അഞ്ചാം തോല്‍വി; ബൗളര്‍മാര്‍ ബുദ്ധിയുപയോഗിച്ചില്ലെന്ന് വിരാട് കോഹ്‌ലി; തോല്‍വിയിലും നാഴികക്കല്ല് പിന്നിട്ട് ക്യാപ്റ്റന്‍
IPL 2019
അഞ്ചാം തോല്‍വി; ബൗളര്‍മാര്‍ ബുദ്ധിയുപയോഗിച്ചില്ലെന്ന് വിരാട് കോഹ്‌ലി; തോല്‍വിയിലും നാഴികക്കല്ല് പിന്നിട്ട് ക്യാപ്റ്റന്‍
ന്യൂസ് ഡെസ്‌ക്
Saturday, 6th April 2019, 8:48 am

ബെംഗളൂരു: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിലെ തോല്‍വിക്ക് ബൗളര്‍മാരെ പഴിച്ച് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. അംഗീകരിക്കാനാവാത്ത ബൗളിങ്ങായിരുന്നു അവസാന നാലോവറിലേതെന്നു മത്സരശേഷം അദ്ദേഹം പറഞ്ഞു. അഞ്ചുപന്തുകള്‍ ബാക്കിനില്‍ക്കേ അഞ്ചുവിക്കറ്റിനായിരുന്നു കൊല്‍ക്കത്തയുടെ മിന്നുംജയം.

13 പന്തില്‍ 48 റണ്‍സ് നേടിയ ആന്ദ്രേ റസ്സലിന്റെ ഇന്നിങ്‌സായിരുന്നു അഞ്ചാം മത്സരത്തിലെങ്കിലും വിജയം നേടാമെന്നുള്ള കോഹ്‌ലിയുടെ സ്വപ്‌നങ്ങള്‍ തല്ലിക്കൊഴിച്ചത്. ബാറ്റിങ്ങില്‍ ഫോമിലേക്കു തിരിച്ചെത്തിയ ബാറ്റിങ് നിര നേടിയ 205 റണ്‍സ് പ്രതിരോധിക്കാന്‍ ബൗളര്‍മാര്‍ക്കായില്ല. അവസാന 24 പന്തുകളില്‍ 66 റണ്‍സാണു കൊല്‍ക്കത്ത നേടിയത്. റസ്സലിനെപ്പോലുള്ള പവര്‍ ഹിറ്റര്‍മാര്‍ക്കെതിരേ പന്തെറിയുമ്പോള്‍ കൂടുതല്‍ ബുദ്ധിയുപയോഗിക്കണമെന്നും അതുണ്ടായില്ലെന്നും ക്യാപ്റ്റന്‍ പറഞ്ഞു.

Also Read: പാകിസ്ഥാന്റെ എഫ്-16 തകര്‍ത്തു; ഇന്ത്യന്‍ വ്യോമസേന ഉറച്ചു തന്നെ

ആറാം മത്സരത്തില്‍ ടീമില്‍ കാര്യമായ മാറ്റം വരുമെന്ന സൂചനയും ക്യാപ്റ്റന്‍ നല്‍കി. ചില വ്യക്തികള്‍ക്ക് അവസരം നല്‍കേണ്ടതുണ്ടെന്നും ഇപ്പോഴും ടീമിനു സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കളിച്ച അഞ്ചു മത്സരങ്ങളും തോറ്റ ടീമിപ്പോള്‍ പോയന്റ് പട്ടികയില്‍ ഏറ്റവുമൊടുവിലാണ്.

എന്നാല്‍ ടീമിന്റെ ഫീല്‍ഡിങ് പിഴവുകള്‍ക്കു തോല്‍വിയില്‍ കാര്യമായ സ്വാധീനമുണ്ടായി. കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ നാലുതവണയാണ് ഫീല്‍ഡര്‍മാര്‍ ക്യാച്ചുകള്‍ നിലത്തിട്ടത്.

എന്നാല്‍, തോല്‍വിക്കിടയിലും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി തലയുയര്‍ത്തിയാണു മടങ്ങിയത്. ട്വന്റി20 ക്രിക്കറ്റില്‍ 8,000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന നാഴികക്കല്ലാണു കൊല്‍ക്കത്തയ്‌ക്കെതിരേ അദ്ദേഹം പിന്നിട്ടത്.

നാല് സെഞ്ച്വറികളും 58 അര്‍ധ സെഞ്ച്വറികളുമാണു കോഹ്‌ലിയുടെ പേരിലുള്ളത്. 84 റണ്‍സാണ് അദ്ദേഹം കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ നേടിയത്.

Also Read: പഞ്ചാബില്‍ ശിവസേനയുടെ യുവനേതാവിനെ വെടിവെച്ച് കൊന്നു

സുരേഷ് റെയ്‌നയാണ് 8,000 റണ്‍സ് പിന്നിടുന്ന ആദ്യ ഇന്ത്യന്‍ താരം. 306 ട്വന്റി20 മത്സരങ്ങളില്‍നിന്നു റെയ്‌ന നേടിയത് 8110 റണ്‍സാണ്.

വെസ്റ്റിന്‍ഡീസിന്റെ ക്രിസ് ഗെയ്ല്‍ (12,457 റണ്‍സ്), ന്യൂസീലന്‍ഡിന്റെ ബ്രണ്ടന്‍ മക്കല്ലം (9922), കീറണ്‍ പൊള്ളാര്‍ഡ് (9087) എന്നിവരാണു പട്ടികയില്‍ ആദ്യ സ്ഥാനങ്ങളില്‍.