ഓരോ ദിവസവും 25 കി.മീറ്റര്‍ പദയാത്ര, ആകെ 453 കി.മീറ്റര്‍; രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര സെപ്റ്റംബര്‍ 11ന് കേരളത്തില്‍
Kerala News
ഓരോ ദിവസവും 25 കി.മീറ്റര്‍ പദയാത്ര, ആകെ 453 കി.മീറ്റര്‍; രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര സെപ്റ്റംബര്‍ 11ന് കേരളത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 12th August 2022, 9:09 pm

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തില്‍ വിജയമാക്കാന്‍ കെ.പി.സി.സി തീരുമാനം. കന്യാകുമാരി മുതല്‍ കശ്മിര്‍ വരെ നടത്തുന്ന ഭാരത് ജോഡോ യാത്ര സെപ്റ്റംബര്‍ 11ന് സംസ്ഥാനത്ത് പ്രവേശിക്കും.

പാറശ്ശാല മുതല്‍ നിലമ്പൂര്‍ വരെ 19 ദിവസമായി 453 കി.മീറ്ററാണ് ഭാരത് യാത്ര കേരളത്തില്‍ പര്യടനം നടത്തുന്നത്. കേരള അതിര്‍ത്തിയായ കളിക്കാവിളയില്‍ നിന്നും ഭാരത് ജോഡോ യാത്രക്ക് വന്‍ സ്വീകരണം നല്‍കും. രാവിലെ 7 മുതല്‍ 10 വരെയും തുടര്‍ന്ന് വൈകുന്നേരം നാല് മുതല്‍ രാത്രി ഏഴ് വരെയുമായി ഓരോ ദിവസവും 25 കി.മീറ്റര്‍ ദൂരമാണ് പദയാത്ര വിവിധ പ്രദേശങ്ങളിലൂടെ കടന്ന് പോകുന്നത്.

തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ദേശീയ പാതവഴിയും തുടര്‍ന്ന് തൃശൂര്‍ നിന്നും നിലമ്പൂര്‍ വരെ സംസ്ഥാന പാതവഴിയുമാണ് ജാഥ കടന്ന് പോകുന്നത്.

കോണ്‍ഗ്രസിന്റെ തിരിച്ച് വരവിനെ മോദിയും ബി.ജെ.പിയും ഭയക്കുന്നതിനാലാണ് ദേശീതലത്തില്‍ വിലക്കയറ്റത്തിനെതിരെ എ.ഐ.സി.സി നടത്തിയ പ്രക്ഷോഭത്തെ മോദി പരിഹസിച്ചതെന്നും ബി.ജെ.പി ഭരണത്തിന് അന്ത്യം കുറിയ്ക്കാന്‍ കോണ്‍ഗ്രസിന് ശക്തി പകരുന്നതിന് തുടക്കം കുറിക്കലാവും രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭാരത് ജോഡോ യാത്രയെന്നും സമ്പൂര്‍ണ എക്സിക്യൂട്ടിവ് യോഗം ഉദ്ഘാടനം ചെയ്ത് എ.ഐ.സി.സി ജനറല്‍ സെക്രട്ടി കെ.സി. വേണുഗോപാല്‍ പറഞ്ഞു.

എ.കെ. ആന്റണി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.