ആര്‍.എസ്.എസ് ഫേസ്ബുക്ക് പേജ് ഫോളോ ചെയ്ത് കെ.എസ്.ഇ.ബി; വിവാദം
Kerala News
ആര്‍.എസ്.എസ് ഫേസ്ബുക്ക് പേജ് ഫോളോ ചെയ്ത് കെ.എസ്.ഇ.ബി; വിവാദം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th April 2022, 8:20 pm

കോഴിക്കോട്: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജ് ആര്‍.എസ്.എസിന്റെ പേജിനെ ഫോളോ ചെയ്തത് വിവാദമാകുന്നു. Rashtriya Swayamsevak Sangh (RSS) എന്ന ഒഫീഷ്യല്‍ പേജിനെയാണ് കെ.എസ്.ഇ.ബിയുടെ വേരിഫൈഡ് പേജ് ഫോളോ ചെയ്തത്.

5,57,000 പേര്‍ ഫോളോ ചെയ്യുന്ന കെ.എസ്.ഇ.ബിയുടെ പേജ് ഫോളോ ചെയ്യുന്ന 31 പേരുടെ ലിസ്റ്റിലായിരുന്നു ആര്‍.എസ്.എസിന്റെ പേജും ഉള്‍പ്പെട്ടിരുന്നത്.

‘ഇത് കെ.എസ്.ഇ.ബിയുടെ ഒഫിഷ്യല്‍ പേജാണ്. അതില്‍ പോയാല്‍ 31 പേജുകളെ/പ്രൊഫൈലുകളെ വെരിഫൈഡ് ഐ.ഡി ആയ കെ.എസ്.ഇ.ബി പ്രൊഫൈല്‍ ഫോളോ ചെയ്യുന്നത് കാണാം.

ഫോളോ ചെയ്യുന്ന ഒരു പേജ് കണ്ടപ്പോള്‍ സത്യത്തില്‍ ഞെട്ടി. ആര്‍.എസ്.എസിന്റെ ഒഫിഷ്യല്‍ പേജാണ് നമ്മളുടെ കെ.എസ്.ഇ.ബി പബ്ലിക് ആയി ഫോളോ ചെയ്യുന്നത്. ഇതിന് ആരാണ് ഉത്തരവാദി? സി.എം.ഡി ഡയറക്ട് ആണോ പേജ് കൈകാര്യം ചെയ്യുന്നത്,’ എന്നാണ് സംഭവം ചൂട്ടിക്കാട്ടി ഷിനോയ് ചന്ദ്രന്‍ എന്ന പ്രൊഫൈല്‍ ഫേസ്ബുക്കില്‍ എഴുതിയത്.

എന്നാല്‍ സംഭവം സോഷ്യല്‍ മീഡിയയില്‍ ചിലര്‍ സൂചിപ്പിച്ചതിനെതുടര്‍ന്ന് ആര്‍.എസ്.എസിന്റെ പേജ് അണ്‍ ഫോളോ ചെയ്തിട്ടുണ്ട്.

ഫുഡ് സേഫ്റ്റി കേരള, ആരോഗ്യ കേരളം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേരള സ്റ്റേറ്റ് പൊലീസ് ചീഫ്, തൃശൂര്‍ ജില്ലാ കളക്ടര്‍, കേരളാ പൊലീസ്, കേരള സ്റ്റേറ്റ് ഇന്റസ്ട്രിയല്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ എന്നിവയുടെ പേജുകളാണ് നിലവില്‍ കെ.എസ്.ഇ.ബി ഫോളോ ചെയ്യുന്നത്.

കഴിഞ്ഞ മാസം 31ന് തിരുവനന്തപുരത്ത് നടന്ന ‘കെ.എസ്.ഇ.ബി@65’ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്തത് സംഘ്പരിവാര്‍ അനുഭാവിയായ ശ്രീ എം ആയിരുന്നു. കെ.എസ്.ഇ.ബി ചെയര്‍മാന്‍ ബി. അശോകും ഇടത് സംഘടനാ നേതാക്കളും തമ്മിലുള്ള പോര് രൂക്ഷമായി തുടരുന്നതിനിടെയാണ് പുതിയ വിവാദം.