക്കൂടി.

രോഗി അപ്പോഴും നിലവിളിക്കുന്നുണ്ടായിരുന്നു. കൂടെയുള്ളയാളിന്റെ കൈയില്‍ ഒരു കൊച്ചു കുഞ്ഞിനെ പോലെ മുറുകെ പിടിച്ചുകൊണ്ട് സ്‌ട്രെക്ചറില്‍ കിടന്നും കരയുന്നു. ആശുപത്രിയിലാക്കി, കൂടെയുള്ള ആളോട് കയ്യില്‍ കാശുണ്ടോ? അത്യാവശ്യ ചിലവിന് ഇത് വെച്ചോളൂ എന്നു പറഞ്ഞ് ഡ്രൈവറും കണ്ടക്ടറും അവരുടെ പേഴ്‌സില്‍ നിന്ന് കുറച്ച് കാശെടുത്ത് കൊടുക്കാന്‍ ശ്രമിച്ചു. അദ്ദേഹമത് സ്‌നേഹപൂര്‍വം നിരസിച്ചു.

മനുഷ്യത്വം മരവിക്കാത്ത രണ്ട് ജീവനക്കാര്‍, മുഴുവന്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെയും യശസ്സ് ഉയര്‍ത്തി. ഇങ്ങനൊരു നല്ല കാര്യത്തിന് തടസ്സം നില്‍ക്കാത്ത യാത്രക്കാര്‍ മുഴുവന്‍ യാത്രികര്‍ക്കും മാതൃകയായി.