ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Transgenders
കോട്ടയ്ക്കലില്‍ ആക്രമിക്കപ്പെട്ട ട്രാന്‍സ്‌ജെന്ററുകളെ സഹായിച്ച സന്നദ്ധപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റം
ന്യൂസ് ഡെസ്‌ക്
Friday 12th January 2018 5:06pm

കോട്ടയ്ക്കല്‍: മലപ്പുറം കോട്ടയ്ക്കലില്‍ ആക്രമിക്കപ്പെട്ട ട്രാന്‍സ്‌ജെന്ററുകളെ സഹായിച്ച സന്നദ്ധപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റം.

ആക്രമിക്കപ്പെട്ട് ചികിത്സയിലായിരുന്ന ട്രാന്‍സ്ജെന്‍ഡര്‍ ലയയെ (ഷഹല്‍) വീട്ടില്‍ കൊണ്ടാക്കാന്‍ പോകും വഴി കൂടെ പോയ വനിതാ സന്നദ്ധപ്രവര്‍ത്തകരാണ് ആക്രമിക്കപ്പെട്ടത്.

കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ പ്രൊജക്ട് കൗണ്‍സിലര്‍ മേരി നീതു, ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ മിഷന്‍ വനിത സെല്ലിന്റെ ജനറല്‍ സെക്രട്ടറി റുബീന എന്നിവരാണ് ആക്രമിക്കപ്പെട്ടത്.

ലയയെ ആക്രമിച്ച കേസിലെ പ്രതി ഇമ്മച്ചി ഷിഹാബ് ആണ് സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടത്തിയത്.

ഇന്നലെയാണ് ലയ ആക്രമിക്കപ്പെടുന്നത്. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ലയയെ വൈകീട്ട് ഡിസ്ചാര്‍ജ് ചെയ്ത് കുഴിപ്പുറം ഉള്ള വീട്ടില്‍ കൊണ്ടുവിടാന്‍ പോവുന്ന വഴിയായിരുന്നു ആക്രമണം.

വഴിയില്‍ ചായകുടിയ്ക്കാനായി ഇവര്‍ കടയിലേക്ക് കയറിയപ്പോള്‍ ഷിഹാബ് കടന്നുവരികയും ലയയെ അസഭ്യം പറയുകയുമായിരുന്നു. എന്നാല്‍ മേരിയും റുബീനയും ഇത് ചോദ്യം ചെയ്തതോടെ ഇയാള്‍ ഇവര്‍ക്ക് നേരെ തിരിയുകയായിരുന്നു.

നിങ്ങള്‍ വേശ്യകളാണ് ഇവരെ പിന്തുണയ്ക്കുന്നതെന്നും നിങ്ങളുടെ ശരീരത്തില്‍ കയറി മേഞ്ഞാല്‍ ആരും ചോദിക്കാന്‍ വരില്ലെന്നും ഷിഹാബ് ഭീഷണി മുഴക്കി. തുടര്‍ന്ന് പൊലീസിനെ വിളിക്കാന്‍ ഇവര്‍ ശ്രമിക്കുന്നതിനിടെ ഷിഹാബ് ഇരുവരുടേയും കഴുത്തില്‍ പിടിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും പിടിച്ച് തള്ളുകയുമായിരുന്നു. കടയുടെ ഷട്ടര്‍ അടച്ചിട്ടും ഷിബാബ് അക്രമം തുടര്‍ന്നു. ആക്രമത്തില്‍ പരിക്കേറ്റ മേരി നീതുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസിനും മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.

Advertisement