നാട്ടുവൈദ്യത്തെ കുറിച്ചുള്ള മോഹനന്‍ വൈദ്യരുടെ പരിപാടി റദ്ദാക്കി കൂത്തുപറമ്പ് അമൃത സ്‌കൂള്‍; നടപടി പ്രതിഷേധത്തിന് പിന്നാലെ
kERALA NEWS
നാട്ടുവൈദ്യത്തെ കുറിച്ചുള്ള മോഹനന്‍ വൈദ്യരുടെ പരിപാടി റദ്ദാക്കി കൂത്തുപറമ്പ് അമൃത സ്‌കൂള്‍; നടപടി പ്രതിഷേധത്തിന് പിന്നാലെ
ന്യൂസ് ഡെസ്‌ക്
Friday, 9th November 2018, 11:21 am

കോഴിക്കോട്: നാട്ടുവൈദ്യ ചികിത്സാ രീതികളെ കുറിച്ചും വന്ന രോഗങ്ങള്‍ ഭേദമാക്കുന്നത് സംബന്ധിച്ചും മോഹനന്‍ വൈദ്യരുടെ നേതൃത്വത്തില്‍ കണ്ണൂര്‍ കൂത്തുപറമ്പ് അമൃത സ്‌കൂളില്‍ നടത്താനിരുന്ന പരിപാടി റദ്ദാക്കി. നവംബര്‍ 12 ാം തിയതി നടത്താനിരുന്ന പരിപാടിയാണ് സ്‌കൂള്‍ അധികൃതര്‍ റദ്ദാക്കിയത്. സ്‌കൂള്‍ അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് പരിപാടി റദ്ദ് ചെയ്തത്.

കൂത്തുപറമ്പ് അമൃത വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷാകര്‍ത്താക്കള്‍ക്കും നവംബര്‍ പന്ത്രണ്ടാം തീയതി നല്‍കാനിരുന്ന ക്ലാസ് റദ്ദ് ചെയ്തതായി അമൃത സ്‌കൂള്‍ അധികൃതര്‍ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു. മോഹനന്‍ വൈദ്യരുടെ ആരോഗ്യക്ലാസ് സ്‌കൂളില്‍ നടത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞത്. എന്തുകൊണ്ടാണ് പരിപാടി ഒഴിവാക്കിയത് എന്ന ചോദ്യത്തിന് തങ്ങള്‍ പരിപാടി നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും മറ്റൊന്നും പറയാനില്ലെന്നുമായിരുന്നു അധികൃതരുടെ മറുപടി.

പരിപാടിയുമായി ബന്ധപ്പെട്ട് അമൃത സ്‌കൂള്‍ അച്ചടിച്ച നോട്ടീസില്‍ നാട്ടുവൈദ്യത്തില്‍ അനേകം പേര്‍ക്ക് ആശ്വാസമരുളിയ ആളാണ് മോഹനന്‍ വൈദ്യര്‍ എന്ന് പറയുന്നുണ്ട്. കാന്‍സര്‍, പ്രമേഹം രക്തസമ്മര്‍ദ്ദം, ഹൈപ്പറ്റൈറ്റിസ്, നേതൃരോഗങ്ങള്‍ എയ്ഡ്‌സ് തുടങ്ങിയ വൈറസ് രോഗങ്ങള്‍ കുറിച്ചെല്ലാം വൈദ്യര്‍ സംസാരിക്കുമെന്നും സംശയനിവാരണം നടത്തുമെന്നും നോട്ടീസില്‍ പറഞ്ഞിരുന്നു. രക്ഷിതാക്കള്‍ക്കൊപ്പം ബന്ധുക്കളോ മിത്രങ്ങളോ വരാന്‍ താത്പര്യപ്പെട്ടാല്‍ കൂടെ വരാവുന്നതാണെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നു.


ശബരിമല തീര്‍ത്ഥാടനത്തില്‍ അനുമതി തേടി പൊലീസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് 10 നും 50 നും ഇടയിലുള്ള 550 യുവതികള്‍


ഹെപ്പറ്റൈറ്റിസ് ബി ബാധിച്ചെന്ന് പറയുന്ന ആളുടെ രക്തം കുടിക്കുന്ന മോഹനന്‍ വൈദ്യരുടെ വീഡിയോക്കെതിരെ ഇന്‍ഫോക്ലിനിക്കിലെ ഡോക്ടര്‍ ജിനേഷ് പി.എസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

മോഹനന്‍ വൈദ്യര്‍ കൂത്തുപറമ്പ് അമൃത വിദ്യാലയത്തിലെ കുട്ടികള്‍ക്ക് ആരോഗ്യസംബന്ധമായ വിഷയങ്ങളില്‍ ക്ലാസെടുക്കാന്‍ പോകുന്നതിനെയും ജിനേഷ് വിമര്‍ശിച്ചിരുന്നു.

അമൃത വിദ്യാലയത്തിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും അറിയാന്‍ എന്ന് പറഞ്ഞായിരുന്നു കഴിഞ്ഞ ദിവസം ഡോ. ജിനേഷ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

“”ഹെപ്പറ്റൈറ്റിസ്-ബി പോസിറ്റീവ് റിസള്‍ട്ട് ലഭിച്ചു എന്നു പറയുന്ന ഒരു വ്യക്തിയുടെ രക്തം കുടിക്കുന്ന ഒരു വീഡിയോ, ശേഷം സ്വന്തം കയ്യില്‍ മുറിവുണ്ടാക്കി ആ വ്യക്തിയുടെ കയ്യിലെ രക്തം മുറിവില്‍ പറ്റിക്കുന്നു..മോഹനന്റെ ഏറ്റവും പുതിയ വീഡിയോ ആണ്.

വളരെ മാരകമായ സങ്കീര്‍ണ്ണതകള്‍ ഉണ്ടാക്കുന്ന ഒരു മഞ്ഞപ്പിത്തമാണ് ഹെപ്പറ്റൈറ്റിസ്-ബി. സിറോസിസും Hepatocellular carcinoma-യും ഉണ്ടാവാന്‍ വളരെയധികം സാധ്യതയുണ്ട്. അതായത് സങ്കീര്‍ണതകള്‍ മൂലം മരണമടയാന്‍ സാധ്യത വളരെ കൂടുതലാണ് എന്ന്.

രോഗമുള്ള ഒരു വ്യക്തിയുടെ രക്തം മറ്റൊരാളുടെ ശരീരത്തില്‍ എത്തിയാല്‍ രോഗം പകരാന്‍ വളരെയധികം സാധ്യതയുണ്ട്. തീരെ ചെറിയ മുറിവുകളിലൂടെ പോലും പകരാവുന്ന രോഗമാണ്.

അങ്ങനെ രോഗമുള്ള ഒരാളുടെ ശരീരത്തിലെ രക്തം ഒരു വ്യക്തി സ്വന്തം ശരീരത്തില്‍ കയറ്റണമെങ്കില്‍ ഒന്നുകില്‍ അയാള്‍ കൃത്യമായ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടാവണം, അതായത് ഹെപ്പറ്റൈറ്റിസ്-ബി വാക്‌സിന്‍. അതല്ലെങ്കില്‍ അയാള്‍ക്ക് എന്തെങ്കിലും മാനസിക അസുഖം ഉണ്ടാവണം.
അതെന്തെങ്കിലുമാവട്ടെ, അത് എന്റെ വിഷയമല്ല.


പട്ടേല്‍ പ്രതിമയ്ക്ക് പൊതുമേഖലാ എണ്ണക്കമ്പനികളുടെ 104.88 കോടി ദുരുപയോഗം ചെയ്തു; ഗുരുതര ആരോപണവുമായി സി.എ.ജി


പക്ഷേ ഇങ്ങനെ അശാസ്ത്രീയതയും മണ്ടത്തരങ്ങളും പറയുന്ന ഒരാള്‍ ആരോഗ്യ വിഷയങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കും മാതാപിതാക്കള്‍ക്കും ക്ലാസെടുക്കുന്നു എങ്കില്‍ അത് ചോദ്യം ചെയ്യാതിരിക്കാനാവില്ല.

കൂത്തുപറമ്പ് അമൃത വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും കാന്‍സര്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹെപ്പറ്റൈറ്റിസ്, നേത്രരോഗങ്ങള്‍, എച്ച്‌ഐവി തുടങ്ങിയ രോഗങ്ങളെ കുറിച്ച് ക്ലാസെടുക്കുന്നു എന്നാണ് നോട്ടീസില്‍.

ഇത്രയധികം അശാസ്ത്രീയത പ്രചരിപ്പിക്കുന്ന ഒരാള്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ക്ലാസെടുക്കുന്നത് ഒട്ടും അഭിലഷണീയമല്ല. ശാസ്ത്ര അവബോധം പണം കൊടുത്തു വാങ്ങാന്‍ സാധിക്കില്ല. അത് ശരിയായ വിദ്യാഭ്യാസത്തിലൂടെ ലഭിക്കേണ്ടതാണ്. ശാസ്ത്ര അഭിരുചി വളര്‍ത്തുന്ന അധ്യാപകരാണ് അത് ചെയ്യേണ്ടത്.

വൈറസ് എന്ന ഒന്നില്ല, പുള്ളുവന്‍ പാട്ട് ആന്റിബയോട്ടിക് ആണ്, കദളിപ്പഴം കഴിച്ചാല്‍ കാന്‍സര്‍ മാറും എന്നൊക്കെ പുലമ്പുന്ന ഒരാളെ വിളിച്ചുവരുത്തി ആരോഗ്യ വിഷയങ്ങളില്‍ ക്ലാസ്സെടുക്കുന്ന അധ്യാപകരുടെ തലച്ചോര്‍ പരിശോധിപ്പിക്കേണ്ടതുണ്ട്.

ആ അധ്യാപകരോട് ഒരഭ്യര്‍ത്ഥനയേയുള്ളൂ. ആ കുരുന്നുകളുടെ തലയില്‍ ചാണകം നിറയ്ക്കാന്‍ കൂട്ടുനില്‍ക്കരുത്. പേരിനെങ്കിലും സയന്‍സ് എന്തെന്ന് അറിയുന്ന ഒരധ്യാപകനെങ്കിലും നിങ്ങളുടെ കൂട്ടത്തില്‍ ഇല്ലേ ?

ദയവുചെയ്ത് നമ്മുടെ കുട്ടികളുടെ ശാസ്ത്ര അവബോധ സാധ്യത കുരുന്നിലേ നുള്ളരുത്.- ജിനേഷ് പോസ്റ്റില്‍ കുറിച്ചു.