ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യയെ 'ഹിന്ദു പാക്കിസ്ഥാന്‍' ആക്കും; വിവാദ പ്രസ്താവനയ്ക്ക് ശശി തരൂരിനെതിരെ അറസ്റ്റ് വാറന്റ്
national news
ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യയെ 'ഹിന്ദു പാക്കിസ്ഥാന്‍' ആക്കും; വിവാദ പ്രസ്താവനയ്ക്ക് ശശി തരൂരിനെതിരെ അറസ്റ്റ് വാറന്റ്
ന്യൂസ് ഡെസ്‌ക്
Tuesday, 13th August 2019, 5:28 pm

കൊല്‍ക്കത്ത: ബി.ജെ.പി വീണ്ടും അധികാരത്തിലേറിയാല്‍ ഇന്ത്യയെ ‘ഹിന്ദു പാക്കിസ്ഥാന്‍’ ആക്കുമെന്ന പ്രസ്താവനയ്ക്ക് കോണ്‍ഗ്രസ് എം.പി ശശി തരൂരിനെതിരെ കൊല്‍ക്കത്ത കോടതിയുടെ അറസ്റ്റ് വാറന്റ്. കഴിഞ്ഞവര്‍ഷം ജൂലായില്‍ തിരുവനന്തപുരത്തു വെച്ചു നടത്തിയ പൊതുയോഗത്തിലായിരുന്നു തരൂരിന്റെ വിവാദ പ്രസ്താവന.

കൊല്‍ക്കത്തയിലെ ഒരു മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഇന്ന് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. അഭിഭാഷകനായ സുമീത് ചൗധരിയാണ് കേസ് നല്‍കിയിരിക്കുന്നത്.

തരൂര്‍ രാജ്യത്തെ അപമാനിച്ചെന്നും മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്നും മതനിരപേക്ഷത തകര്‍ക്കാന്‍ ശ്രമിച്ചെന്നും ആരോപിച്ചാണ് കേസ്. ഓഗസ്റ്റ് 14-ന് തരൂര്‍ നേരിട്ടു ഹാജരാകണമെന്നു കോടതി നേരത്തേ ഉത്തരവിട്ടിരുന്നെങ്കിലും അതിനിനി ഒരു ദിവസം കൂടി ശേഷിക്കെയാണ് നടപടി.

2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ജയിച്ചാല്‍ അത് ഒരു ‘ഹിന്ദു പാക്കിസ്ഥാന്‍’ രൂപീകരിക്കുന്നതിലേക്ക് എത്തുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ബി.ജെ.പി പുതിയ ഭരണഘടനയുണ്ടാക്കുമെന്നും ന്യൂനപക്ഷത്തിന്റെ അവകാശങ്ങളെ അവര്‍ ബഹുമാനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ‘അവര്‍ ലോക്‌സഭാ വിജയം ആവര്‍ത്തിക്കുകയാണെങ്കില്‍, നമ്മുടെ ജനാധിപത്യപരമായ ഭരണഘടന നിലനില്‍ക്കില്ല. അവര്‍ പുതിയതു നിര്‍മിക്കും.

ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന ഇന്ത്യയല്ല മഹാത്മാ ഗാന്ധിയും, നെഹ്‌റുവും, സര്‍ദാര്‍ പട്ടേലും, മൗലാനാ ആസാദും സ്വപ്‌നം കണ്ടതെന്നും, അവര്‍ അതിനായല്ല സ്വാതന്ത്ര്യ സമര പോരാട്ടം നടത്തിയത്.’- അദ്ദേഹം അന്നു പറഞ്ഞു.

എന്നാല്‍ അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇതില്‍ മാപ്പ് പറയണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസാണ് പാക്കിസ്ഥാന്റെ രൂപീകരണത്തിനു കാരണമെന്നും തരൂര്‍ ഹിന്ദുക്കളെ അപമാനിക്കുന്നുവെന്നുമായിരുന്നു അവരുടെ ആരോപണം.