അറിയാനും അറിയിക്കാനുമുള്ള അവകാശത്തിന് നേരെയുള്ള കടന്നാക്രമണമാണ് ഈ കേസ്
Freedom of Press
അറിയാനും അറിയിക്കാനുമുള്ള അവകാശത്തിന് നേരെയുള്ള കടന്നാക്രമണമാണ് ഈ കേസ്
കെ.പി. റെജി
Sunday, 30th January 2022, 4:09 pm
വാര്‍ത്താശേഖരണത്തിനു പോകുന്ന മാധ്യമ പ്രവര്‍ത്തകരെ അന്യായമായി തടങ്കലിലാക്കുകയും രാഷ്ട്രീയ നേട്ടത്തിനായി രാജ്യദ്രോഹക്കുറ്റം ചുമത്തി പീഡിപ്പിക്കുകയും ചെയ്യുന്ന ഉത്തരേന്ത്യന്‍ മാതൃകയില്‍നിന്നു വ്യത്യസ്തമല്ല ഈ സംഭവവും.

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ പേരില്‍ റിപ്പോര്‍ട്ടര്‍ ചാനലിനും ചീഫ് എഡിറ്റര്‍ എം.വി. നികേഷ് കുമാറിനുമെതിരെ കേസെടുത്ത പൊലീസ് നടപടി അങ്ങേയറ്റം അപലപനീയമാണ്. വാര്‍ത്തകളുടെ പേരില്‍ മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവത്തകര്‍ക്കുമെതിരെ കേസെടുക്കുന്നത് ജനാധിപത്യ വ്യവസ്ഥയ്ക്ക് നിരക്കുന്ന പ്രവൃത്തിയല്ല. അറിയാനുള്ള ജനങ്ങളുടെ അവകാശത്തിനും അറിയിക്കാനുള്ള മാധ്യമങ്ങളുടെ അവകാശത്തിനും നേരെയുള്ള കടന്നാക്രമണമാണിത്.

മാധ്യമ സ്വാതന്ത്ര്യത്തിനും ജനാധിപത്യാവകാശങ്ങള്‍ക്കും നേരെയുള്ള വെല്ലുവിളി. കേരളത്തിലെ ഏറ്റവും മുതിര്‍ന്ന ദൃശ്യമാധ്യമ പ്രവര്‍ത്തകരിലൊരാളായ നികേഷ് കുമാറിനെതിരെ കേസെടുത്തത് ഉന്നത തലത്തില്‍ അറിയാതെയാണ് എന്നു വിശ്വസിക്കുക പ്രയാസമാണ്. അറിഞ്ഞില്ലെങ്കില്‍ അതു പൊലീസ് സംവിധാനത്തിന്റെയും നിയമപാലന നടപടിക്രമങ്ങളുടെയും അക്ഷന്തവ്യമായ വീഴ്ചയാണ്. അപ്പോഴും ഉത്തരവാദിത്തത്തില്‍നിന്ന് അധികാരികള്‍ക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ല.

എം.വി. നികേഷ് കുമാര്‍

വിചാരണ കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയം പ്രസ്തുത കോടതിയുടെ അനുമതിയില്ലാതെ പ്രസിദ്ധീകരിച്ചാല്‍ കേസെടുക്കാനുള്ള ഐ.പി.സി സെക്ഷന്‍ 228 എ(3) അനുസരിച്ചാണ് റിപ്പോര്‍ട്ടറിനെതിരെ കേസെടുത്തിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും സംഘവും ഗൂഢാലോചന നടത്തിയെന്ന നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറുമായുള്ള അഭിമുഖം അടക്കമുള്ള റിപ്പോര്‍ട്ടുകള്‍ കേസിന് ആധാരമായിട്ടുണ്ടെന്നാണു മനസ്സിലാവുന്നത്.

വിചാരണ നടക്കുന്ന കേസില്‍ നിലവില്‍ ഒരു നിലയ്ക്കും ബന്ധമില്ലാതിരുന്ന ഒരാളുമായുള്ള അഭിമുഖം എങ്ങനെയാണ് ഈ വകുപ്പിന്റെ പരിധിയില്‍ വരിക. അതും പരാതിക്കാരില്ലാതെ സ്വമേധയാ കേസ് എടുത്തിരിക്കുന്നു എന്നു പറയുമ്പോള്‍ പൊലീസ് സ്വയം തങ്ങളെത്തന്നെയാണു തള്ളിപ്പറയുന്നത്; അല്ലെങ്കില്‍ പ്രതിക്കുട്ടില്‍ നിര്‍ത്തുന്നത്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ദിലീപ് വധ ഗൂഢാലോചന നടത്തി എന്ന കേസിന്റെ അടിസ്ഥാനം എന്നതുപോലും മറന്നുകൊണ്ടുള്ളതാണ് പൊലീസ് നടപടി.

വാര്‍ത്താശേഖരണത്തിനു പോകുന്ന മാധ്യമ പ്രവര്‍ത്തകരെ അന്യായമായി തടങ്കലിലാക്കുകയും രാഷ്ട്രീയ നേട്ടത്തിനായി രാജ്യദ്രോഹക്കുറ്റം ചുമത്തി പീഡിപ്പിക്കുകയും ചെയ്യുന്ന ഉത്തരേന്ത്യന്‍ മാതൃകയില്‍നിന്നു വ്യത്യസ്തമല്ല ഈ സംഭവവും. ജനാധിപത്യ മൂല്യങ്ങളില്‍ വിശ്വസിക്കുന്ന എല്ലാവരും ഇതിനെതിരെ രംഗത്തുവരേണ്ടതുണ്ട്.

Content Highlight: KP Reji  writes about  Police actions against Reporter Tv and MV Nikesh Kumar

കെ.പി. റെജി
മാധ്യമപ്രവര്‍ത്തകന്‍, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡണ്ട്