എഡിറ്റര്‍
എഡിറ്റര്‍
എല്‍.ഡി.എഫിന്റെ വാതിലുകള്‍ വീരേന്ദ്രകുമാറിന് മുന്നില്‍ അടച്ചിട്ടില്ല; പാര്‍ട്ടിയിലേക്ക് തിരിച്ചുവരണമെന്ന് കോടിയേരി
എഡിറ്റര്‍
Wednesday 29th November 2017 3:06pm

തിരുവനന്തപുരം: വീരേന്ദ്രകുമാര്‍ പുനര്‍ വിചിന്തനം നടത്തി തിരിച്ചു വരണമെന്നും എല്‍.ഡി.എഫിന്റെ വാതിലുകള്‍ അദ്ദേഹത്തിന് മുന്നില്‍ അടച്ചിട്ടില്ലെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

യു.ഡി.എഫിന്റെ പടയൊരുക്കം കഴിയും മുന്‍പ് അവരുടെ ഒരു രാജ്യസഭ എംപി സ്ഥാനം രാജിവയ്ക്കാന്‍ പോകുന്നതു മുന്നണിക്കുള്ളിലെ ചേരിതിരിവിന്റെയും പൊട്ടിത്തെറിയുടെയും ഫലമായാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ബി.ജെ.പി ബന്ധത്തിന്റെ പേരില്‍ എം.പി സ്ഥാനം രാജിവയ്ക്കാന്‍ എടുത്ത തീരുമാനം സി.പി.ഐ.എം സ്വാഗതം ചെയ്യുന്നു. യു.ഡി.എഫ് നല്‍കിയ എംപി സ്ഥാനം രാജിവയ്ക്കുന്നതും സ്വാഗതാര്‍ഹമാണെന്നും കോടിയേരി പറഞ്ഞു.

എല്‍.ഡി.എഫ് വിട്ടു പോയ ആര്‍.എസ്.പിയും ജനതാദള്‍ വീരേന്ദ്ര വിഭാഗവും തിരിച്ചു വരണമെന്നു സി.പി.ഐ.എം നേരത്തെ ആവശ്യപ്പെട്ടതാണ്. വീരേന്ദ്രകുമാര്‍ തീരുമാനം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ തുടര്‍ നടപടികളിലേക്കു സി.പി.ഐ.എം കടക്കുമെന്നും അദ്ദേഹം പറഞ്ഞു.

വീരേന്ദ്രകുമാര്‍ മടങ്ങി വരുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.

അതേസമയം എല്‍.ഡി.എഫിലേക്ക് പോകുകയാണെന്ന വാര്‍ത്ത നിഷേധിച്ച് വീരേന്ദ്രകുമാര്‍ രംഗത്തെത്തി. എം.പി സ്ഥാനം രാജിവെക്കാന്‍ നേരത്തെ തീരുമാനിച്ചതാണ്. നിതീഷ് കുമാറിനും സംഘപരിവാറിനുമൊപ്പം തുടരാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisement