എഡിറ്റര്‍
എഡിറ്റര്‍
ഹെല്‍മറ്റ് വേട്ടക്കിടെ യുവാക്കള്‍ മരിച്ച സംഭവം:പന്നിയങ്കരയില്‍ സംഘര്‍ഷം
എഡിറ്റര്‍
Monday 11th March 2013 12:45am

കോഴിക്കോട് :  പൊലീസിന്റെ ഹെല്‍മറ്റ് പരിശോധനക്കിടെ 2 യുവാക്കള്‍ അപകടത്തില്‍ മരിച്ചസംഭവത്തെ തുടര്‍ന്ന് കോഴിക്കോട് പന്നിയങ്കരയില്‍ വ്യാപക പ്രതിഷേധം.

Ads By Google

സംഭവത്തില്‍ ഉത്തരവാദികളായ ഉദ്ദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. പന്നിയങ്കര, നല്ലളം പൊലീസ് സ്‌റ്റേഷനുകള്‍ക്കു നേരെ കല്ലേറുണ്ടായി.

പൊലീസ് ജീപ്പ് അടിച്ച് തകര്‍ക്കുകയും മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുകയും ചെയ്തു. ഫയര്‍എന്‍ജിനും പോലീസ് ജീപ്പുകളും ട്രാന്‍സ്‌പോര്‍ട്ട് ബസും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ അക്രമികള്‍ എറിഞ്ഞുതകര്‍ത്തു.

ശനിയാഴ്ച പോലീസിന്റെ ഹെല്‍മറ്റ് പരിശോധനയ്ക്കിടെയാണ് രണ്ട് യുവാക്കള്‍ ബസ്സിനടിയില്‍പ്പെട്ട് മരിച്ചത്. സംഭവത്തെത്തുടര്‍ന്നാണ് അക്രമങ്ങള്‍ ആരംഭിച്ചത്.

ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ പോലീസ് തിരുവണ്ണൂരില്‍നിന്ന് തുരത്തി ഓടിച്ച പ്രക്ഷോഭകര്‍ പകല്‍ വീണ്ടും സംഘടിച്ച് നഗരത്തിന്റെ തെക്കന്‍മേഖലയില്‍ പ്രതിഷേധം തുടങ്ങിയത്.

ശനിയാഴ്ച രാത്രി എട്ടരയോടെ മീഞ്ചന്ത മാങ്കാവ് മിനി ബൈപ്പാസില്‍ തിരുവണ്ണൂര്‍ കുറ്റിയില്‍പടി ജങ്ഷനില്‍ വെച്ച് അരക്കിണര്‍ പറമ്പത്ത് കോവില്‍ ഹരിദാസിന്റെ മകന്‍ രാജേഷ്(36), നല്ലളം ഉള്ളിലശ്ശേരിക്കുന്ന് പനയങ്കണ്ടി വീട്ടില്‍ വേലായുധന്റെ മകന്‍ മഹേഷ് (26) എന്നിവരാണ് മരിച്ചത്. ഇവരുടെ ശവസംസ്‌കാരച്ചടങ്ങ് കഴിഞ്ഞതോടെയാണ് അക്രമങ്ങള്‍ ആരംഭിച്ചത്.

അതേസമയം അപകടത്തില്‍ മരിച്ച രണ്ടു യുവാക്കളുടെയും കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ആശ്രിതര്‍ക്ക് ജോലി നല്‍കുന്ന കാര്യവും പരിഗണിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കൂടാതെ ഇതിന്റെ സാഹചര്യത്തില്‍ ഇന്ന് ജില്ലാകലക്ടര്‍ സര്‍വ്വ കക്ഷി യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്.

Advertisement