എഡിറ്റര്‍
എഡിറ്റര്‍
കോഴിക്കോട് സാമൂതിരി പി.കെ.എസ് രാജ അന്തരിച്ചു
എഡിറ്റര്‍
Wednesday 27th March 2013 9:30am

കോഴിക്കോട്: കോഴിക്കോട് സമൂതിരി പി.കെ.എസ് രാജ അന്തരിച്ചു. 101 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ 6.40 ഓടെയായിരുന്നു അന്ത്യം.

വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. സംസ്‌കാരം വൈകിട്ട് നാലിന് തിരുവണ്ണൂരിലെ കോവിലകം ശ്മശാനത്തില്‍ നടക്കും.

Ads By Google

കോഴിക്കോട് തിരുവണ്ണൂര്‍ പുതിയ കോവിലകത്ത് 1913 മാര്‍ച്ച് 22നാണ് (മീനമാസത്തിലെ അത്തം നക്ഷത്രം) പി.കെ.എസ്. രാജ ജനിച്ചത്. ദേശമംഗലം മനയിലെ എ.കെ.ടി.എം. അഷ്ടമൂര്‍ത്തി നമ്പൂതിരിപ്പാടിന്റെയും ശ്രീദേവി എന്ന കുഞ്ഞിതമ്പാട്ടി തമ്പുരാട്ടിയുടെയും മകനായിട്ടായിരുന്നു ജനനം.

വിനയത്തോടെയുള്ള പെരുമാറ്റവും പൊതുപ്രശ്‌നങ്ങളോടുള്ള അനുഭാവപൂര്‍വമായ സമീപനവും ജനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തെക്കുറിച്ചുള്ള മതിപ്പ് വര്‍ധിപ്പിച്ചു. കുറ്റിച്ചിറ മിശ്കാല്‍ പള്ളിയും തളി ക്ഷേത്രവും രാജ്യത്തെ പൈതൃകസ്ഥാനങ്ങള്‍ എന്ന നിലയില്‍ നവീകരിച്ചു നിലനിര്‍ത്തുന്നതില്‍ അതീവശ്രദ്ധ പുലര്‍ത്തിയിരുന്നു ഇദ്ദേഹം.

തിരുവണ്ണൂര്‍ കോവിലകം വകയുള്ള ശ്രീകൃഷ്ണ വിദ്യാലയം, തളി സാമൂതിരി കോളേജ് ഹൈസ്‌കൂള്‍, സാമൂതിരി കോളേജ് എന്നിവിടങ്ങളില്‍ പഠനം നടത്തി. സാമൂതിരി കോളേജില്‍ നിന്ന് ഇന്റര്‍മീഡിയറ്റ് പാസ്സായശേഷം മദ്രാസ് ലയോള കോളേജില്‍ ബി.എ.ഓണേഴ്‌സ് പൂര്‍ത്തിയാക്കി.

ടെലിഗ്രാഫ് വകുപ്പില്‍ ജൂനിയര്‍ എന്‍ജിനീയറായി ഗുവാഹത്തിയില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ച പി.കെ.എസ്.രാജ ചിറ്റഗോങ്, ബാരിസോള്‍, അഹമ്മദാബാദ്, കോയമ്പത്തൂര്‍, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ച ശേഷം ചെന്നൈയില്‍ ടെലിഫോണ്‍സ് ഡപ്യൂട്ടി ജനറല്‍ മാനേജരായി 1971ലാണ് വിരമിച്ചത്.

1940ല്‍ പി.കെ.എസ് രാജയും നിലമ്പൂര്‍കോവിലകത്തെ ഭാരതിതമ്പുരാട്ടിയുമായുള്ള വിവാഹം നടന്നു. 2003 ല്‍ പി.കെ ഏട്ടനുണ്ണി രാജയുടെ വിയോഗത്തെ തുടര്‍ന്നാണ് അദ്ദേഹം സാമൂതിരിയായി അധികാരമേറ്റത്. തുടര്‍ന്ന് മകള്‍ സുധക്കും മരുമകന്‍ പി.കെ. കൃഷ്ണനുണ്ണിരാജ്ക്കുമൊപ്പം കോഴിക്കോട്ട് സ്ഥിരതാമസമാക്കി.

ബ്രിട്ടീഷ് ഭരണത്തില്‍ ടെലികോം സര്‍വീസില്‍ കയറിയ രാജയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലുമുള്ള സ്വകാര്യ ടെലികോം സംവിധാനത്തെ ഏകോപിപ്പിക്കുന്ന ഭാരിച്ച ജോലി ഏറ്റെടുക്കേണ്ടിവന്നു. സ്തുത്യര്‍ഹമായ സേവനത്തിന് സര്‍ക്കാരിന്റെ പ്രശംസ നേടിയ അദ്ദേഹം കോഴിക്കോട് ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന്റെ തുടക്കകാലത്ത് വികസന പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിച്ചിരുന്നു.

Advertisement