എഡിറ്റര്‍
എഡിറ്റര്‍
കൂടംകുളം: ജനകീയ സമിതി ആണവനിലയം ഉപരോധിച്ചു
എഡിറ്റര്‍
Monday 8th October 2012 12:14pm

ചെന്നൈ: കൂടംകുളം നിലയം അടച്ചുപൂട്ടണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളുമായി ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ആണവനിലയം ഉപരോധിച്ചു.

കടല്‍ മാര്‍ഗം നിലയത്തിന് സമീപമെത്തിയാണ് ആളുകള്‍ ഉപരോധ സമരം നടത്തിയത്. സ്ഥലത്തെ മത്സ്യതൊഴിലാളികള്‍ ബോട്ടുകളിലും നൂറ് കണക്കിന് വള്ളങ്ങളിലുമെത്തിയാണ് ആണവനിലയം ഉപരോധിച്ചത്.

Ads By Google

തിരുനല്‍വേലി, കന്യാകുമാരി, തൂത്തുക്കുടി ജില്ലകളില്‍ നിന്നുമായി മത്സ്യത്തൊഴിലാളികളും കര്‍ഷകരും സമരത്തില്‍ പങ്കെടുത്തു. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുന്നത് ചെറുക്കുന്നതിനായി കൂടംകുളത്തും സമീപപ്രദേശങ്ങളിലുമായി സി.ആര്‍.പി.എഫ്, തീരസംരക്ഷണ സേന ഉള്‍പ്പെടെ വന്‍ പോലീസ് സംഘത്തെ നിയോഗിച്ചിരുന്നു.

പദ്ധതി ഉപേക്ഷിക്കാന്‍ കേന്ദ്രം തീരുമാനിക്കുന്നതുവരെ സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം. അറസ്റ്റ് വാറണ്ട് വകവയ്ക്കാതെ സമരസമിതി നേതാവ് എസ്.പി.ഉദയകുമാറും സമരത്തില്‍ പങ്കെടുത്തു.

ഗ്രാമങ്ങളില്‍ നിലയുറപ്പിച്ചിരിക്കുന്ന പോലീസ് സേനയെ പിന്‍വലിക്കുക, ജയിലില്‍ക്കഴിയുന്ന സമര പ്രവര്‍ത്തകരെ മോചിപ്പിക്കുക, സമരക്കാര്‍ക്കെതിരെ ചുമത്തിയ എല്ലാ കള്ളക്കേസുകളും പിന്‍വലിക്കുക, കൂടംകുളം ആണവനിലയ പദ്ധതി ഉപേക്ഷിച്ച് പൊതുജനങ്ങളുടെയും പരിസ്ഥിതിയുടെയും സുരക്ഷ ഉറപ്പാക്കുന്ന പദ്ധതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

ഗ്രാമങ്ങളിലേക്ക് പോലീസ് എത്തുന്നത് തടയാന്‍ തദ്ദേശവാസികള്‍ റോഡുകളില്‍ കുഴികളും മറ്റും ഒരുക്കിയിരുന്നു. എന്നാല്‍ സമരം തികച്ചും സമാധാനപരമായിരുന്നു.

Advertisement