'ഇസ്‌ലാമോഫോബിയയുടെ നേര്‍ചിത്രം'; ജാഗ്രതക്കുറവല്ല, സര്‍ക്കാരിന് ഒളിച്ചോടാനാവില്ലെന്ന് കെ.പി.എ മജീദ്
Kerala News
'ഇസ്‌ലാമോഫോബിയയുടെ നേര്‍ചിത്രം'; ജാഗ്രതക്കുറവല്ല, സര്‍ക്കാരിന് ഒളിച്ചോടാനാവില്ലെന്ന് കെ.പി.എ മജീദ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th January 2023, 1:42 pm

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് അവതരിപ്പിക്കപ്പെട്ട സ്വാഗതഗാനത്തിന്റെ ദൃശ്യാവിഷ്‌കാരവുമായി ബന്ധപ്പെട്ട വിവാദത്തില്‍ സര്‍ക്കാരിനെതിരെ മുസ്‌ലിം ലീഗ് നേതാവ് കെ.പി.എ മജീദ് എം.എല്‍.എയും രംഗത്തെത്തി.

മുസ്‌ലിം വേഷധാരിയെ ഭീകരനായി ചിത്രീകരിച്ചത് പ്രതിഷേധാര്‍ഹമെന്ന് കെ.പി.എ മജീദ് പറഞ്ഞു.

സാഹോദര്യവും മതമൈത്രിയും ദേശസ്‌നഹവുമെല്ലാം പറയുന്ന ദൃശ്യാവിഷ്‌ക്കാരത്തില്‍ തീവ്രവാദിയായി മുസ്‌ലിം വേഷധാരിയെ ചിത്രീകരിച്ചത് യാദൃച്ഛികമല്ലെന്ന് വ്യക്തമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇസ്‌ലാമോഫോബിയയുടെ നേര്‍ചിത്രമാണിത്. ഭരണകൂടം തന്നെ വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തെ അവതരിപ്പിക്കുന്ന സമകാലീന ഇന്ത്യയില്‍ ഈ ചിത്രം ഇളം മനസ്സുകളില്‍ സൃഷ്ടിക്കുന്ന വിസ്ഫോടനം വലുതായിരിക്കുമെന്നും മുസ്‌ലിം ലീഗ് നേതാവ് ഫേസ്ബുക്കില്‍ കുറിച്ചു.

ഇത് ജാഗ്രതക്കുറവായി തള്ളിക്കളയേണ്ട വിഷയമല്ലെന്നും, സര്‍ക്കാരിനും സംഘാടകര്‍ക്കും ഉത്തരവാദിത്തത്തില്‍നിന്ന് ഒളിച്ചോടാനാവില്ലെന്നും കെ.പി.എ മജീദ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇളം തലമുറകളുടെ മനസിലേക്ക് പോലും ഇസ്‌ലാം ഭീതി സൃഷ്ടിക്കുന്ന ചിത്രീകരണമാണ് കലോത്സവവേദിയില്‍ നടന്നതെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രിയും ലീഗ് നേതാവുമായ പി.കെ. അബ്ദുറബ്ബും ആരോപിച്ചു.

സംഭവം നടക്കുമ്പോള്‍ തിരിഞ്ഞ് നിന്ന് അതിനെതിരെ ചോദിക്കാന്‍ ആരുമുണ്ടായില്ലെന്നും അബ്ദുറബ്ബ് പറഞ്ഞു.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ക്യാപ്റ്റന്‍ വിക്രം മൈതാനിയില്‍ അരങ്ങേറിയ സ്വാഗത ഗാനത്തിലെ ദൃശ്യാവിഷ്‌കാരത്തിനെതിരെയാണ് വിമര്‍ശനം വന്നത്.

കവി പി.കെ. ഗോപിയുടെ വരികള്‍ക്ക് കെ. സുരേന്ദ്രന്‍ സംഗീതസംവിധാനമൊരുക്കിയതാണ് ഇത്തവണത്തെ സ്വാഗതഗാനം. ഇതിന് മാതാ പേരാമ്പ്ര ഒരുക്കിയ ദൃശ്യത്തിന് എതിരെയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.

ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരത്തില്‍ ഇന്ത്യന്‍ സുരക്ഷ സേന പിടികൂടുന്ന തീവ്രവാദിയെ അറബി ശിരോവസ്ത്രമായ കഫിയ്യ ധരിച്ചയാളുടെ വേഷത്തില്‍ അവതരിപ്പിച്ചതിനെതിരെയാണ് വിമര്‍ശനം.

എന്നാല്‍, അങ്ങനെയൊന്നും ചിന്തിച്ച് ചെയ്തതല്ലെന്നും ക്യാപ്റ്റന്‍ വിക്രം കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടതിന്റെ ദൃശ്യാവിഷ്‌കാരമാണ് ഉദ്ദേശിച്ചതെന്നുമാണ് ദൃശ്യ സംവിധാനം ഒരുക്കിയ മാതാ പേരാമ്പ്രയുടെ ഡയറക്ടര്‍ കനകദാസ് പ്രതികരിച്ചത്.

കെ.പി.എ മജീദിന്റെ ഫേസ്ബുക്ക് കുറിപ്പ്:

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് അവതരിപ്പിക്കപ്പെട്ട സംഗീത ശില്‍പത്തില്‍ മുസ്ലിം വേഷധാരിയെ ഭീകരനായി ചിത്രീകരിച്ചത് പ്രതിഷേധാര്‍ഹമാണ്.

സാഹോദര്യവും മതമൈത്രിയും ദേശസ്‌നേഹവുമെല്ലാം പറയുന്ന ദൃശ്യാവിഷ്‌ക്കാരത്തില്‍ തീവ്രവാദിയായി മുസ്‌ലിം വേഷധാരിയെ ചിത്രീകരിച്ചത് യാദൃച്ഛികമല്ല എന്ന് വ്യക്തമാണ്.

ഇസ്‌ലാമോഫോബിയയുടെ നേര്‍ചിത്രമാണിത്. ഭരണകൂടം തന്നെ വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തെ അവതരിപ്പിക്കുന്ന സമകാലീന ഇന്ത്യയില്‍ ഈ ചിത്രം ഇളംമനസുകളില്‍ സൃഷ്ടിക്കുന്ന വിസ്ഫോടനം വലുതായിരിക്കും.

മൈതാനം കാണുമ്പോള്‍ കയ്യടിക്ക് വേണ്ടി ഘോരഘോരം പ്രസംഗിക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും കാഴ്ചക്കാരായി ഇരിക്കുമ്പോഴാണ് ഈ സംഗീത ശില്‍പം അവതരിപ്പിക്കപ്പെട്ടത്.

ഇത് ജാഗ്രതക്കുറവായി തള്ളിക്കളയേണ്ട വിഷയമല്ല. സര്‍ക്കാരിനും സംഘാടകര്‍ക്കും ഉത്തരവാദിത്തത്തില്‍നിന്ന് ഒളിച്ചോടാനാവില്ല. ബന്ധപ്പെട്ടവര്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കണം.

Content Highlight: KPA Majeed Against kerala Government over School Kalolsavam Controversy