മൂന്ന് പേര്‍ക്ക് പുതുജീവനേകി സംഗീത ടീച്ചര്‍ യാത്രയായി
Kerala News
മൂന്ന് പേര്‍ക്ക് പുതുജീവനേകി സംഗീത ടീച്ചര്‍ യാത്രയായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 24th December 2020, 6:02 pm

കോഴിക്കോട്: തലച്ചോറില്‍ രക്തസ്രാവം സംഭവിച്ചതിനെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച കണ്ണൂര്‍ പാലയാട് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അദ്ധ്യാപിക സംഗീത കെ.പി മരണാനന്തര അവയവദാനത്തിലൂടെ മൂന്ന് പേര്‍ക്ക് പുതുജീവനേകി.

കഴിഞ്ഞ ദിവസം രാത്രി ശക്തമായ തലവേദന ഉണ്ടായതിനെ തുടര്‍ന്ന് തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംഗീത ടീച്ചറെ ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്നാണ് അടുത്ത ദിവസം കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ എത്തിച്ചത്.

ഇതിനോടകം തന്നെ ആരോഗ്യാവസ്ഥ സങ്കീര്‍ണ്ണമായി മാറുകയും ബുധനാഴ്ച വൈകീട്ടോടെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയുമായിരുന്നു.

സാമൂഹികമായ ഇടപെടലുകളില്‍ സജീവമായിരുന്ന സംഗീത ടീച്ചര്‍ നേരത്തെ തന്നെ മരണാനന്തര അവയവദാനത്തിനുള്ള താല്‍പര്യം സഹപ്രവര്‍ത്തകരോടും കുടുംബത്തോടും പങ്കുവെച്ചിരുന്നു. അവയവദാനത്തിനുള്ള സാധ്യതകളെക്കുറിച്ച് ആസ്റ്റര്‍ മിംസിലെ ഡോക്ടര്‍മാര്‍ കുടുംബത്തോട് സംസാരിക്കുകയും തുടര്‍ന്ന് കുടുംബം അവയവദാനത്തിന് തയ്യാറാവുകയുമായിരുന്നു.

രാത്രിയോടെ തന്നെ ആശുപത്രി അധികൃതര്‍ സര്‍ക്കാരുമായി ബന്ധപ്പെടുകയും, ആരോഗ്യമന്ത്രിയുടെ ഓഫീസിന്റെ ഉള്‍പ്പെടെയുള്ള ഇടപെടലുകളോടെ രാത്രി തന്നെ അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്താനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടാക്കി.

മൃതസഞ്ജീവനിയില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്ന അവയവങ്ങള്‍ സ്വീകരിക്കാന്‍ അനുയോജ്യരായവരെ കണ്ടെത്തി രാത്രി തന്നെ ശസ്ത്രക്രിയ ആരംഭിച്ചു. രാത്രി 10 മണിയോടെ ആരംഭിച്ച ശസ്ത്രക്രിയ രാവിലെ 10 മണിയോടെയാണ് പൂര്‍ത്തിയായത്.

സംഗീത ടീച്ചറുടെ ഭര്‍ത്താവ് ഷാജേഷ് പ്രവാസിയാണ്. കുവൈത്തില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം ലീവില്‍ നാട്ടിലെത്തിയതാണ്. മക്കള്‍ പുണ്യ (എഞ്ചിനിയറിംഗ് കോളേജ് കണ്ണൂര്‍), പൂജ (സേക്രഡ് ഹാര്‍ട്ട് സ്‌കൂള്‍)

ലിവര്‍ ട്രാന്‍സ്പ്ലാന്റ് വിഭാഗം സര്‍ജന്മാരായ ഡോ. സജീഷ് സഹദേവന്‍, ഡോ. നൗഷിഫ്, ഡോ. അഭിഷേക് രാജന്‍, ഡോ. സീതാലക്ഷ്മി, യൂറോളജിവിഭാഗം സര്‍ജന്മാരായ ഡോ. രവികുമാര്‍, ഡോ. അഭയ് ആനന്ദ്, ഡോ. സുര്‍ദാസ് ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം മേധാവി ഡോ. അനീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള ടീം, നെഫ്രോളജി വിഭാഗം മേധാവി ഡോ. സജിത്ത് നാരായണന്റെ നേതൃത്വത്തിലുള്ള ടീം, അനസ്‌തേഷ്യവിഭാഗം മേധാവി ഡോ. കിഷോര്‍ കുമാറും ട്രാന്‍സ്പ്ലാന്റ് അനസ്തറ്റിസ്റ്റ് ഡോ. രാഗേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള ടീമുമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം വഹിച്ചത്. ട്രാന്‍സ്പ്ലാന്റ് കോര്‍ഡിനേറ്റര്‍ അന്‍ഫി മിജോ കോര്‍ഡിനേഷന്‍ നിര്‍വ്വഹിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ