എഡിറ്റര്‍
എഡിറ്റര്‍
‘നാടുകടത്തപ്പെട്ട ഈ മനുഷ്യനും മലയാളി മാധ്യമ പ്രവര്‍ത്തകനാണ്!’; കെ.പി. റഷീദ് എഴുതുന്നു
എഡിറ്റര്‍
Friday 31st March 2017 4:11pm


വിദൂരമായ ഇന്ത്യന്‍ ഉള്‍നാടുകളില്‍ ചെയ്യാത്ത കുറ്റത്തിന്, കൊടും പീഡകള്‍ അനുഭവിച്ച്, വെന്ത് പുകയുന്നുണ്ട് കുറേയേറെ മനുഷ്യര്‍. അവര്‍ക്കു പേര് മാധ്യമ പ്രവര്‍ത്തകര്‍! മാധ്യമ വേശ്യകള്‍ എന്ന് ഫേസ് ബുക്ക് ഭാഷയില്‍ നാം വിളിക്കുന്ന അതേ കൂട്ടര്‍!


കുറച്ചു നാള്‍ മുമ്പ് അവിചാരിതമായാണ് അവനെ കണ്ടത്. പഠിക്കുന്ന കാലം മുതലുള്ള സുഹൃത്ത്. ഏതാണ്ട് ഒരേ കാലത്താണ് മാധ്യമ പ്രവര്‍ത്തനം തുടങ്ങിയത്. നല്ല ജേണലിസ്റ്റ് ആയിരുന്ന അവന്‍ പക്ഷേ ഇപ്പോള്‍ ജോലി വിട്ടു.

അര്‍ഹമായ ആനുകൂല്യങ്ങള്‍ക്ക് വേണ്ടി ജേണലിസ്റ്റ് യൂനിയന്റെ നേതൃത്വത്തില്‍ ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ അനാവശ്യമായി ബലിയാടാക്കപ്പെട്ട വലിയൊരു സംഘം മാധ്യമപ്രവര്‍ത്തകരില്‍ ഒരാളാണവന്‍. ‘സാംസ്‌കാരിക നായകന്‍’ കൂടിയായ മുതലാളി തൊഴിലാളികളെ ഇരു വശങ്ങളിലേക്ക് വിഭജിച്ച് നടത്തിയ വെട്ടിനിരത്തലിനെ തുടര്‍ന്ന് വിദൂര സംസ്ഥാനങ്ങളിലേക്ക് സ്ഥലം മാറ്റപ്പെട്ട അനേകം ജേണലിസ്റ്റുകളില്‍ ഒരാള്‍. സഹികെട്ട്, അന്ന് അവനടക്കം ആറേഴു പേര്‍ രാജിക്കത്ത് നല്‍കി ഇറങ്ങിപ്പോന്നു. ഒരാള്‍ പുറത്താക്കപ്പെട്ടു.
അന്നവനൊപ്പം വിദൂര സ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റ ശിക്ഷയ്ക്ക് വിധേയമാക്കപ്പെട്ട സഹപ്രവര്‍ത്തകരെ കുറിച്ച് ആരാഞ്ഞപ്പോഴാണ് ആ മനുഷ്യന്റെ കഥ അവന്‍ പറഞ്ഞത്. അദ്ദേഹത്തെ കുറിച്ച് ഞാനാദ്യം കേള്‍ക്കുകയായിരുന്നു.


Also Read: വീണ്ടും ന്യായീകരണവുമായി സി.ഇ.ഒ; വാര്‍ത്ത ചെയ്ത രീതി വെളിപ്പെടുത്തിയില്ല എന്നതുമാത്രമാണ് വീഴ്ചയെന്ന് വാദം


ഏറെക്കാലം അവന്റെ സഹപ്രവര്‍ത്തകന്‍ ആയിരുന്നു അദ്ദേഹം. വെറും സഹപ്രവര്‍ത്തകനല്ല, ഡെസ്‌കിലെ ചീഫ് സബ് എഡിറ്റര്‍. കരിയറിലെ പ്രചോദനകേന്ദ്രങ്ങളില്‍ ഒന്ന്.

‘നല്ല വായനയും ലോകപരിചയവുമുള്ള, ജീവിതത്തില്‍ നിലപാടുകള്‍ക്ക് ഏറെ പ്രാധാന്യം കല്‍പ്പിച്ചിരുന്ന ഒരു മനുഷ്യന്‍’.

അവന്‍ അദ്ദേഹത്തെ പരിചയപ്പെടുത്തി.

‘തികഞ്ഞ ഗാന്ധിയന്‍ ആയിരുന്നു. അത് പക്ഷെ കെട്ടിലും മട്ടിലുമല്ല. ആദര്‍ശങ്ങളുടെ കാര്യത്തിലാണ്. ശരിയെന്ന് തോന്നുന്നതേ ചെയ്യൂ. ഒന്നിനോടും ഒന്നിന്റെ പേരിലും സമരസപ്പെടില്ല.ജോലിയോടുള്ള നിലപാട് തന്നെ ഉദാഹരണം. ജോലി ചെയ്യാതെ ശമ്പളം വാങ്ങില്ലെന്ന് നിര്‍ബന്ധമായിരുന്നു. സമരത്തിന്റെ ഘട്ടത്തിലേക്ക് യൂനിയന്‍ വലിച്ചിഴക്കപ്പെട്ട നേരത്ത് അദ്ദേഹം മുന്നോട്ട് വെച്ച സമര രീതികളെ കുറിച്ചറിഞ്ഞാല്‍ നിനക്കത് മനസ്സിലാവും’.

‘എന്ത് സമരരീതി?’

രണ്ട് നിര്‍ദേശങ്ങള്‍. രണ്ടു രീതികളും അംഗീകരിക്കപ്പെട്ടില്ല. കാരണം അവയുടെ ശക്തി അത്തരമൊരു മനസ്സിനല്ലാതെ മനസ്സിലാവുകയേ ഇല്ല. ജോലി ചെയ്യാതുള്ള ഒരു സമരത്തിലും കാര്യമില്ലെന്ന് ഉറച്ച് വിശ്വസിച്ചിരുന്നു അദ്ദേഹം. ശമ്പളം വാങ്ങുന്ന സ്ഥിതിക്ക് ജോലി ചെയ്തേ പറ്റൂ. ആ നിലപാടായിരുന്നു ആ നിര്‍ദേശങ്ങളുടെ അടിനൂല്‍.


In Case You Missed It: ‘ ഒരു നൂറു വട്ടം ചോദിച്ചതാണ് തെമ്മാടിത്തരമാണോ ചെയ്തത് എന്ന് ‘;മംഗളം സി.ഇ.ഒയ്‌ക്കെതിരെ പൊട്ടിത്തെറിച്ചും  പിന്നാലെ രാജിവെച്ചും ഡെപ്യുട്ടി എഡിറ്റര്‍


കൈത്തണ്ടയില്‍ ഒരു കറുത്ത റിബണ്‍ കെട്ടി ജോലി ചെയ്യുക എന്നതായിരുന്നു ഒന്ന്. പ്രതിഷേധം ജ്വലിക്കുന്ന മനസ്സോടെ ജോലി ചെയ്യുക. മറ്റുള്ളവരെ കാണിക്കാനല്ല. അനീതിയോടുള്ള പ്രതിഷേധം സ്വയം അറിയിക്കാനും സ്വയം ബോധ്യപ്പെടുത്താനുമാണത്. മറ്റുള്ളവരെയല്ല, അവരവരെയാണ് ഓരോ പ്രതിഷേധവും ബോധ്യപ്പെടുത്തേണ്ടത്. ഇതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

ഓഫീസ് കാന്റീന്‍ ബഹിഷ്‌കരിച്ച് ജോലി ചെയ്യുക എന്നതായിരുന്നു അടുത്ത നിര്‍ദേശം. അതിന്റെയും ഫിലോസഫി ഇത് തന്നെ. ആരെയും കാണിക്കാനല്ല, സ്വയം ബോധ്യപ്പെടുത്താനുള്ള പ്രതിഷേധം. പട്ടിണി കിടക്കുമ്പോള്‍ ഉള്ളില്‍ എരിയുന്നത് പൂര്‍ണ്ണ സമര്‍പ്പണവും സത്യസന്ധതയും ആയിരിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു’

ഇന്നേ വരെ ഞാന്‍ അറിയാത്ത ഒരു മനുഷ്യന്‍ ഉള്ളിനുള്ളില്‍ അമ്പരപ്പിക്കുന്ന ശക്തിയോടെ തൊടുന്നതറിഞ്ഞ് ഞാന്‍ അന്തം വിട്ട് നില്‍ക്കെ അവന്‍ തുടര്‍ന്നു.

‘ജോലിയിലും മിടുക്കനായിരുന്നു. സൂക്ഷ്മത. കൃത്യത. പക്വത. എന്നാല്‍, സ്വയം പ്രമോട്ട് ചെയ്യാനോ പ്രശസ്തനാവാനോ ഒന്നും നിന്നു കൊടുത്തില്ല. നിശ്ശബ്ദമായിട്ടായിരുന്നു എല്ലാ കാര്യങ്ങളും. യൂനിയന്റെ നല്ല കാലത്ത് നേതൃത്വത്തില്‍ വരാന്‍ ഒരിക്കലും നിന്നില്ല. എന്നാല്‍, ഒപ്പമുള്ളവര്‍ തന്നെ കൂറുമാറിയ, ചെറിയ വിയോജിപ്പ് പോലും കടുത്ത ശിക്ഷാനടപടികള്‍ വിളിച്ചു വരുത്തിയ ഏറ്റവും ദുസ്സഹമായ കാലത്ത് യൂനിയന്‍ പ്രവര്‍ത്തനത്തിന്റെ മുന്നില്‍ നില്‍ക്കാന്‍ ധീരത കാണിച്ചു. ന്യൂസ് എഡിറ്റര്‍ ആയിരിക്കവെയാണ് പണിഷ്മെന്റ് ട്രാന്‍സ്ഫര്‍. ആന്ധ്രയിലെ വിജനമായ വിദൂരമായ ഏതോ ഉള്‍ഗ്രാമത്തിലെ ലേഖകനായി സ്ഥലം മാറ്റം. ഒരു യൂനിറ്റിന്റെ വാര്‍ത്തകളുടെ പൂര്‍ണ്ണ ചുമതല ഉള്ള ഒരാള്‍ ഒറ്റ ദിവസം കൊണ്ട് ഒരൊറ്റ പത്രം പോലുമില്ലാത്ത, മലയാളിക്കറിയേണ്ട ഒരു വാര്‍ത്തയും വരാന്‍ സാധ്യത ഇല്ലാത്ത ഏതോ ഗ്രാമത്തിലെ പ്രാദേശിക ലേഖകന്‍ ആവുന്ന മാജിക്ക്’

‘അവിടെയെന്ത് ചെയ്യും ആ മനുഷ്യന്‍?’


Also Read: ‘നാണംകെട്ട കപടനാടകക്കാരെ കൂവിയിരുത്തിയ കേരളജനതയ്ക്ക് അഭിവാദ്യങ്ങള്‍’; മംഗളത്തിന്റെ ഏറ്റു പറച്ചിലില്‍ പ്രതികരണവുമായി പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ടി.എം ഹര്‍ഷന്‍


എന്ത് ചെയ്യാന്‍. ഒരു ലോഡ്ജ് പോലുമില്ലാത്ത ആ ഗ്രാമത്തിലെ ഏതോ ഒരു വീടിന്റെ ചായ്പ്പില്‍ താമസം. സദാ ചുട്ടുപൊള്ളുന്ന ഗ്രാമത്തിലെ തകരപ്പാളി മേഞ്ഞ ഉഷ്ണമുറിയില്‍ ശാന്തമായി ജീവിതം. പത്രത്തിനു വേണ്ടെങ്കിലും എന്നും എന്തേലും വാര്‍ത്ത അയക്കുന്നുണ്ടാവണം ഇപ്പോഴും. മലയാളി വായനക്കാര്‍ക്ക് താല്‍പ്പര്യം കാണാന്‍ ഇടയില്ലാത്ത ആ വാര്‍ത്തകള്‍ ഒരു ഡെസ്‌കും കൊടുക്കാനും സാധ്യതയില്ല. ജോലി ചെയ്യാതെ ശമ്പളം വാങ്ങരുതെന്ന് വിശ്വസിക്കുന്നതിനാല്‍ അതിനു തന്നെയാണ് സാധ്യത.

‘അപ്പോ കുടുംബമോ?’

അവര്‍ നാട്ടില്‍ തന്നെ. അദ്ദേഹം അവിടെയും. എങ്കിലും ആ മനുഷ്യന്‍ നിരാശനേയല്ല. ഇടയ്ക്ക് സംസാരിച്ചപ്പോഴൊക്കെ ജീവിതത്തെ പ്രതീക്ഷകളോടെ കാണുന്ന ഒരാളെയാണ് കേട്ടത്. എല്ലാറ്റിലും നന്മ കാണുന്നൊരു മനുഷ്യന്‍.

‘അന്ന് നിങ്ങള്‍ കുറേ പേര്‍ ഇത് പോലെ സ്ഥലം മാറ്റപ്പെട്ടില്ലേ? അവരൊക്കെ എവിടെയാണ്?’
നോര്‍ത്ത് ഈസ്റ്റിലെ വിദൂര സ്ഥലങ്ങളിലും മറ്റുമായിരുന്നു സ്ഥലം മാറ്റം. പട്ടാളം ഭരിക്കുന്ന വടക്ക് കിഴക്കന്‍ പ്രദേശങ്ങളിലൊന്നില്‍ എത്തിപ്പെട്ട ഒരു റിപ്പോര്‍ട്ടര്‍ നേരിട്ട ചോദ്യം ഇവിടെന്തിന് ഒരു മലയാളം പത്ര ബ്യൂറോ എന്നതായിരുന്നു. ടെററിസ്റ്റ് ആയിരിക്കാമെന്ന നിഗമനത്തില്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു അയാളുടെ ജീവിതം. ഇതേ പോലെ ഒരൊറ്റ വാര്‍ത്തയും നല്‍കാനില്ലാത്ത സ്ഥലങ്ങളില്‍ ഏകാന്തതടവു അനുഭവിച്ചത് നിരവധി പേരാണ്. ഞാനടക്കം പലരും രാജിവെച്ചു. നിവൃത്തിയില്ലാത്തവര്‍ ആ സമര കാലം കഴിഞ്ഞ് ഇത്ര നാള്‍ പിന്നിട്ടിട്ടും അതേ പോലെ തുടരുന്നു. ഇത് പോലെ ചിലര്‍ മാത്രം ഏകാന്ത തടവുകാര്‍ക്ക് സഹജമായ വിധം ഭ്രാന്ത് പിടിക്കാതിരിക്കാന്‍ ജീവിതത്തെ സ്നേഹിക്കാനുള്ള ന്യായങ്ങള്‍ കണ്ടെത്തുന്നു.’

അവന്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ എന്റെ കണ്ണില്‍ ഇരുട്ട് കയറി. സ്റ്റാലിന്‍ സൈബീരിയയിലേക്ക് തള്ളിയ പച്ച മനുഷ്യരെക്കുറിച്ചുള്ള പുസ്തകത്തിന്റെ ഓര്‍മ്മ തൊണ്ടയില്‍ വന്ന് പൊള്ളി.


Don’t Miss: ‘കുറ്റം സ്ത്രീകളുടേതാണ്; അവരുടെ പോരായ്മകളാണ് പുരുഷന്മാരെ തെറ്റിലേക്കു നയിക്കുന്നത്’ ശശീന്ദ്രന്‍ വിഷയത്തില്‍ കടുത്ത സ്ത്രീവിരുദ്ധ നിലപാടുമായി അബ്ദുല്‍സമദ് പൂക്കോട്ടൂര്‍


എനിക്കിപ്പോള്‍ ആ വീട് കാണാനാവുന്നുണ്ട്. ആന്ധ്രയിലെ ചുട്ടുപൊള്ളുന്ന ആ ഗ്രാമവും. ആ വീടിന്റെ ഒരറ്റത്തെ തീച്ചൂടുള്ള ചായ്പ്പ്. അവിടെ ഗ്രാമീണര്‍ക്കൊന്നും ഇനിയും പിടി കിട്ടാന്‍ ഇടയില്ലാത്ത കാരണത്താല്‍ വെറുതെ കഴിഞ്ഞു പോകുന്ന ഒരു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ജോലിയോടും ജീവിതത്തോടും പുലര്‍ത്തിയ സത്യസന്ധതയും നിര്‍ഭയത്വവുമാണ് അയാളുടെ തലയ്ക്ക് മോളില്‍ ജ്വലിക്കുന്ന ആ സൂര്യന്‍.
പ്രമുഖ മാധ്യമ പ്രവര്‍ത്തകരെക്കുറിച്ചാലോചിക്കുമ്പോള്‍ നമ്മുടെ മുന്നിലെത്തുന്ന ഒന്നാം പേജ് ബൈലൈനുകളിലോ ചാനല്‍ വാര്‍ത്താ അവതാരകര്‍ക്കിടയിലോ ഒന്നും ഈ മനുഷ്യന് ഇടമുണ്ടാവാന്‍ ഒരു സാധ്യതയുമില്ല. സെലബ്രിറ്റി ജേണലിസ്റ്റുകളെയും സെല്‍ഫ് പ്രമോഷന്‍ ഗിമ്മിക്കുകളിലൂടെ അതാവാന്‍ കിതയ്ക്കുന്നവരെയും മാത്രം പരിചയമുള്ളവരുടെ മാധ്യമ ധാരണകളിലും ഈ മനുഷ്യന്റെ പേരേ വരില്ല.

നമ്മളാരും അയാളെ അറിയാനുമിടയില്ല. തിരുവിതാം കൂറില്‍നിന്ന് മലബാറിലേക്ക് നാടുകടത്തപ്പെട്ട സ്വദേശാഭിമാനിയുടെ കഥ പറഞ്ഞ് ഇപ്പോഴും വിജൃംഭിക്കുന്ന നമ്മുടെ മാധ്യമപ്രവര്‍ത്തന വീരഗാഥകളിലൊന്നും പൊള്ളുന്ന തീയിലേക്ക് നാടുകടത്തപ്പെട്ട ഈ മനുഷ്യനോ സമാനമായ തീ തിന്നു കഴിയുന്നവര്‍ക്കോ ഒരിക്കലും ഇടം കിട്ടാനും പോവുന്നില്ല.

ഏതോ കാലത്തെ ഈഗോയും ധാര്‍ഷ്ഠ്യവുമൊക്കെ മറക്കേണ്ട കാലമായിട്ടും, ആ സമരം പോലും വിദൂരമായ ഓര്‍മ്മ ആയിട്ടും ക്ഷമിക്കാന്‍ തയ്യാറാവാതെ ഈ മനുഷ്യരെ തീയില്‍ തന്നെ പാര്‍പ്പിക്കുന്ന ആ മുതലാളിയിപ്പോള്‍ ലോകത്തിന്റെ ഏതെങ്കിലും ഭാഗങ്ങളിലുള്ള മനുഷ്യാവകാശ പോരാട്ടത്തെ കുറിച്ച് അക്കാദമിക് ലേഖനം എഴുതുന്ന തിരക്കിലാവും.

അപ്പോഴും, വിദൂരമായ ഇന്ത്യന്‍ ഉള്‍നാടുകളില്‍ ചെയ്യാത്ത കുറ്റത്തിന്, കൊടും പീഡകള്‍ അനുഭവിച്ച്, വെന്ത് പുകയുന്നുണ്ട് കുറേയേറെ മനുഷ്യര്‍. അവര്‍ക്കു പേര് മാധ്യമ പ്രവര്‍ത്തകര്‍! മാധ്യമ വേശ്യകള്‍ എന്ന് ഫേസ് ബുക്ക് ഭാഷയില്‍ നാം വിളിക്കുന്ന അതേ കൂട്ടര്‍!

Advertisement