എഡിറ്റര്‍
എഡിറ്റര്‍
ജിഷ്ണുവിന്റെ മരണം: കൃഷ്ണദാസിന് ഹൈക്കോടതിയുടെ മുന്‍കൂര്‍ ജാമ്യം; സര്‍ക്കാരിന്റെ വാദങ്ങള്‍ ഹൈക്കോടതി തള്ളി
എഡിറ്റര്‍
Thursday 2nd March 2017 12:53pm

കൊച്ചി: പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം.

കൃഷ്ണദാസിനു നേരത്തേ അനുവദിച്ച ഇടക്കാല ജാമ്യം അന്തിമമാക്കി കോടതി ഉത്തരവിട്ടു. കോളേജില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് ഹൈക്കോടതി കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം നല്‍കിയത്. മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഉദയഭാനുവിന്റെ വാദങ്ങള്‍ തള്ളിയാണ് കോടതി ജാമ്യം അനുവദിച്ചത്.

അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. കൃഷ്ണദാസിനെ കേസുമായി ബന്ധപ്പെടുത്താന്‍ തെളിവില്ലെന്നും ജിഷ്ണുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രേരണാക്കുറ്റം ചുമത്തുന്നത് നിലനില്‍ക്കില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ട്.

കൃഷ്ണദാസിനെ കേസുമായി ബന്ധപ്പെടുത്തുന്നതിന് ആവശ്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണു കോടതിയുടെ നിരീക്ഷണം. സംഭവ ദിവസം കൃഷ്ണദാസ് കോളജില്‍ ഉണ്ടായിരുന്നതിനു തെളിവില്ലെന്നും പ്രേരണകുറ്റം ചുമത്തുന്നതിനാവശ്യമായ തെളിവുകള്‍ പ്രോസിക്യൂഷന് ഹാജരാക്കാനായിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.

ജിഷ്ണുവിന്റെ മരണത്തില്‍ കൃഷ്ണദാസിനും മാനേജ്‌മെന്റിനും നേരിട്ട് പങ്കുണ്ടെന്ന് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ സി.പി.ഉദയഭാനു കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ബോധിപ്പിച്ചിരുന്നു. കേസ് ഡയറിയും സാങ്കേതിക സര്‍വകലാശാലയുടെ അന്വേഷണ റിപ്പോര്‍ട്ടും ഉള്‍പ്പെടെയുള്ള രേഖകളും സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ പരിശോധനയ്ക്കായി കോടതിക്കു കൈമാറിയിരുന്നു.
അതേസമയം, കേസില്‍ അട്ടിമറിയുണ്ടായെന്നു ജിഷ്ണുവിന്റെ കുടുംബം ആരോപിച്ചു. മുന്‍പ് ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ വലിയ പിഴവുണ്ടായി. ഇപ്പോഴത്തെ സ്‌പെഷല്‍ പ്രോസ്‌ക്യൂട്ടറുടെ ഭാഗത്തു വീഴ്ചയുണ്ടായെന്നു കരുതുന്നില്ലെന്നും കുടുംബം പറഞ്ഞു.

Advertisement