'എതിര്‍ക്കുന്തോറും വളരുന്ന അത്ഭുത പ്രതിഭാസമാണ് മോദി, അതുപോലെ എന്റെ മക്കളും വളരും': കൃഷ്ണകുമാര്‍
Kerala News
'എതിര്‍ക്കുന്തോറും വളരുന്ന അത്ഭുത പ്രതിഭാസമാണ് മോദി, അതുപോലെ എന്റെ മക്കളും വളരും': കൃഷ്ണകുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 8th December 2020, 7:29 pm

തിരുവനന്തപുരം: എതിര്‍ക്കുന്തോറും വളരുന്ന അത്ഭുത പ്രതിഭാസമാണ് നരേന്ദ്രമോദിയെന്നും അതു പോലെ തന്റെ മക്കളും വളരുമെന്നും നടനും ബി.ജെ.പി അനുഭാവിയുമായ കൃഷ്ണകുമാര്‍. വണ്‍ ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് കൃഷ്ണകുമാറിന്റെ പരാമര്‍ശം. തന്നെയും മക്കളെയും എല്ലാവരും കുറ്റപ്പെടുത്താറുണ്ടെന്നും അത് നമ്മുടെ വളര്‍ച്ചയെ സഹായിക്കുകയേ ഉള്ളൂവെന്നാണ് മക്കളോട് പറയാറുള്ളതെന്നും കൃഷ്ണകുമാര്‍ പറയുന്നു. അതുകൊണ്ടാണ് താന്‍ നരേന്ദ്രമോദിയെക്കുറിച്ച് പറയുന്നതെന്നും കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു.

ആ സംഘി ഈ സംഘി എന്നൊന്നും തന്നെ ആരും വിളിക്കേണ്ടെന്നും താനൊരു കട്ട സംഘിയാണെന്നും കൃഷ്ണകുമാര്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്.

നേരത്തേ അയ്യപ്പന്റെ പേരില്‍ ബി.ജെ.പിയ്ക്ക് വേണ്ടി വോട്ട് ചോദിച്ച കൃഷ്ണകുമാറിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബി.ജെ.പി പ്രചാരണത്തിനിടെയായിരുന്നു അയ്യപ്പന്റെ പേരില്‍ കൃഷ്ണകുമാറിന്റെ വോട്ട് പിടുത്തം.

8ാം തിയതി രാവിലെ നേരത്തെ എഴുന്നേറ്റ് കുളിച്ച് പ്രാര്‍ത്ഥിച്ച് നമ്മള്‍ ബൂത്തിലേക്ക് ചെല്ലണം. ബൂത്തിലെത്തി ബാലറ്റ് മെഷീന് മുന്നിലേക്ക് ചെന്ന് ശ്രീധര്‍മ്മ ശാസ്താവിനെ മനസില്‍ ധ്യാനിക്കുക. എന്നിട്ട് ഈ അധോലോക അഴിമതി സര്‍ക്കാരിന്റെ നെഞ്ചിലേക്ക് ആ താമരയങ്ങ് കുത്തിയിറക്കണം. എന്നിട്ട് വിജയശ്രീലാളിതനായി വീട്ടിലേക്ക് തിരിച്ചുപോവാം. നമ്മുടെ ജോലി അതാണ് എന്നായിരുന്നു കൃഷ്ണകുമാര്‍ പറഞ്ഞത്.

ബാക്കി അയ്യപ്പന്‍ നോക്കിക്കോളുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബി.ജെ.പി ഇത്തവണ 51-ലധികം സീറ്റുകള്‍ നേടുമെന്നും കൃഷ്ണകുമാര്‍ അവകാശപ്പെട്ടു.
നേരിട്ട് ഇറങ്ങാന്‍ സമയമായെന്ന് തോന്നിയതുകൊണ്ടാണ് താനും രംഗത്തു ഇറങ്ങിയതെന്നും ട്രോളുകളും പരിഹാസവും കാര്യമാക്കുന്നില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

അതേസമയം ആദ്യഘട്ടത്തിലുള്ള തദ്ദേശതെരഞ്ഞടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകലിലാണ് ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ചൊവ്വാഴ്ച ഇവിടെ വോട്ടെടുപ്പ് നടക്കും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Krishnakumar statement about Naredramodi