'സി.പി.ഐ.എമ്മിന് എപ്പോഴാണ് ഇവര്‍ വര്‍ഗീയ പാര്‍ട്ടിയായത്?'; വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഹകരണം പരിഗണനയിലെന്ന് കെ.പി.എ മജീദ്
Kerala News
'സി.പി.ഐ.എമ്മിന് എപ്പോഴാണ് ഇവര്‍ വര്‍ഗീയ പാര്‍ട്ടിയായത്?'; വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഹകരണം പരിഗണനയിലെന്ന് കെ.പി.എ മജീദ്
ന്യൂസ് ഡെസ്‌ക്
Sunday, 21st June 2020, 1:08 pm

തിരുവനന്തപുരം: വെല്‍ഫെയര്‍ പാര്‍ട്ടിയെ പിന്തുണച്ച് മുസ്‌ലിം ലീഗ്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരണം പരിഗണനയിലുണ്ടെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു.

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പരസ്യമായ കൂട്ടുകെട്ടുണ്ടാക്കിയ സി.പി.ഐ.എമ്മിന് എന്നാണ് ഇവര്‍ വര്‍ഗീയ പാര്‍ട്ടിയായി മാറിയതെന്നും മജീദ് ചോദിച്ചു. തദ്ദേശതെരഞ്ഞെടുപ്പില്‍ സി.പി.ഐ.എം എസ്.ഡി.പി.ഐയുമായും വെല്‍ഫെയര്‍ പാര്‍ട്ടിയുമായും പരസ്യമായ സഖ്യത്തിലേര്‍പ്പെട്ടിട്ടുണ്ടെന്നും മജീദ് ആരോപിച്ചു.

‘സി.പി.ഐ.എമ്മിന് ഇത് പറയാനെന്താണ് അവകാശം? കഴിഞ്ഞ പ്രാദേശിക തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എം എല്ലാ ഇടങ്ങളിലും വെല്‍ഫെയര്‍ പാര്‍ട്ടിയുമായും എസ്ഡിപിഐയുമായും തുറന്ന സഖ്യത്തിലായിരുന്നു. ഇത് ഞങ്ങള്‍ നേരത്തെ ചൂണ്ടിക്കാണിച്ചതാണ്,’ മജീദ് പറഞ്ഞു.

കോഴിക്കോട്, മലപ്പുറം, പാലക്കാട്, ആലപ്പുഴ, തൃശ്ശൂര്‍, കോട്ടയം തുടങ്ങിയ ജില്ലകളില്‍ സി.പി.ഐ.എം വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യത്തിലായിരുന്നു. സി.പി.ഐ.എമ്മിനെ പിന്തുണയ്ക്കുമ്പോള്‍ വെല്‍ഫെയര്‍ പാര്‍ട്ടി ഒരു മതേതര പാര്‍ട്ടിയാവുന്നതും എതിര്‍ക്കുമ്പോള്‍ അല്ലാതാവുന്നത് എങ്ങനെയാണെന്ന് തനിക്ക് മനസിലാവുന്നില്ലെന്നും മജീദ് പറഞ്ഞു.

അതേസമയം വെല്‍ഫെയര്‍പാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പെടുന്നത് ശരിയല്ലെന്ന് യൂത്ത് ലീഗ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി ഒരു വര്‍ഗീയ പാര്‍ട്ടിയാണെന്നും യൂത്ത് ലീഗ് പറഞ്ഞിരുന്നു.

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പെടുമെന്ന് നേരത്തെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നെങ്കിലും മുസ്‌ലിം ലീഗ് നേതൃത്വം അത് എതിര്‍ക്കുകയായിരുന്നു. എന്നാല്‍ വീണ്ടും പരസ്യമായി വെല്‍ഫെയര്‍ പാര്‍ട്ടിയെ പിന്തുണയ്ക്കുന്ന നിലപാടുമായി രംഗത്തെത്തിയിരിക്കുകയാണ് ലീഗ്.

വാര്‍ത്താ സമ്മേളനത്തില്‍ ആരോഗ്യ മന്ത്രി കെ. കെ ശൈലജക്കെതിരായ പരാമര്‍ശത്തെ കെ.പി.എ മജീദ് തള്ളിപറയുകയും ചെയ്തു. പാര്‍ട്ടിയിലെ സമുന്നതനായ നേതാവിന് വ്യക്തിപരമായ പരാമര്‍ശം ഒഴിവാക്കാമായിരുന്നു എന്നാണ് മജീദ് പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക ‘