നാണവും മാനവും ഉണ്ടെങ്കില്‍ ഇനിയും കടിച്ചു തൂങ്ങിക്കിടക്കാതെ ആഭ്യന്തരമന്ത്രി സ്ഥാനം രാജിവെക്കാന്‍ പിണറായി വിജയന്‍ തയ്യാറാകണം: കെ. സുധാകരന്‍
Kerala News
നാണവും മാനവും ഉണ്ടെങ്കില്‍ ഇനിയും കടിച്ചു തൂങ്ങിക്കിടക്കാതെ ആഭ്യന്തരമന്ത്രി സ്ഥാനം രാജിവെക്കാന്‍ പിണറായി വിജയന്‍ തയ്യാറാകണം: കെ. സുധാകരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 17th April 2022, 7:56 pm

തിരുവനന്തപുരം: അടുത്തടുത്ത ദിവസങ്ങളില്‍ നടന്ന എസ്.ഡി.പി.ഐ, ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍.

പെറ്റിയടിക്കാനും കുറ്റിയടിക്കാനും മാത്രമായി കേരള പോലീസിനെ ഭരണകൂടം അധ:പതിപ്പിച്ചിരിക്കുന്നുവെന്നും ഒരു വകുപ്പ് പോലും നേരേ ചൊവ്വേ ഭരിക്കാനറിയാത്ത മനുഷ്യനെയാണ് കോടികള്‍ മുടക്കി പരസ്യം ചെയ്ത് കഴിവുള്ളവനാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതെന്നും സുധാകരന്‍ പറയുന്നു.

നാണവും മാനവും രാഷ്ട്രീയ ധാര്‍മികതയും ഉണ്ടെങ്കില്‍ ഇനിയും കടിച്ചു തൂങ്ങിക്കിടക്കാതെ ആഭ്യന്തരമന്ത്രി സ്ഥാനം രാജിവെക്കാന്‍ പിണറായി വിജയന്‍ തയ്യാറാകണമെന്നും അതിന് മടി കാണിച്ചാല്‍ ആഭ്യന്തരമന്ത്രിയെ മാറ്റാനുള്ള ധൈര്യം സി.പി.ഐ.എം കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ. സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്

എസ്.ഡി.പി.ഐയെയും ആര്‍.എസ്.എസ്-നെയും നിയന്ത്രിക്കാന്‍ പിണറായി വിജയന് കഴിവില്ല എന്ന് കോടിയേരി ബാലകൃഷ്ണന്‍ പരോക്ഷമായി വ്യക്തമാക്കിയിരിക്കുന്നു. മൂന്ന് വര്‍ഷത്തിനിടെ 1065 കൊലപാതകങ്ങള്‍ നടന്നുവെന്ന് മാധ്യമങ്ങള്‍ പറയുന്നു.

പെറ്റിയടിക്കാനും കുറ്റിയടിക്കാനും മാത്രമായി കേരള പോലീസിനെ ഭരണകൂടം അധ:പതിപ്പിച്ചിരിക്കുന്നു. ഒരു വകുപ്പ് പോലും നേരേ ചൊവ്വേ ഭരിക്കാനറിയാത്ത മനുഷ്യനെയാണ് കോടികള്‍ മുടക്കി പരസ്യം ചെയ്ത് കഴിവുള്ളവനാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചത്. എഴുതിക്കൊടുക്കുന്ന ചോദ്യങ്ങളുമായി ചെന്ന് പഞ്ചപുച്ഛമടക്കി പിണറായി വിജയന്റെ നാടകത്തിന് കൂട്ടുനിന്ന മാധ്യമങ്ങള്‍ക്കും കേരളത്തിന്റെ ദുരവസ്ഥയില്‍ പ്രധാന പങ്ക് ഉണ്ട്.

ഇപ്പോള്‍ പോലും മുഖ്യമന്ത്രിയോട് ശക്തമായ ചോദ്യങ്ങള്‍ ചോദിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാകുന്നില്ല. ശരിയായ പത്ര സമ്മേളനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിവില്ലാത്ത ആളാണ് പിണറായി വിജയന്‍ എന്ന സത്യം ജനം തിരിച്ചറിയരുതെന്ന് മാധ്യമങ്ങളിലെ സി.പി.ഐ.എം താരാട്ടുപാട്ടുകാര്‍ക്ക് നിര്‍ബന്ധമുണ്ട്.

ഒന്നോര്‍ക്കുക, ജാതി-മത- വര്‍ഗീയ ശക്തികളെ തരാതരം പോലെ പ്രീണിപ്പിച്ച് അധികാരം നിലനിര്‍ത്താന്‍ പിണറായി വിജയന് കഴിഞ്ഞിട്ടുണ്ടാകാം. പക്ഷേ ജനങ്ങളെ വര്‍ഗീയമായി തമ്മിലടിപ്പിച്ച് ഭരണകൂടത്തിന്റെ കഴിവുകേടുകളില്‍ നിന്ന് ശ്രദ്ധ തിരിക്കാമെന്ന് പിണറായി വ്യാമോഹിക്കേണ്ട.

നാണവും മാനവും രാഷ്ട്രീയ ധാര്‍മികതയും ഉണ്ടെങ്കില്‍ ഇനിയും കടിച്ചു തൂങ്ങിക്കിടക്കാതെ ആഭ്യന്തര മന്ത്രി സ്ഥാനം രാജിവെക്കാന്‍ പിണറായി വിജയന്‍ തയ്യാറാകണം. അതിന് മടി കാണിച്ചാല്‍ ആഭ്യന്തര മന്ത്രിയെ മാറ്റാന്‍ ഉള്ള ധൈര്യം സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി കാണിക്കണം. കാരണം പിണറായി വിജയന്റെ അധികാര മോഹത്തേക്കാള്‍ വലുതാണ് കേരളത്തിലെ ജനങ്ങളുടെ സുരക്ഷയും സമാധാനവും.

Content Highlight: KPCC President K Sudhakaran critisicing Chief Minister Pinarayi Vijayan over the recent killings of SDPI and RSS workers