Administrator
Administrator
കൊല്‍ക്കൊത്ത അഗ്നി ബാധ: ആശുപത്രി ഡയരക്ടര്‍മാര്‍ അറസ്റ്റില്‍
Administrator
Friday 9th December 2011 7:38pm

കൊല്‍ക്കൊത്ത: എ.എം.ആര്‍.ഐ  ആശുപത്രി കെട്ടിടത്തിന് തീപിടിച്ച് 88 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ ആറു പേരെ പോലീസ് അറസ്റ്റു ചെയ്തു. ആശുപത്രി ഉടമകളായ എസ്.കെ ടോഡി, ആര്‍.എസ് ഗോയങ്ക, രവി ഗോയങ്ക, മനിഷ് ഗോയങ്ക, പ്രസാന്ത് ഗോയങ്ക, ദയാനന്ദ് അഗര്‍വാള്‍ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കിയിട്ടുണ്ട്.

അശ്രദ്ധ, കൊലപാതകം ഉദ്ദേശമില്ലാത്ത മനപൂര്‍വ്വമല്ലാത്ത നരഹത്യ, മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് പ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് കൊല്‍ക്കൊത്തയിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. കെട്ടിടത്തില്‍ അപര്യാപ്തമായ അഗ്നിശമനാ സംവിധാനങ്ങളാണുള്ളതെന്ന് ഉടമകള്‍ക്ക് ജൂലൈയില്‍ മുന്നറിയിപ്പ് നല്‍കിയതാണെന്ന് പോലീസ് വ്യക്തമാക്കി.

ഫയര്‍ സേഫ്റ്റി നിര്‍ദേശങ്ങള്‍ തങ്ങള്‍ രണ്ട് മാസത്തിനകം പാലിക്കുമെന്ന് ജുലൈയില്‍ ആശുപത്രി സത്യവാങ്മൂലം നല്‍കിയിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ദുരന്തമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയുടെ ആറ് ഡയരക്ടര്‍മാരും പോലീസിന് മുമ്പാകെ കീഴടങ്ങുകയായിരുന്നു.

വെള്ളിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് കൊല്‍ക്കത്തയിലെ ധക്കൂരിയയിലുള്ള എ.എം.ആര്‍.ഐ ആശുപത്രിയില്‍ തീപിടിത്തമുണ്ടായത്. മരണ സംഖ്യ 88 ആയതായാണ് പുതിയ റിപ്പോര്‍ട്ട്. മരിച്ചവരില്‍ 70 പേരും രോഗികളാണ്. മൂന്ന് പേര്‍ നഴ്‌സുമാരാണ്. മരിച്ചവില്‍ രണ്ട് പേര്‍ മലയാളികളാണ്. കോട്ടയം ജില്ലയിലെ കോതനല്ലൂര്‍ പുളിക്കല്‍ കുഞ്ഞുമോന്റെ മകള്‍ വിനീത (23), ഉഴവൂര്‍ ഏച്ചേരില്‍ പരേതനായ രാജപ്പന്റെ മകള്‍ രമ്യാ രാജപ്പന്‍ (24) എന്നിവരാണ് മരിച്ച മലയാളികള്‍.

ആശുപത്രിയിലെ ഇലക്ട്രിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപിടുത്തം ഒന്ന് രണ്ട് നിലകളില്‍ പടര്‍ന്നുപിടിക്കുകയായിരുന്നു. തീപടരുന്നത് തടയാനുള്ള യാതൊരു സംവിധാനവും ആശുപത്രിയിലുണ്ടായിരുന്നില്ല.

ഇരുപത്തഞ്ചോളം അഗ്‌നിശമന സേനാ യൂനിറ്റുകള്‍ മണിക്കൂറുകളോളം ശ്രമിച്ചാണ് തീയണച്ചത്. അഗ്‌നിബാധയുണ്ടായ മുറികളുടെ ചില്ലുതകര്‍ത്തും മറ്റുമാണ് രക്ഷാപ്രവര്‍ത്തകര്‍ അകത്തേക്ക് പ്രവേശിച്ചത്. പുകഉയരുന്നതുകാരണം ശ്വാസംമുട്ടിയാണ് ഭൂരിപക്ഷം പേരും മരിച്ചത്. ഇനിയും ആളുകള്‍ ആശുപത്രിയ്ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ടുതന്നെ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.

25ഓളം രോഗികളെ ഇതുവരെ രക്ഷപ്പെടുത്തി പുറത്തെത്തിച്ചിട്ടുണ്ട്. കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ ആര്‍.കെ പഞ്ച്‌നാഥ, പശ്ചിമബംഗാള്‍ ഗ്രാമവികസനമന്ത്രി ഫിര്‍ഹാദ് ഹക്കിം എന്നിവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും സ്ഥലം സന്ദര്‍ശിച്ചു.

അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. എ.എം.ആര്‍.ഐ ആശുപത്രിയിലുണ്ടാകുന്ന രണ്ടാമത്തെ വലിയ തീപിടിത്തമാണിത്. 2008ലും ഇവിടെ അഗ്‌നിബാധയുണ്ടായിരുന്നു.

Malayalam news

Advertisement