'ജന്‍രക്ഷാ യാത്തിറ തോറ്റത് ആര്‍ത്തവം കാരണമാ, അടുത്തത് ലോട്ടറി അയ്യപ്പന്‍ മാറ്ററ്'; ശബരിമലയിലെ സംഘപരിവാര്‍ അജണ്ടക്കെതിരെ തമിഴ് നാടന്‍പാട്ടുമായി കോവനും സംഘവും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോഴിക്കോട്: ശബരിമലയിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംഘപരിവാര്‍ നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പിനെയും ആര്‍ത്തവത്തെ അശുദ്ധിയായി കാണുന്നതിനെയും നിശിതമായി വിമര്‍ശിച്ച് തമിഴ് നാടന്‍ പാട്ടുകാരനായ കോവനും സംഘവും.

“കടവുളിന്‍ ദേശമെ കണ്ണീരില്‍ മുങ്ങിയത്” എന്ന് തുടങ്ങുന്ന നാടന്‍പാട്ടിലൂടെയാണ് സംഘപരിവാര്‍ രാഷ്ട്രീയത്തെയും ആര്‍ത്തവ അയിത്തത്തെയും പരിഹസിച്ച് കോവനും സംഘവും വീണ്ടുമെത്തിയത്. ഈ ഗാനം ആദ്യമായി ഡൂള്‍ പുറത്ത് വിടുകയാണ് ഇപ്പോള്‍

മുമ്പ് “ആര്‍പ്പോ ആര്‍ത്തവം” പരിപാടിക്ക് എത്തിയ കോവനും സംഘവും ആര്‍ത്തവ അയിത്തത്തിനും സംഘപരിവാര്‍ സംഘടനകളുടെ പ്രചരണങ്ങള്‍ക്കും എതിരെ ഗാനം ആലപിക്കുകയായിരുന്നു.

കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് നവോത്ഥാനത്തേക്കാള്‍ ആര്‍ത്തവ അയിത്തത്തിനെതിയാ പോരാട്ടമാണെന്ന് പ്രഖ്യാപിച്ച് കൊണ്ടാണ് ഗാനം കോവന്‍ ആലപിച്ചിരിക്കുന്നത്.

“പ്രളയം മുഴുവാകെ ആര്‍ത്തവം കാരണമാ…

ആട്ര് വെള്ളമാ ആര്‍ത്തവമാ…

അല്ലെങ്കില്‍ ബി.ജെ.പി ഗര്‍വാകെ ആര്‍ത്തവം കാരണമാ…

അമിത് ഷാ ജന്‍രക്ഷാ യാത്തിറ തോറ്റത്

അടുത്തത് ലോട്ടറി അയ്യപ്പന്‍ മാറ്ററ്”

തുടങ്ങിയ വരികളിലൂടെ ശബരിമല വിഷയത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ കേരളത്തില്‍ നടത്തുന്ന വര്‍ഗീയ പ്രവര്‍ത്തനങ്ങളെ നിശിതമായി വിമര്‍ശിക്കുന്നുണ്ട്.

ജനുവരി 12,13 തിയതികളില്‍ മറൈന്‍ ഡ്രൈവില്‍ നടത്തുന്ന “ആര്‍പ്പോം ആര്‍ത്തവം” പരിപാടിയിലും കോവന്‍ പങ്കെടുക്കുകയും ഈ ഗാനം ആലപിക്കുകയും ചെയ്യും.

എ.ഐ.വൈ.എഫ് വാര്‍ഷികത്തിന് തിരുവനന്തപുരത്ത് എത്തിയപ്പോള്‍ ആലപിച്ച ഈ ഗാനം ഷൂട്ട് ചെയ്ത് തയ്യാറാക്കിയത് പിങ്കി വാസനാണ്.

തമിഴ് നാടന്‍ പാട്ട് ഗായകനായ കോവന്‍ എന്ന എസ്. ശിവദാസ് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയെ വിമര്‍ശിച്ച് പാട്ടൊരുക്കിയെന്ന് ആരോപിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തി 2015-ല്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.

ദളിതരുള്‍പ്പെടെയുള്ള പാര്‍ശ്വവല്‍കൃത സമൂഹങ്ങളുടെ സാമൂഹികവും, വിദ്യാഭ്യാസപരവുമായ ഉന്നമനം ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്ന “പീപ്പിള്‍സ് ആര്‍ട്ട് ആന്‍ഡ് ലിറ്റററി അസോസിയേഷന്‍” എന്ന സംഘടനയുടെ പ്രവര്‍ത്തകനായ കോവന്റെ പ്രസ്തുത ഗാനങ്ങളുടെ വീഡിയോകള്‍ സൈബര്‍ ലോകത്ത് വൈറലായിരുന്നു.