എഡിറ്റര്‍
എഡിറ്റര്‍
നിങ്ങളെന്തിനാണ് അദ്ദേഹത്തെ വേട്ടയാടുന്നത്; സ്വന്തം കളിയെ കുറിച്ച് നല്ലബോധ്യമുള്ള താരമാണ് ധോണി; ധോണിയെ സംരക്ഷിച്ച് ക്യാപ്റ്റന്‍ കോഹ്‌ലി
എഡിറ്റര്‍
Wednesday 8th November 2017 9:57am


തിരുവനന്തപുരം: ധോണിക്കെതിരെ വിമര്‍ശനം ഉയര്‍ത്തുന്നവര്‍ക്ക് മറുപടിയുമായി വിരാട് കോഹ്‌ലി. ആളുകള്‍ എന്തുകൊണ്ടാണ് ധോണിക്കെതിരെ വിരല്‍ ചൂണ്ടുന്നതെന്ന് മനസിലാകുന്നില്ലെന്ന് കോഹ്‌ലി പറഞ്ഞു. ന്യൂസിലാന്‍ഡിനെതിരായ ട്വന്റി20 പരമ്പര വിജയത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു കോഹ്‌ലി.

അദ്ദേഹത്തിനെതിരെ ആളുകള്‍ വിരല്‍ ചൂണ്ടുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ല. 35 വയസ് കഴിയാത്തത് കൊണ്ട് ബാറ്റിങ്ങില്‍ മൂന്നു തവണ പരാജയപ്പെട്ടാലും ആരും എന്നെ കുറ്റപ്പെടുത്തില്ല. ധോണി പൂര്‍ണ്ണ ആരോഗ്യവാനാണ്. എല്ലാ പരിശോധനകളിലും അദ്ദേഹം പാസായിട്ടുണ്ട്. ധോണിയുടെ തന്ത്രങ്ങള്‍ എല്ലാ നിലയ്ക്കും ടീമിന് ഉപകാരപ്പെടാറുണ്ട്. ശ്രീലങ്കയ്ക്കും ഓസ്‌ട്രേലിയക്കുമെതിരെ മികച്ച ബാറ്റിങ് പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. കോഹ്‌ലി പറയുന്നു.

ഈ പരമ്പരയില്‍ അദ്ദേഹത്തിന് ബാറ്റ് ചെയ്യാന്‍ അധികം സമയം കിട്ടിയിട്ടില്ല. അദ്ദേഹം ബാറ്റ് ചെയ്യാന്‍ വരുന്ന പൊസിഷന്‍ നിങ്ങള്‍ ആലോചിക്കണം. ഹാര്‍ദിക് പാണ്ഡ്യക്ക് പോലും ആ മത്സരത്തില്‍ സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. പിന്നെ എന്തിനാണ് നമ്മള്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നത്. രാജ്‌കോട്ട് ഏകദിനത്തില്‍ ഹാര്‍ദിക് പാണ്ഡ്യയും വേഗം ഔട്ടായിരുന്നു. സൗകര്യത്തിനനുസരിച്ച് ഒരാളെ വേട്ടയാടുന്നത് ശരിയല്ലെന്നും കോഹ്‌ലി പറയുന്നു.

 

ദല്‍ഹിയില്‍ നടന്ന മത്സരത്തിനിടെ ധോണി ഒരു സിക്‌സടിച്ചിരുന്നു. മത്സരത്തിന് ശേഷമുള്ള വിശകലന പരിപാടിയില്‍ അഞ്ചു തവണയാണ് അത് കാണിച്ചിരുന്നത്. പക്ഷെ ഒരു മത്സരത്തില്‍ പരാജയപ്പെട്ടപ്പോള്‍ എല്ലാവരും ധോണിയുടെ ജീവിതത്തിന് പിറകെ പോകുകയാണെന്നും കോഹ്‌ലി പറയുന്നു.

ആളുകള്‍ കുറച്ചുകൂടെ ക്ഷമ കാണിക്കണമെന്നും സ്വന്തം കളി എന്താണെന്ന് നല്ലബോധ്യമുള്ള താരമാണ് അദ്ദേഹം. ധോണിയുടെ കാര്യം മറ്റുള്ളവര്‍ തീരുമാനിക്കേണ്ടതില്ലെന്നും കോഹ്‌ലി പറയുന്നു.

രാജ്‌കോട്ട് ട്വന്റി20 മത്സരത്തില്‍ ഇഴഞ്ഞു നീങ്ങിയുള്ള ധോണിയുടെ കളിക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ധോണിയുടെ സമയം കഴിഞ്ഞെന്ന് അഗാര്‍ക്കറും ലക്ഷ്മണും ഉള്‍പ്പടെയുള്ള മുന്‍ താരങ്ങള്‍ പ്രസ്താവനയിറക്കുകയും ചെയ്തിരുന്നു.

Advertisement