ജീവപര്യന്തം കിട്ടുമെന്നായിരുന്നു പ്രതീക്ഷ; മേല്‍ക്കോടതിയെ സമീപിക്കുമെന്ന് വിസ്മയയുടെ അമ്മ; സര്‍ക്കാരിനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും മാധ്യമങ്ങള്‍ക്കും നന്ദി പറഞ്ഞ് അച്ഛന്‍
Kerala News
ജീവപര്യന്തം കിട്ടുമെന്നായിരുന്നു പ്രതീക്ഷ; മേല്‍ക്കോടതിയെ സമീപിക്കുമെന്ന് വിസ്മയയുടെ അമ്മ; സര്‍ക്കാരിനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും മാധ്യമങ്ങള്‍ക്കും നന്ദി പറഞ്ഞ് അച്ഛന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th May 2022, 1:41 pm

കൊല്ലം: മകള്‍ക്ക് നീതി കിട്ടിയെന്ന് വിസ്മയയുടെ അച്ഛനും അമ്മയും. കിരണ്‍ കുമാറിന് കോടതി പത്ത് വര്‍ഷം തടവുശിക്ഷ വിധിച്ചതിന് പിന്നാലെയായിരുന്നു ഇരുവരുടെയും പ്രതികരണം.

പ്രതി കിരണ്‍ കുമാറിന് ജീവപര്യന്തം ശിക്ഷ കിട്ടുമെന്നായിരുന്നു പ്രതീക്ഷയെന്നും വിധിയില്‍ മേല്‍ക്കോടതിയെ സമീപിക്കുമെന്നും വിസ്മയയുടെ അമ്മ പ്രതികരിച്ചു.

”ജീവപര്യന്തം കിട്ടുമെന്നായിരുന്നു പ്രതീക്ഷ. അത് കിട്ടിയില്ല. എന്നാലും തൃപ്തികരം എന്ന് തന്നെയാണ് പറയാനുള്ളത്. ഞങ്ങള്‍ മേല്‍ക്കോടതിയെ സമീപിക്കും.

എവിടെ വരെ പോകാമോ അവിടം വരെ കേസുമായി മുന്നോട്ട് പോകും. വിസ്മയക്ക് നീതി കിട്ടി എന്ന് കരുതുന്നുണ്ട്. പക്ഷെ ഞാന്‍ പ്രതീക്ഷിച്ച അത്ര കിട്ടിയില്ല. അവസാനം വരെ ഞാനായിരുന്നു വിസ്മയയുമായി ഫോണില്‍ സംസാരിച്ചത്. എന്നോടായിരുന്നു എല്ലാം പറഞ്ഞത്. അതിന്റേതായ ശിക്ഷ ലഭിച്ചില്ല.

അതികഠിനമായി അവള്‍ പീഢനം അനുഭവിച്ചിട്ടുണ്ട്. അതിന്റെ ഫോട്ടോകള്‍ അയച്ച് തരുമായിരുന്നു, എല്ലാം എന്നോട് പറയുമായിരുന്നു,” വിസ്മയയുടെ അമ്മ പറഞ്ഞു.

”എന്താണ് വിധി എന്നും അത് എങ്ങനെയൊക്കെയാണെന്നും വ്യക്തമായി എനിക്കറിയില്ല. കാരണം ജുഡീഷ്യറിയുടെ കാര്യങ്ങളൊന്നും എനിക്ക് അത്ര അറിയില്ല. വിധി കേട്ടു. അതില്‍ സന്തോഷവാനാണ്. എനിക്ക് നീതി കിട്ടി, എന്റെ മോള്‍ക്ക് നീതി കിട്ടി. ഈ സമൂഹത്തിന് ഒരു മെസേജ് കൂടിയാണ് ഇത്.

കിരണില്‍ മാത്രം ഒതുങ്ങുന്ന ഒരു കേസല്ല ഇത്. വേറെയും പ്രതികള്‍ ഇതിനകത്തുണ്ട്. അവരെയെല്ലാം നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ശ്രമിക്കും. അതിന് നിയമത്തിന്റെ വഴിയെ മുന്നോട്ട് പോകും. ജീവപര്യന്തം പ്രതീക്ഷിച്ചിരുന്നില്ല. സ്ത്രീധന കേസില്‍ ജീവപര്യന്തം വരാന്‍ വഴിയില്ല. ഈ വിധിയില്‍ തൃപ്തനാണ്.

വിധിയില്‍ എനിക്ക് നന്ദി പറയാനുള്ളത് സര്‍ക്കാരിനോടാണ്, അത് കഴിഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥരോട്, പബ്ലിക് പ്രോസിക്യൂട്ടര്‍, അതിലുപരി എന്റെ മീഡിയ സുഹൃത്തുക്കള്‍.

അവരാണ് ഈ കേസിന്റെ നെടുന്തൂണ്‍. കൊവിഡ് സമയത്തും, എന്റെ മോള്‍ മരണപ്പെട്ടപ്പോള്‍ എന്റെ വീട്ടില്‍ നാലഞ്ച് ദിവസം തമ്പടിച്ച് ഈ വിവരം ലോകത്തെ അറിയിച്ച മീഡിയ സുഹൃത്തുക്കള്‍ എല്ലാവരോടും നന്ദിയും കടപ്പാടും അറിയിക്കുന്നു.

സര്‍ക്കാരിനോടുള്ള നന്ദിയുമുണ്ട്. എന്ത് വേണമെങ്കിലും ചെയ്ത് തരാം, എല്ലാ പിന്തുണയുമുണ്ട് എന്ന് സി.എം പറഞ്ഞിരുന്നു. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ആദ്യം തന്നെ ഒരു നിലപാട് എടുത്തിരുന്നു. കേസിന്റെ വിധിക്ക് മുമ്പ് തന്നെ അന്വേഷിച്ച് നാല്‍പ്പത്തിരണ്ട് ദിവസത്തിനുള്ളില്‍ കിരണ്‍ കുമാറിനെ ഡിസ്മിസ് ചെയ്തു. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യത്തെ സംഭവമായിരുന്നു അത്.

അന്വേഷണ ഉദ്യോഗസ്ഥന്‍, റൂറല്‍ എസ്.പി, ഡി.വൈ.എസ്.പി രാജ് കുമാര്‍ എന്നിവരോടൊക്കെ എങ്ങനെ നന്ദി പറയണമെന്നറിയില്ല,” വിസ്മയയുടെ അച്ഛന്‍ പ്രതികരിച്ചു.

അല്‍പസമയം മുമ്പാണ് കിരണ്‍ കുമാറിന് പത്ത് വര്‍ഷം തടവും പന്ത്രണ്ടര ലക്ഷം രൂപ പിഴയും വിധിച്ചുകൊണ്ട് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വിധി പുറപ്പെടുവിച്ചത്. പന്ത്രണ്ടര ലക്ഷം രൂപം പിഴ വിധിച്ചതില്‍ രണ്ട് ലക്ഷം വിസ്മയയുടെ മാതാപിതാക്കള്‍ക്ക് നല്‍കണമെന്നും കോടതി വിധിച്ചു.

ആത്മഹത്യാ പ്രേരണക്ക് ആറ് വര്‍ഷമാണ് തടവുശിക്ഷ. ആത്മഹത്യാ പ്രേരണയും സ്ത്രീധന പീഢനവുമടക്കമുള്ള വകുപ്പുകളിലായി ഒരുമിച്ച് പത്ത് വര്‍ഷം അനുഭവിച്ചാല്‍ മതിയെന്നും കോടതി പറഞ്ഞു.

വിധി പ്രസ്താവം കേള്‍ക്കാന്‍ വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമനും പ്രതി കിരണ്‍ കുമാറും കോടതിയിലെത്തിയിരുന്നു.

കോടതിയില്‍ വെച്ച്, എന്തെങ്കിലും പറയാനുണ്ടോ എന്ന് പ്രതിയോട് ജഡ്ജി ചോദിച്ചപ്പോള്‍, താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും വിസ്മയയുടേത് ആത്മഹത്യയാണെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നും ഒന്നിലേറെ തവണ കിരണ്‍ കുമാര്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു.

തനിക്ക് പ്രായമുള്ള അച്ഛനമ്മമാരുണ്ടെന്നും കുടുംബത്തിന്റെ ചുമതല തനിക്കാണെന്നും കോടതിയില്‍ പ്രതി പറഞ്ഞങ്കെിലും മാതൃകാപരമായി കിരണിന് ശിക്ഷ വിധിക്കണമെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. അതേസമയം ജീവപര്യന്തം ഒഴിവാക്കണമെന്നായിരുന്നു പ്രതിഭാഗം വാദിച്ചത്.

കഴിഞ്ഞ ദിവസമായിരുന്നു കിരണ്‍ കുമാര്‍ കുറ്റക്കാരനെന്ന് കോടതി വിധിച്ചത്. ശിക്ഷാവിധി ഇന്നത്തേക്ക് മാറ്റിവെച്ചിരിക്കുകയായിരുന്നു. അഞ്ചാമതായായിരുന്നു ഇന്നലെ കോടതി കേസ് പരിഗണിച്ചത്.

കിരണിനെതിരെയുള്ള ആത്മഹത്യാ പ്രേരണാ കുറ്റവും സ്ത്രീധന പീഡനക്കുറ്റവും തെളിഞ്ഞായും കിരണ്‍ കുമാറിന് സുപ്രീംകോടതി അനുവദിച്ച ജാമ്യം റദ്ദാക്കുന്നതായും അഡീഷണല്‍ സെഷന്‍സ് കോടതി വിധിയില്‍ പറഞ്ഞിരുന്നു.

വിസ്മയയുടെ മരണത്തിന് 11 മാസങ്ങള്‍ക്ക് ശേഷമാണ് വിധി വരുന്നത്. നാല് മാസത്തോളമാണ് കേസിന്റെ വിചാരണ നീണ്ടുനിന്നത്. 41 സാക്ഷികളും 16 തെളിവുകളുമാണ് കേസിലുണ്ടായിരുന്നത്.

വിസ്മയയുടെ ഭര്‍ത്താവായിരുന്ന കിരണ്‍ കുമാറിനെതിരെ ആത്മഹത്യാ പ്രേരണ അടക്കം ഒമ്പതു വകുപ്പുകള്‍ ആണ് ചുമത്തിയിരുന്നത്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 21നായിരുന്നു ശാസ്താംകോട്ട പോരുവഴിയിലെ ഭര്‍തൃഗൃഹത്തില്‍ വിസ്മയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
വിസ്മയയുടെ മരണത്തെ തുടര്‍ന്ന് അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന കിരണ്‍ കുമാറിനെ മോട്ടോര്‍ വാഹന വകുപ്പിലെ ജോലിയില്‍ നിന്നും സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു. വിചാരണക്കിടെ കിരണിന്റെ പിതാവ് സദാശിവന്‍പിള്ള കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചിരുന്നു.

Content Highlight: Kollam Vismaya Case verdict, mother says not satisfied with the verdict, father thanks government, police and media