കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ജനങ്ങളോട് നിരുത്തരവാദപരമായി പെരുമാറി: കെ.ടി. ജലീല്‍
Kerala News
കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ജനങ്ങളോട് നിരുത്തരവാദപരമായി പെരുമാറി: കെ.ടി. ജലീല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th April 2022, 6:33 pm

മലപ്പുറം: കെ.എസ്.ആര്‍.ടി.സിയെ വിമര്‍ശിച്ച് മുന്‍മന്ത്രിയും തവനൂര്‍ എം.എല്‍.എയുമായ കെ.ടി. ജലീല്‍. നിരുത്തരവാദപരമായി പെരുമാറിയത് കൊണ്ടുണ്ടായ ദുരന്തമാണ് കെ.എസ്.ആര്‍.ടി.സി അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് കെ.ടി. ജലീല്‍ പറഞ്ഞു.

മലപ്പുറം വട്ടംകുളം പഞ്ചായത്തിലെ വികസന സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കെ.ടി. ജലീല്‍.

കെ.എസ്.ആര്‍.ടി.സി ജീവനക്കാരും ജനങ്ങളോട് നിരുത്തരവാദപരമായി പെരുമാറി. ഇത് തദ്ദേശസ്ഥാപനങ്ങള്‍ അനുകരിക്കരുതെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.

പഞ്ചായത്തുകള്‍ നികുതി പിരിക്കുന്നത് കാര്യക്ഷമമാക്കണം. നികുതി കിട്ടിയാല്‍ മാത്രമേ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാകൂ. അല്ലെങ്കില്‍ കെ.എസ്.ആര്‍.ടി.സി പോലെ പഞ്ചായത്തുകളുമാകും.

എണ്ണക്കമ്പനികളില്‍ നിന്ന് നേരിട്ട് ഡീസല്‍ വാങ്ങുന്നത് ഒഴിവാക്കിയതോടെ കെ.എസ്.ആര്‍.ടി.സിയിലെ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്.

ആവശ്യത്തിന് ഡീസലില്ലാതെ സര്‍വീസ് മുടങ്ങുന്നത് പതിവായി. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം വൈകുന്നത് വാര്‍ത്തയായിരുന്നു. കെ.എസ്.ആര്‍.ടി.സിയുടെ കെ സ്വിഫ്റ്റ് ഉദ്ഘാടനചടങ്ങ് സി.ഐ.ടി.യു ഉള്‍പ്പെടെയുള്ള സംഘടനകള്‍ ബഹിഷ്‌കരിച്ചിരുന്നു.

ശമ്പളം നല്‍കാത്തതിനാലാണ് വിട്ടുനില്‍ക്കല്‍. യൂണിയനുകളുടേത് സ്വാഭാവിക പ്രതികരണമാണെന്നായിരുന്നു ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജുവിന്റെ മറുപടി. ശമ്പളം നല്‍കാന്‍ ധനവകുപ്പിനോട് അധിക സഹായം ചോദിച്ചിട്ടുണ്ടെന്നും കെ.ടി. ജലീല്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: KSRTC employees treat people irresponsibly: KT Jaleel