ജാതി സംവരണം സ്വകാര്യ മേഖലയിലേക്കും വ്യാപിപ്പിക്കേണ്ട സമയത്താണ് കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക സംവരണവുമായി വന്നിരിക്കുന്നത്; വി.എസിന്റെ നിലപാട് സ്വാഗതാര്‍ഹം: പുന്നല ശ്രീകുമാര്‍
kERALA NEWS
ജാതി സംവരണം സ്വകാര്യ മേഖലയിലേക്കും വ്യാപിപ്പിക്കേണ്ട സമയത്താണ് കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക സംവരണവുമായി വന്നിരിക്കുന്നത്; വി.എസിന്റെ നിലപാട് സ്വാഗതാര്‍ഹം: പുന്നല ശ്രീകുമാര്‍
ന്യൂസ് ഡെസ്‌ക്
Friday, 11th January 2019, 7:22 pm

കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച മുന്നാക്ക സാമ്പത്തിക സംവരണം ബില്‍ സംവരണം എന്ന ആശയത്തെ തന്നെ ഇല്ലാതാക്കുമെന്ന് കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. സ്വകാര്യ മേഖലയിലേക്ക് കൂടെ ജാതി സംവരണം വ്യാപിപ്പിക്കേണ്ട സമയത്താണ് കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക സംവരണവുമായി രംഗത്തു വന്നിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സാമ്പത്തിക സംവരണം എന്ന ആശയത്തെ സ്വാഗതം ചെയ്ത മറ്റു ബി.ജെ.പി ഇതര പാര്‍ട്ടികളേയും അദ്ദേഹം കുറ്റപ്പെടുത്തി. സാമ്പത്തിക സംവരണം എന്ന ആശയം തങ്ങളുടെ നിലപാടായിരുന്നുവെന്ന് പ്രഖ്യാപിച്ച സംസ്ഥാന, ദേശീയ പാര്‍ട്ടികളെ സംവരണ സമൂഹം ജാഗ്രതയോടെ കാണണമെന്നും അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ ഭരണപരിഷ്‌കാര ബോര്‍ഡ് ചെയര്‍മാനും മുതിര്‍ന്ന സി.പി.ഐ.എം നേതാവുമായ വി.എസിന്റെ നിലപാടിനെ അദ്ദേഹം അഭിനന്ദിച്ചു. സാമൂഹിക സംവരണത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ ചെറുക്കണം എന്നായിരുന്നു വി.എസ് പറഞ്ഞത്.

മുന്നാക്ക സാമ്പത്തിക സംവരണ ബില്ലിനെ അനുകൂലിച്ചു കൊണ്ട് സി.പി.ഐ.എം, ബി.എസ്.പി എന്നീ പാര്‍ട്ടികളും ലോക്‌സഭയിലും രാജ്യസഭയിലും വോട്ടു രേഖപ്പെടുത്തിയിരുന്നു. സാമ്പത്തിക സംവരണം എന്ന ആശയം കേരളത്തില്‍ നടപ്പിലാക്കാന്‍ ഇടതു സര്‍ക്കാര്‍ നേരത്തെ ശ്രമിച്ചിരുന്നെങ്കിലും ഹൈക്കോടതി തടയുകയായിരുന്നു.

Also Read ഗാന്ധിയെയും അംബേദ്ക്കറെയും രണ്ട് ചേരിയിലുള്ള ആളുകളായല്ല കാണേണ്ടത്; മോദി ഗാന്ധിയെ ഉപയോഗിക്കുന്നത് ഒരു ഗ്ലോബല്‍ മാര്‍ക്കറ്റിംഗ് തന്ത്രമായാണെന്നും രാമചന്ദ്ര ഗുഹ

മതിയായ പഠനം പോലും നടത്താതെ ഭരണഘടനാ ഭേദഗതി വരുത്താന്‍ മാത്രം മുന്നാക്ക സമുദായത്തിലെ ഏത് സമുദായമാണ് സമൂഹത്തില്‍ നിന്നും വിവേചനം അനുഭവിക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം അദ്ദേഹം പറഞ്ഞു.

എന്‍.കെ നീലകണ്ഠന്റെ നേതൃത്വത്തിലുള്ള കെ.പി.എം.എസിന്റെ ബി.ജെ.പി അനുകൂല വിഭാഗവും മുന്നാക്ക സാമ്പത്തിക സംവരണത്തെ എതിര്‍ത്ത് രംഗത്തെത്തി. സാമൂഹികമായും, വിദ്യാഭ്യാസപരമായും, സാമ്പത്തികമായും പിന്നാക്കമായതിന്റെ അടിസ്ഥാനത്തില്‍ സംവരണ അവകാശം അനുഭവിക്കുന്ന സമുദായങ്ങളെ ഇത് ബാധിക്കുമെന്നും അദ്ദേഹം ദി ഹിന്ദുവിനോട് പറഞ്ഞു.