കെ. സുധാകരന്റെ സുരക്ഷ ഇരട്ടിയാക്കി
Kerala News
കെ. സുധാകരന്റെ സുരക്ഷ ഇരട്ടിയാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 18th June 2022, 3:48 pm

കണ്ണൂര്‍: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ സുരക്ഷ ഇരട്ടിയാക്കി വര്‍ധിപ്പിച്ചു. കണ്ണൂര്‍ നാടാറിലെ വീടിന് സായുധ പൊലീസ് നിലവില്‍ കാവലുണ്ട്. യാത്രയില്‍ സായുധ പൊലീസിന്റെ അകമ്പടിയുമുണ്ടാകും. ആക്രമണ സാധ്യതയുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ വര്‍ധിപ്പിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധമുണ്ടായതിന് പിന്നാലെ കടുത്ത സംഘര്‍ഷമാണ് കണ്ണൂരില്‍ ഉണ്ടായിരുന്നത്. ഇതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍, എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ എന്നിവരുടെ വീടുകള്‍ക്ക് നേരെയും ആക്രമണ ഭീഷണിയുണ്ടായിരുന്നു. ഇതിനിടെ കെ. സുധാകരന്റെ ഭാര്യയുടെ വീടിന് നേരെയും കല്ലേറുണ്ടായിരുന്നു.

അതേസമയം, മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. മാര്‍ച്ചിനിടെ പ്രതിഷേധക്കാര്‍ പൊലീസിന്റെ ബാരിക്കേഡ് തള്ളി മാറ്റാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ഉണ്ടായത്.

പൊലീസിനുനേരെ കല്ലേറുണ്ടായി. സെക്രട്ടേറിയറ്റിനുള്ളിലേക്ക് കുപ്പിയെറിഞ്ഞു. പൊലീസ് തുടര്‍ച്ചയായി കണ്ണീര്‍ വാതകവും ഗ്രനേഡും ജലപീരങ്കിയും പ്രയോഗിച്ചു. നോര്‍ത്ത് ഗേറ്റിനോടു ചേര്‍ന്ന വശത്തുകൂടി സെക്രട്ടേറിയറ്റിന് അകത്തു കടക്കാന്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാത്തതിനെ തുടര്‍ന്ന് ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നു. ലാത്തിച്ചാര്‍ജില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

മുന്നൂറോളം പ്രവര്‍ത്തകരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. മാര്‍ച്ചിനെ തുടര്‍ന്ന് പാളയം മുതല്‍ പുളിമൂട് വരെ രണ്ട് വശങ്ങളിലും പൊലീസ് വലയമുണ്ടായിരുന്നു. എല്ലാ വശത്തും ബാരിക്കേഡ് കെട്ടി ഗതാഗതം പൂര്‍ണമായി തടഞ്ഞിട്ടുണ്ട്.