വിദ്യാര്‍ത്ഥികളിലെ ലഹരിമരുന്ന് ഉപയോഗം കണ്ടെത്താന്‍ മൂത്രപരിശോധനയുമായി കോലഞ്ചേരി മെഡിക്കല്‍ കോളേജ്; നിയമവിരുദ്ധമെന്ന് പൊലീസ്
Education
വിദ്യാര്‍ത്ഥികളിലെ ലഹരിമരുന്ന് ഉപയോഗം കണ്ടെത്താന്‍ മൂത്രപരിശോധനയുമായി കോലഞ്ചേരി മെഡിക്കല്‍ കോളേജ്; നിയമവിരുദ്ധമെന്ന് പൊലീസ്
ന്യൂസ് ഡെസ്‌ക്
Sunday, 20th January 2019, 7:59 pm

കോഴിക്കോട്: വിദ്യാര്‍ഥികള്‍ ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ കോജജില്‍ അനധികൃത മൂത്ര പരിശോധന. ജനുവരി 17നായിരുന്നു മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് മെഡിക്കല്‍ കോളജില്‍ ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ പുറത്തിറക്കിയത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെടെ 600 ഓളം പേരെ അനധികൃതമായ പരിശോധനയ്ക്ക് സര്‍ക്കുലറിന്റെ പുറത്ത് വിധേയരാക്കാന്‍ മാനേജ്‌മെന്റ് ഒരുങ്ങുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.

കോളജ് ഡീന്‍ ഡോ: കെ.കെ. ദിവാകറിന്റെ പേരില്‍ പുറത്തിറക്കിയ സര്‍ക്കുലറിലാണ് ലഹരി ഉപയോഗം തിരിച്ചറിയാന്‍ മൂത്ര പരിശോധന നടത്തുമെന്ന് അറിയിച്ചത്. എന്നാല്‍ ഇത്തരത്തിലുള്ള ഒരു സര്‍ക്കുലറിനെ കുറിച്ച് യാതൊന്നും അറിയില്ലെന്ന് പ്രിന്‍സിപ്പല്‍ വിശദീകരിച്ചു.

കോളജ് മാനേജ്‌മെന്റാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. എന്നാല്‍ ഇത്തരമൊരു സര്‍ക്കുലര്‍ പുറത്തിറക്കിയത് തന്റെ അറിവോടെയല്ലെന്നും അതിനെ പറ്റി തനിക്ക് യാതൊന്നുമറിയില്ലെന്നുമാണ് പ്രിന്‍സിപ്പല്‍ ഡോ: കെ.കെ. ദിവാകറിന്റെ വിശദീകരണം.

മാനേജ്‌മെന്റ് പുറത്തിറക്കിയ സര്‍ക്കുലറില്‍ ഫോറന്‍സിക് മെഡിസിനിലെ അസി: പ്രഫസറെയാണ് പരിശോധനയ്ക്ക് ചുമതലപ്പെടുത്തിയിരിക്കുന്നത്. വിദ്യാര്‍ഥികള്‍ സഹകരിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. നടപടി നിയമവിരുദ്ധമാണെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ അഭിപ്രായം. എം.ബി.ബി.എസ്. പഠനത്തിന് എത്തുന്നത് പ്രായപൂര്‍ത്തിയായവരും വോട്ടവകാശമുള്ളവരുമാണ്. ഇത് പൗരാവകാശത്തിലേക്കുള്ള കടന്ന് കയറ്റമാണെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ അഭിപ്രായം.

വിദ്യാര്‍ഥികളുമായി കൂടിയാലോചന നടത്താതെയാണ് മൂത്ര പരിശോധന നടത്തിയതെന്ന് വിദ്യാര്‍ഥികള്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. സാധാരണ പി.ടി.എ. മീറ്റിങ് നടത്തിയാണ് സുപ്രധാനമായ തീരുമാനങ്ങള്‍ എടുക്കാറുള്ളത്. എന്നാല്‍ ഈ മൂത്ര പരിശോധന നടത്തുന്നതില്‍ അങ്ങനെയൊന്ന് നടന്നിട്ടില്ല. ഇത് അവകാശങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റമാണെന്നാണ് വിദ്യാര്‍ഥി പക്ഷം.

എന്നാല്‍ ചില വിദ്യാര്‍ഥികള്‍ക്ക് മൂത്രപരിശോധനയോട് വിയോജിപ്പില്ല. ലഹരി ഉപയോഗം കണ്ടെത്തുന്നതില്‍ ഇത്തരം നീക്കങ്ങള്‍ നല്ലതാണ്. പക്ഷെ പി.ടി.എ.മീറ്റിങിലോ നേരത്തെ അറിയിപ്പ് നല്‍കിയോ ആകണം പരിശോധനയെന്ന് മറ്റൊരു വിദ്യാര്‍ഥി ഡൂള്‍ന്യൂസിനോട് പറഞ്ഞു.

മാനേജ്‌മെന്റിന്റെ നടപടി തെറ്റാണെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ അഭിപ്രായം. മെഡിക്കല്‍ പരിശോധനയ്ക്ക് അധികാരം മെഡിക്കല്‍ എക്‌സാമിനറിന് മാത്രമാണെന്നും ഒരു സ്ഥാപനത്തിനും ഇത്തരത്തിലുള്ള അന്വേഷണം നടത്താന്‍ നിയമപരമായി അധികാരമില്ലെന്ന് പൊലീസ് ഡൂള്‍ന്യൂസിനോട് വ്യക്തമാക്കി.

കേസന്വേഷണത്തിന്റെ ഭാഗമായിട്ടുപോലും പൊലീസിന് സ്വന്തം താല്‍പര്യപ്രകാരം പരിശോധന നടത്താന്‍ നിയമ സാധ്യത ഇല്ലാത്ത രാജ്യത്ത് മാനേജ്‌മെന്റിന്റെ ഇത്തരത്തിലുള്ള നടപടി തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ നാട്ടില്‍ ഇത്തരം പരിശോധനയ്ക്ക് വ്യവസ്ഥാപിതമായ ഒരു ചട്ടമുണ്ട്. ചിലപ്പോള്‍ പരിശോധനഫലം മാറാനും തെറ്റാനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ രജിസ്റ്റര്‍ ചെയ്ത എക്‌സാമിനര്‍ മാത്രമേ നിയമപരമായി പരിശോധന നടത്താന്‍ പാടുള്ളുവെന്നും ഓഫീസര്‍ ഡൂള്‍ ന്യൂസിനോട് വ്യക്തമാക്കി.

പരിശോധന ഫലം തെറ്റായാല്‍ ഉണ്ടാകുന്ന പരിണിത ഫലങ്ങളുടെ ഉത്തരവാദിത്തം കോളജ് മാനേജ്‌മെന്റ് ഏറ്റെടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു. അങ്ങനെയിരിക്കെ സ്വകാര്യ സ്ഥാപനത്തില്‍ ഒരു ഫോറന്‍സിക് പ്രഫസറെ ചുമതലപ്പെടുത്തിയുള്ള പരിശോധന നിയമസാധുത ഇല്ലാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോളജ് മാനേജ്‌മെന്റ് ചര്‍ച്ച ചെയ്യാതെ സ്വീകരിച്ച ഈ നടപടി ആര്‍ട്ടിക്കിള്‍ 21 പ്രകാരം കോളജിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ കോളജ് സര്‍ക്കുലര്‍ പുറത്തിറക്കിയ നടപടിയോട് അഡ്വക്കേറ്റ് ആരതിക്ക് വ്യത്യസ്തമായ അഭിപ്രായമാണുള്ളത്. കേരളത്തിലെ സ്വാശ്രയ കോളജുകള്‍ ഇത്തരത്തിലുള്ള സര്‍ക്കുലറുകളും ഇടപെടലുകളും നടത്തുന്നുണ്ട്. കോലഞ്ചേരി മെഡിക്കല്‍ കോളജ് സ്വീകരിച്ച നടപടി ജനാധിപത്യവിരുദ്ധമാണ്. പക്ഷെ നിയമപരമായി തെറ്റൊന്നും കാണാനാവില്ലെന്ന വിശദീകരണമാണ് അഡ്വക്കേറ്റ് ആരതി ഡൂള്‍ന്യൂസിനോട് നല്‍കിയത്.

മാനേജ്‌മെന്റ് നിര്‍ബന്ധപൂര്‍വം ഭീഷണിപ്പെടുത്തി വിദ്യാര്‍ഥികളുടെ മൂത്രം സ്വീകരിക്കുകയാണെങ്കില്‍ അത് ആര്‍ട്ടിക്കിള്‍ 53 പ്രകാരം തെറ്റാണെന്നും ആരതി പറഞ്ഞു. അത് വ്യക്തിയുടെ വ്യക്തി സ്വാതന്ത്രത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും ആരതി കൂട്ടിച്ചേര്‍ത്തു.

പരിശോധനയ്ക്കാണെന്ന അറിവോടെ യൂറിന്‍ നല്‍കുകയും പിന്നീട് മാനേജ്‌മെന്റിനെതിരെ രംഗത്ത് എത്തുകയും ചെയ്താല്‍ അതിന് നിയമസാധുതയില്ലെന്നും ആരതി വ്യക്തമാക്കി.

എന്നാല്‍ ഡൂള്‍ ന്യൂസ് വിദ്യാര്‍ഥികളോട് സംസാരിച്ചപ്പോള്‍ ഭീഷണിയില്ലെന്നും എന്നാല്‍ ഭയമുണ്ടെന്നുമാണ് അറിയാന്‍ കഴിഞ്ഞത്, എതിര്‍ത്താല്‍ തുടര്‍ന്ന് പഠിക്കുന്നതില്‍ ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ടുണ്ടാകുമോ എന്നാണ് വിദ്യാര്‍ഥികളുടെ ഭയം.

ലഹരിമരുന്നിന്റെ ഉപയോഗം കണ്ടെത്തുന്നതിനായി കോലഞ്ചേരി മെഡിക്കല്‍ കോളജ് കൊണ്ടുവന്ന മൂത്രപരിശോധനാ ബുദ്ധി നിയമവ്യവസ്ഥ നിലനില്‍ക്കുന്ന രാജ്യത്ത് നിയമ വിരുദ്ധമാണെന്നും ധാര്‍മികതയ്ക്കും ജനാധിപത്യ മൂല്യങ്ങള്‍ക്കും എതിരാണെന്നുമാണ് വിദഗ്ദാഭിപ്രായം.