എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യയിലെയും കേരളത്തിലെയും പല ബി.ജെ.പി നേതാക്കന്മാരും അന്യ മതസ്ഥരെ വിവാഹം കഴിച്ചിട്ടുണ്ട്; അതെല്ലാം ലവ് ജിഹാദ് ആണോയെന്ന് യോഗി വ്യക്തമാക്കണം: കോടിയേരി
എഡിറ്റര്‍
Thursday 5th October 2017 9:20pm


വേങ്ങര: കേരളത്തില്‍ ലവ് ജിഹാദുണ്ടെന്ന യു.പി മുഖ്യമന്ത്രി യോഗി ആദ്യത്യനാഥിന്റെ പ്രസ്ഥാവനയ്ക്ക് മറുപടിയുമായി സിപി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ലവ് ജിഹാദ് എന്ന് ആര്‍.എസ്.എസ് പറയുന്നത് വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ കല്യാണം കഴിക്കുന്നതിനെ കുറിച്ചും ജീവിത പങ്കാളികളായി മാറുന്നതിനെയും കുറിച്ചാണെന്ന് കോടിയേരി പറഞ്ഞു.


Also Read: ഫേസ്ബുക്കിലൂടെ തെറിവിളിച്ചയാളെ നേരില്‍ കണ്ടു സുഹൃത്താക്കി; സോഷ്യല്‍മീഡിയയില്‍ വൈറലായി പ്രവാസി യുവാക്കള്‍


വേങ്ങരയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കോടിയേരി യോഗിയുടെ പ്രസ്ഥാവനയ്‌ക്കെതിരെ രംഗത്തെത്തിയത്. ഇന്ത്യയിലെയും കേരളത്തിലെയും പല ബി.ജെ.പി നേതാക്കന്മാരും അന്യമതസ്ഥരെ കല്ല്യാണം കഴിച്ചിട്ടുണ്ടല്ലോയെന്നും അതെല്ലാം ലവ് ജിഹാദാണോയെന്നും കോടിയേരി ചോദിച്ചു.

‘ബി.ജെ.പിയുടെ ദേശീയനേതാവും കേന്ദ്ര സര്‍ക്കാരിലെ മന്ത്രിയുമായ മുഖ്താര്‍ അബ്ബാസ് നഖ്വി ചെയ്തത് ലവ് ജിഹാദ് ആണോ? അദ്ദേഹം കല്യാണം കഴിച്ചത് സ്വന്തം മതത്തില്‍ പെട്ട ആളെയാണോ? അതും ലവ് ജിഹാദ് ആയാണോ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കരുതുന്നത്. യോഗി ആദിത്യനാഥിന്റെ സംസ്ഥാനത്തില്‍ പെട്ട ആളാണല്ലോ ഈ മുഖ്താര്‍ അബ്ബാസ് നഖ്വി’ കോടിയേരി ചോദിച്ചു.

‘മറ്റൊരു ബി.ജെ.പി നേതാവും മുന്‍ കേന്ദ്ര മന്ത്രിയും ബി.ജെ.പിയുടെ ഇപ്പോഴത്തെ അഖിലേന്ത്യാ സെക്രട്ടറിയുമായ ഷാനവാസ് ഹുസൈന്‍ കല്യാണം കഴിച്ചത് സ്വന്തം മതത്തില്‍ പെട്ട ആളെയല്ല. ബി.ജെ.പിയുടെ നിരവധി നേതാക്കന്മാര്‍ ഇങ്ങനെ വിവാഹം ചെയ്തതൊക്കെ ലവ് ജിഹാദിന്റെ ഭാഗമായിരുന്നോ എന്ന് യോഗി ആദിത്യനാഥ് വ്യക്തമാക്കണം’ അദ്ദേഹം പറഞ്ഞു.


Dont Miss: ‘കുമ്മനത്തെ തേച്ച് അമിത് ഷാ മുങ്ങി’; ജനരക്ഷാ യാത്രയെ ചാകരയാക്കി ട്രോളന്മാര്‍; ട്രോളുകള്‍ കാണം


‘കേരളത്തിലും ഇന്ത്യയുടെ മറ്റു സ്ഥലങ്ങളിലും വ്യത്യസ്ത മതത്തില്‍ പെട്ട ആളുകള്‍ കല്യാണം കഴിക്കുന്നുണ്ട്. അവര്‍ ഒന്നിച്ചു ജീവിക്കുന്നുണ്ട്. അത്തരം എത്രയോ സംഭവങ്ങള്‍ ഇന്ത്യാ രാജ്യത്തു നടക്കുന്നു. എന്നാല്‍ കേരളത്തിലെ ഇത്തരം വിവാഹങ്ങള്‍ മാത്രം ഒറ്റ തിരിച്ച് അവതരിപ്പിക്കുന്നത് രാഷ്ട്രീയ ഉദ്ദേശ്യത്തോടെയാണ്’

‘ലവ് ജിഹാദ് എനത് വര്‍ഗീയ പ്രചരണത്തിനു വേണ്ടിയുള്ള ഒരു പ്രചാരവേലയാണെന്ന വസ്തുത ജനങ്ങള്‍ തിരിച്ചറിയണം. ബി.ജെ.പി നേതാക്കള്‍ ചെയ്യുന്നത് മഹത്വവല്‍ക്കരിക്കുകയും മറ്റുള്ളവരുടേതൊക്കെ ലവ് ജിഹാദായി അവതരിപ്പിക്കുകയും ചെയ്യുന്ന ആര്‍.എസ്.എസിന്റെ ശൈലി അവരുടെ വര്‍ഗീയ കാഴ്ചപ്പാടിന്റെ ഏറ്റവും വലിയ തെളിവാണ് ഇത്തരം പ്രചാരവേലകള്‍ക്കായാണ് ബി.ജെ.പി യാത്ര നടത്തുന്നത്.’ അദ്ദേഹം പറഞ്ഞു

Advertisement