മൂന്ന് കുഞ്ഞുങ്ങളുടെ മൃതദേഹം കെട്ടിപിടിച്ച നിലയില്‍; ദുരന്തഭൂമിയായി കൊക്കയാര്‍
Heavy Rain
മൂന്ന് കുഞ്ഞുങ്ങളുടെ മൃതദേഹം കെട്ടിപിടിച്ച നിലയില്‍; ദുരന്തഭൂമിയായി കൊക്കയാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 17th October 2021, 4:44 pm

ഇടുക്കി: കൊക്കയാറില്‍ ഉരുള്‍പൊട്ടലില്‍പ്പെട്ട ആറ് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. നാല് കുട്ടികളുടേയും രണ്ട് മുതിര്‍ന്നവരുടേയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

കല്ലുപുരയ്ക്കല്‍ സിയാദിന്റെ ഭാര്യ ഫൗസിയ (28), ഇവരുടെ മക്കളായിട്ടുള്ള അമീന്‍ സിയാദ് (10) അംന സിയാദ് (7), സിയാദിന്റെ ഭാര്യാസഹോദരന്റെ മക്കളായിട്ടുള്ള അഫ്‌സാന, ആഫിയ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

മണിമലയാറ്റില്‍ ഒഴുക്കില്‍പ്പെട്ട ഷാജിയുടെ മൃതദേഹവും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മൂന്നുവയസുകാരനെയാണ് ഇവിടെയിനി കണ്ടെത്താനുള്ളത്.

മൂന്ന് കുഞ്ഞുങ്ങളുടെ മൃതദേഹം കെട്ടിപിടിച്ച നിലയില്‍ ഒന്നിച്ചായിരുന്നു കിടന്നിരുന്നതെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. അവസാനമെടുത്ത രണ്ട് മൃതദേഹങ്ങളില്‍ ഉമ്മ കുഞ്ഞിനെ കെട്ടിപിടിച്ച് കിടക്കുന്ന തരത്തിലായിരുന്നു.

ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്ത് പരിശോധിക്കുന്നതിന് ഇടയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രാവിലെ ഏഴുമണി മുതല്‍ എന്‍.ഡി.ആര്‍.എഫും പൊലീസും പ്രദേശത്ത് തിരച്ചില്‍ നടത്തുകയാണ്.

കോട്ടയം ജില്ലയിലെ കൂട്ടിക്കലില്‍നിന്ന് ഇന്ന് ഏഴ് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. കാവാലിയിലും പ്ലാപ്പള്ളിയിലുമായാണ് ഏഴുപേരുടെ മൃതദേഹം കണ്ടെത്തിയത്.

ഒരു കുടുംബത്തിലെ ആറ് പേരടക്കം ഇവിടെ ആകെ മരണം പത്തായി. ഇവിടെ എത്രപേരെയാണ് ഇനി കണ്ടെത്താനുള്ളത് എന്നത് സംബന്ധിച്ച് കൃത്യമായ വിവരമില്ല.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kokkayar Landslide Kerala Rain