പരസ്യ സ്‌നേഹപ്രകടനം വേണ്ട; വിചിത്ര ഉത്തരവുമായി കോഴിക്കോട് എന്‍.ഐ.ടി
Kerala News
പരസ്യ സ്‌നേഹപ്രകടനം വേണ്ട; വിചിത്ര ഉത്തരവുമായി കോഴിക്കോട് എന്‍.ഐ.ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th February 2023, 1:10 pm

കോഴിക്കോട്: ക്യാമ്പസിനകത്ത് പരസ്യമായ സ്‌നേഹപ്രകടനം പാടില്ലെന്ന വിചിത്ര സര്‍ക്കുലറുമായി കോഴിക്കോട് എന്‍.ഐ.ടി. ഇത്തരം പരസ്യ സ്‌നേഹപ്രകടനങ്ങള്‍ വിദ്യാഭ്യാസ അന്തരീക്ഷത്തെ ബാധിക്കുമെന്നും മറ്റ് വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും അലോസരമുണ്ടാക്കുന്ന പെരുമാറ്റം പാടില്ലെന്നും സ്റ്റുഡന്റ്‌സ് ഡീന്‍ ഡോ. ജി.കെ. രജനീകാന്ത് അറിയിച്ചു.

സര്‍ക്കുലറിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്ക് കടുത്ത അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.

പ്രണയദിനത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കുലര്‍.

കഴിഞ്ഞ ദിവസം പ്രണയദിനത്തില്‍ പശുവിനെ കെട്ടിപ്പിടിക്കണമെന്ന നിര്‍ദേശവുമായി കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് രംഗത്തെത്തിയിരുന്നു. രാജ്യത്തിന്റെ സംസ്‌കാരത്തിന്റേയും സമ്പദ് വ്യവസ്ഥയുടേയും നട്ടെല്ലാണ് പശുവെന്നും പശുവിനെ കെട്ടിപ്പിടിക്കുന്നത് ജീവിതത്തില്‍ സന്തോഷമുണ്ടാക്കുമെന്നും ചൂണ്ടിക്കാണിച്ചായിരുന്നു നിര്‍ദേശം.

അതേസമയം പശുവിനെ ആലിംഗനം ചെയ്യണമെന്ന കേന്ദ്ര ഉത്തരവിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും നിറഞ്ഞിരുന്നു. കെട്ടിപ്പിടിക്കാനാണ് വരുന്നതെന്ന് പശുവിനെ എങ്ങനെ പറഞ്ഞ് മനസിലാക്കുമെന്നും, ചവിട്ടുതരാത്ത പശു ഏതാണ് എന്നായിരിക്കും വരും ദിവസങ്ങളിലെ ടോപ് സര്‍ച്ച് എന്നും സോഷ്യല്‍ മീഡിയയില്‍ കമന്റുകളുണ്ടായിരുന്നു.

കെട്ടിപ്പിടിക്കാനുള്ള പശുവിനെ അവര്‍ കൊണ്ടുതരുമോ അതോ നമ്മള്‍ കണ്ടുപിടിക്കണോ തുടങ്ങി രസകരമായ ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.

അതേസമയം പശുവിനെ ആലിംഗനം ചെയ്യണമെന്ന കേന്ദ്രത്തിന്റെ ഉത്തരവ് ബജറ്റ്, അദാനി തുടങ്ങിയ ചര്‍ച്ചകളില്‍ നിന്ന് ജനശ്രദ്ധ വഴിതിരിച്ചുവിടാനാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

Content Highlight: Kozhikode NIT issues notice stating  public display of affection is not allowed