എഡിറ്റര്‍
എഡിറ്റര്‍
സമസ്ത പ്രസിഡന്റ് ആനക്കര സി. കോയക്കുട്ടി മുസ്‌ല്യാര്‍ അന്തരിച്ചു
എഡിറ്റര്‍
Tuesday 3rd May 2016 10:56pm

koyakutti-musliya

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ (ഇ.കെ വിഭാഗം) പ്രസിഡന്റ് ആനക്കര സി. കോയക്കുട്ടി മുസ്‌ല്യാര്‍ അന്തരിച്ചു. 79 വയസായിരുന്നു. അസുഖ ബാധിതനായിരുന്ന കോയക്കുട്ടി മുസ്‌ല്യാര്‍ ദീര്‍ഘ നാളായി ചികിത്സയിലായിരുന്നു.
ചൊവ്വാഴ്ച്ച രാത്രി 9.40ന് സ്വവസതിയിലായിരുന്നു അന്ത്യം. മയ്യിത്ത് നിസ്‌കാരം നാളെ (ബുധനാഴ്ച്ച) ഉച്ചക്ക് രണ്ടുമണിക്ക് ആനക്കര ജുമാമസ്ജിദില്‍ നടക്കും.
1988 മുതല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ അംഗമായ കോയക്കുട്ടി മുസ്‌ലിയാര്‍ 2001 മുതല്‍ വൈസ് പ്രസിഡന്റായും 2012 മുതല്‍ കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരുടെ കാലശേഷം പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.1934ല്‍ ചോലയില്‍ ഹസൈനാറിന്റെയും കുന്നത്തേതില്‍ ആഇശത്ത് ഫാത്വിമയുടെയും മകനായിട്ടാണു ജനനം.

സമസ്തകേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗം, സമസ്ത പരീക്ഷാബോര്‍ഡ്, ജാമിഅ നൂരിയ പരീക്ഷാബോര്‍ഡ്, സമസ്ത പാലക്കാട് ജില്ലാ പ്രസിഡന്റ്, മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്, പൊന്നാനി താലൂക്ക് ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. പട്ടിക്കാട് ജാമിഅ നൂരിയ്യ, വളാഞ്ചേരി മര്‍കസുത്തര്‍ബിയത്തുല്‍ ഇസ്‌ലാമിയ്യ, വളവന്നൂര്‍ ബാഫഖി യതീംഖാന, താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം, ദാറുല്‍ ഹിദായ എടപ്പാള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ സാരഥിയും നിരവധി മഹല്ലുകളുടെ ഖാസിയുമായിരുന്നു.

കെ.കെ ഫാത്വിമയാണ് ഭാര്യ. മക്കള്‍ : മുഹമ്മദ്‌നൂര്‍ ഫൈസി ആനക്കര(യു.എ.ഇ)അബ്ദുനാസര്‍ ഫൈസി ആനക്കര, ആബിദുല്‍ ഹകീം ഫൈസി ,അബ്ദുസലാം ഫൈസി, അബ്ദുല്‍സമദ്, ഹാജറ,സഫിയ്യ. മരുമക്കള്‍: കുട്ടിരായിന്‍ ഫൈസി കാവനൂര്‍ ,ഉമര്‍ ഫൈസി കാവനൂര്‍, സുലൈഖ കാടഞ്ചേരി,ബുശ്‌റ കാട്ടിപരുത്തി ,ഉമ്മുആഇശ കാരക്കാട്,ഫാത്വിമ കുറ്റിപ്പാല ,മുബശ്ശിറത്ത് ചേകന്നൂര്‍

Advertisement