'കോണ്‍ഗ്രസിനേക്കാള്‍ വലുത് ഞാനാണെന്ന് ചിന്തിക്കുന്നവര്‍ക്കുള്ള തിരിച്ചടി'; മമ്പറം ദിവാകരന് കെ. സുധാകരന്റെ മറുപടി
Kerala News
'കോണ്‍ഗ്രസിനേക്കാള്‍ വലുത് ഞാനാണെന്ന് ചിന്തിക്കുന്നവര്‍ക്കുള്ള തിരിച്ചടി'; മമ്പറം ദിവാകരന് കെ. സുധാകരന്റെ മറുപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 5th December 2021, 9:33 pm

തിരുവനന്തപുരം: മമ്പറം ദിവാകരന്റെ പാനലിനെ പരാജയപ്പെടുത്തി തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി യു.ഡി.എഫ് പിടിച്ചെടുത്തതില്‍ പ്രതികരിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍.

പാര്‍ട്ടിയെ മറന്നു പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള തിരിച്ചടിയാണ് ഭരണസമിതിയിലെ യു.ഡി.എഫ് പാനലിന്റെ വിജയമെന്ന് സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസിനേക്കാള്‍ വലുത് താനാണെന്ന് ചിന്തിക്കുകയും വളര്‍ത്തിയ മഹാപ്രസ്ഥാനത്തിനെ മറന്നതിനും കാലം കരുതിവെച്ച തിരിച്ചടിയാണിതെന്നും സുധാകരന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

‘ഇവിടെ ചിലരെങ്കിലും ഉണ്ട്, പ്രവര്‍ത്തകരുടെ വിയര്‍പ്പു തുള്ളിയില്‍ കെട്ടിപ്പടുത്ത സ്ഥാപനങ്ങളില്‍ ഒരിക്കല്‍ കയറിയിരുന്നാല്‍ പിന്നെ പാര്‍ട്ടിയെ മറക്കും, പ്രവര്‍ത്തകരെ മറക്കും. എല്ലാം ഞാന്‍ ആണെന്ന തോന്നലും! കോണ്‍ഗ്രസിനേക്കാള്‍ വലുത് ഞാനാണെന്ന തോന്നലും
ഞാനെന്ന മനോഭാവത്തിനും വളര്‍ത്തിയ മഹാപ്രസ്ഥാനത്തിനെ മറന്നതിനും കാലം കരുതിവെച്ച തിരിച്ചടി,’ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

യു.ഡി.എഫ് പാനലിനെതിരെ മത്സരിച്ച് പരാജയപ്പെട്ട മമ്പറം ദിവാകരന്റെ പേര് പരാമര്‍ശിക്കാതെയാണ് സുധാകരന്റെ പരോക്ഷ വിമര്‍ശനം. ചുവര്‍ ഉണ്ടെങ്കിലേ ചിത്രം വരക്കാന്‍ കഴിയൂവെന്നും സുധാകരന്‍ ഓര്‍മ്മിപ്പിച്ചു.

അതേസമയം, മമ്പറം ദിവാകരന്റെ നേതൃത്വത്തിലുള്ള പാനലിനെതിരെ മത്സരം നടന്ന 12 സീറ്റും നേടിയാണ് തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിജയിച്ചത്.

ഔദ്യോഗിക പാനലിനെതിരെ മത്സരിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് മമ്പറം ദിവാകരനെ കോണ്‍ഗ്രസ് സസ്‌പെന്റ് ചെയ്തിരുന്നു. ദിവാകരന്റെ നേതൃത്വത്തില്‍ ബദല്‍ പാനല്‍ മത്സരിക്കുന്നത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് ആരോപിച്ച് കൊണ്ടായിരുന്നു ദിവാകരനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.

കെ. സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഈ വിജയം കോണ്‍ഗ്രസിന് ഇരട്ടിമധുരം പകരുന്നു. സാധാരണ പ്രവര്‍ത്തകരുടെ വിജയം, കോണ്‍ഗ്രസിന്റെ വിജയം!
ആരും പ്രസ്ഥാനത്തിന് മുകളില്‍ അല്ല, ആരും ഒഴിച്ചുകൂടാന്‍ പറ്റാത്തവരും അല്ല.
കോണ്‍ഗ്രസ് വികാരം നഷ്ടപ്പെട്ടാല്‍ ആരും ഒന്നും അല്ല എന്ന തിരിച്ചറിവ് ഉണ്ടാവണം.ആ തിരിച്ചറിവ് ആയിരം വട്ടം ഉദ്‌ഘോഷിക്കുന്നതാണ് ഇന്ദിരാ പ്രിയദര്‍ശിനിയുടെ പേരിലുള്ള
ആശുപത്രി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാനല്‍ നേടിയ ഉജ്ജ്വല വിജയം.
”ചുവര്‍ ഉണ്ടെങ്കിലേ ചിത്രം വരക്കാനാകൂ.”

ഇവിടെ ചിലരെങ്കിലും ഉണ്ട്, പ്രവര്‍ത്തകരുടെ വിയര്‍പ്പു തുള്ളിയില്‍
കെട്ടിപ്പടുത്ത സ്ഥാപനങ്ങളില്‍ ഒരിക്കല്‍ കയറിയിരുന്നാല്‍ പിന്നെ പാര്‍ട്ടിയെ മറക്കും, പ്രവര്‍ത്തകരെ മറക്കും. എല്ലാം ഞാന്‍ ആണെന്ന തോന്നലും!
കോണ്‍ഗ്രസിനേക്കാള്‍ വലുത് ഞാനാണെന്ന തോന്നലും
ഞാനെന്ന മനോഭാവത്തിനും
വളര്‍ത്തിയ മഹാപ്രസ്ഥാനത്തിനെ മറന്നതിനും കാലം കരുതിവെച്ച തിരിച്ചടി.

ഒന്ന് നിങ്ങള്‍ അറിയണം കണ്ണുതുറന്ന് കാണണം കേരളത്തിന്റെ തെരുവുകളിലേക്ക് നോക്കൂ…
ഇന്നലെകളില്‍ കണ്ട നൈരാശ്യം പിടിച്ച കോണ്‍ഗ്രസല്ല…ഒരു മനസ്സോടെ ഒരേ വികാരമായി ഒരു സാഗരം പോലെ
ത്രിവര്‍ണ്ണ പതാക ചോട്ടില്‍ ഒഴുകിയെത്തുന്ന ജനലക്ഷങ്ങള്‍… അവര്‍ക്ക് വ്യക്തികളല്ല വലുത്, കോണ്‍ഗ്രസ് മാത്രമാണ്.
കോണ്‍ഗ്രസ് മാത്രം!
ഇവിടെ ആര്‍ക്കും മാറിനില്‍ക്കാനാവില്ല, മുന്നോട്ട്… ജയ് കോണ്‍ഗ്രസ്!

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  KPCC President K. Sudhakaran response to the UDF capture of Thalassery Indira Gandhi Co-operative Hospital,