'കാരണം ഞങ്ങളുടെ അഭ്യന്തര ക്രിക്കറ്റ് അത്രയ്ക്ക് മികച്ചതാണ'; മായങ്ക് അഗര്‍വാളിനെ അപമാനിച്ച കെറി ഒക്കീഫെയ്ക്ക് മറുപടിയുമായി കോഹ്‌ലിയും
Cricket
'കാരണം ഞങ്ങളുടെ അഭ്യന്തര ക്രിക്കറ്റ് അത്രയ്ക്ക് മികച്ചതാണ'; മായങ്ക് അഗര്‍വാളിനെ അപമാനിച്ച കെറി ഒക്കീഫെയ്ക്ക് മറുപടിയുമായി കോഹ്‌ലിയും
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 30th December 2018, 3:59 pm

മെല്‍ബണ്‍: അരങ്ങേറ്റ് ടെസ്റ്റില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ ഇന്ത്യന്‍ ഓപണര്‍ മായങ്ക് അഗര്‍വാളിനെയും ഇന്ത്യന്‍ അഭ്യന്തര ക്രിക്കറ്റിനെയും പരിഹസിച്ച കമന്റേറ്ററും  ഓസീസ് മുന്‍ താരവുമായ കെറി ഒക്കീഫെയ്ക്ക് വിരാട് കോഹ്‌ലിയുടെ മറുപടി.

മെല്‍ബണ്‍ ടെസ്റ്റിലെ വിജയത്തിന് ശേഷം ഗ്രൗണ്ടില്‍ കമന്റേറ്റര്‍ ഇസ ഗുഹയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു കോഹ്‌ലി.

“ഞങ്ങളുടെ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റ് ഗംഭീരമാണ്. അതുകൊണ്ടാണ് ഞങ്ങള്‍ ജയിച്ചത്. ഇന്ത്യയിലെ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റ് സംവിധാനത്തിനാണ് മുഴുവന്‍ ക്രെഡിറ്റും” കോഹ്‌ലി പറഞ്ഞു.

മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനമാണ് ഒക്കീഫെ മായങ്കിനെ പരിഹസിച്ചിരുന്നത്. നാട്ടില്‍ മായങ്ക് ട്രിപ്പിള്‍ സെഞ്ചുറിയൊക്കെ അടിച്ചിട്ടുണ്ടെങ്കിലും അത് ഹോട്ടലിലെ വെയ്റ്റര്‍മാര്‍ക്ക് എതിരേയാണെന്നായിരുന്നു ഒക്കീഫെയുടെ പരിഹാസം. രഞ്ജി ട്രോഫിയില്‍ നേടിയ ട്രിപ്പിള്‍ സെഞ്ചുറിയെ പരിഹസിച്ചായിരുന്നു ഒക്കീഫെയുടെ പരിഹാസം.

സംഭവത്തില്‍ ഒക്കീഫെ മാപ്പ് പറഞ്ഞിരുന്നു. മത്സരത്തിന്റെ സംപ്രേക്ഷകരായ ഫോക്സ് സ്പോര്‍ട്സിന് നല്‍കിയ തുറന്ന കത്തിലാണ് ഒക്കീഫെ ക്ഷമ പറഞ്ഞത്. നാക്കു പിഴ സംഭവിച്ചതാണെന്നും ഇന്ത്യന്‍ ക്രിക്കറ്റിനോട് അനാദരവില്ലെന്നും സ്‌കൂള്‍ വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ മുതല്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ വലിയ ആരാധകനാണ് താനെന്നും ഒക്കീഫ് പറഞ്ഞിരുന്നു.