അരനൂറ്റാണ്ടിന്റെ റെക്കോര്‍ഡ് തിരുത്തി കോഹ്‌ലിപ്പട
Cricket
അരനൂറ്റാണ്ടിന്റെ റെക്കോര്‍ഡ് തിരുത്തി കോഹ്‌ലിപ്പട
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 30th December 2018, 1:09 pm

മെല്‍ബണ്‍: നാട്ടില്‍ പൂലികളാണെങ്കിലും വിദേശത്ത് പൂച്ചക്കുട്ടികളാണെന്ന വിമര്‍ശനം വര്‍ഷങ്ങളായി ഇന്ത്യന്‍ ടീമിനുണ്ട്. വിദേശത്തെ വേഗമേറിയ പിച്ചുകളിലെ ബൗണ്‍സറുകളേയും യോര്‍ക്കുകളേയും അതിജീവിക്കാന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കാവില്ലെന്ന വിമര്‍ശനം ശക്തമായിട്ടുണ്ട്. അതിനൊരു തിരുത്താണ് ഇന്ത്യയ്ക്ക് 2018.

ഇന്ത്യ ഏഷ്യയ്ക്ക് പുറത്ത് ഏറ്റവും കൂടതല്‍ ടെസ്റ്റ് വിജയം നേടിയ കൊല്ലമാണിത്. ഓസ്‌ട്രേലിയയില്‍ അഡ്‌ലെയ്ഡിലും മെല്‍ബണിലും വിജയിച്ച ഇന്ത്യ കലണ്ടര്‍ വര്‍ഷം ജോഹന്നാസ്‌ബെര്‍ഗിലും ട്രെന്റ് ബ്രിഡ്ജിലും വിജയക്കൊടി പാറിച്ചു.

1968ല്‍ ന്യുസീലന്‍ഡില്‍ നേടിയ മൂന്ന് ടെസ്റ്റ് ജയങ്ങളാണ് വിദേശ പിച്ചിലെ ഇന്ത്യയുടെ സര്‍വകാല റെക്കോര്‍ഡ് ജയം. അരനൂറ്റാണ്ടിനിപ്പുറം കോഹ്‌ലിപ്പട അത് തിരുത്തിയിരിക്കുകയാണ്. കലണ്ടര്‍ വര്‍ഷം നാല് ജയം ഇന്ത്യ സ്വന്തമാക്കി കഴിഞ്ഞു. അതും ആധികാരികമായി തന്നെ.

മന്‍സൂര്‍ അലിഖാന്‍ പട്ടൗഡിയുടെ ഇന്ത്യന്‍ നിര അന്ന് ഗ്രഹാം ഡൗലിങിന്റെ കിവീസ് പടയെ പരമ്പര സ്വന്തമാക്കിയിരുന്നു. നാല് മത്സരമുള്ള പരമ്പരയില്‍ ഇന്ത്യ മൂന്ന് ജയം സ്വന്തമാക്കി.

ALSO READ: മെല്‍ബണില്‍ ചരിത്ര നിമിഷം; ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ജയം

മഴയേയും ഓസ്ട്രേലിയന്‍ വാലറ്റത്തിന്റെ പ്രതിരോധത്തേയും മറികടന്ന് ഇന്ത്യ ഇന്ന് മെല്‍ബണില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ചരിത്ര ജയം സ്വന്തമാക്കിയിരുന്നു. മഴമാറി കളി പുനാരാരംഭിച്ച ഇന്ത്യ ക്ഷണനേരം കൊണ്ട് രണ്ട് വിക്കറ്റുകള്‍ പിഴുതാണ് ജയം ഉറപ്പിച്ചത്.

63 റണ്‍സെടുത്ത് പ്രതിരോധക്കോട്ട തീര്‍ത്ത പാറ്റ് കമ്മിന്‍സിനെ ബുംറ വീഴ്ത്തിയപ്പോള്‍ അവസാന വിക്കറ്റായ നഥാന്‍ ലിയോണിനെ പുറത്താക്കി ഇശാന്ത് ശര്‍മയും ജയം ഒരുക്കി. 137 റണ്‍സിന്റെ മികച്ച ജയമാണ് മെല്‍ബണിലെ പിച്ചില്‍ ഇന്ത്യ കുറിച്ചത്.

ഓസ്ട്രേലിയയെ തോല്‍പിച്ചതോടെ 150-ാമത് ടെസ്റ്റ് ജയമാണ് ഇന്ത്യ കുറിച്ചത്. ടെസ്റ്റില്‍ 150 ജയമെന്ന മൈല്‍സ്റ്റോണ്‍ മറികടക്കുന്ന അഞ്ചാമത്തെ ടീമാണ് ഇന്ത്യ. 37 കൊല്ലത്തിന് ശേഷമാണ് ഇന്ത്യ മെല്‍ബണ്‍ മണ്ണില്‍ ടെസ്റ്റ് ജയം കുറിക്കുന്നത്.