എഡിറ്റര്‍
എഡിറ്റര്‍
പിണറായിയെ തെരഞ്ഞ് പിടിച്ച് വേട്ടയാടാന്‍ സി.ബി.ഐയും യു.ഡി.എഫും നടത്തിയ ശ്രമങ്ങള്‍ക്കേറ്റ തിരിച്ചടി: കോടിയേരി
എഡിറ്റര്‍
Wednesday 23rd August 2017 3:13pm

തിരുവനന്തപുരം: പിണറായിയെ തെരഞ്ഞെ് പിടിച്ച് വേട്ടയാടാന്‍ ശ്രമിച്ച യു.ഡി.എഫിന്റെയും സി.ബി.ഐയുടെയും ശ്രമങ്ങള്‍ക്കേറ്റ തിരിച്ചടിയാണ് കോടതിവിധിയെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാഷ്ട്രീയ ഉദ്ദേശ്യം വെച്ചായിരുന്നു പിണറായിയെ പ്രതിചേര്‍ത്തത്. വിധി സ്വാഗതാര്‍ഹമാണ്. എതിരാളികള്‍ക്ക് ആരോപണങ്ങള്‍ ഉന്നയിക്കാനുള്ള അവസരം ഇല്ലാതായെന്നും കോടിയേരി പറഞ്ഞു.

അന്നത്തെ മന്ത്രി എന്ന നിലയ്ക്ക് പിണറായിയുടെ ഭാഗത്ത് നിന്നും തെറ്റുപറ്റിയില്ലെന്നതിനുള്ള ക്ലീന്‍ചിറ്റാണ് കോടതി നല്‍കിയിരിക്കുന്നത്. പിണറായിയെ കുറ്റവിമുക്തനാക്കിയ സി.ബി.ഐ തിരുവനന്തപുരം കോടതിയുടെ വിധിയെ സാധൂകരിക്കുകയാണ് ഹൈക്കോടതി ഇന്ന് നടത്തിയത്.

വിജിലന്‍സ് കുറ്റവിമുക്തനാക്കിയ പിണറായിക്കെതിരെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന്റെ തലേന്നാണ് സി.ബി.ഐ അന്വേഷണത്തിന് യു.ഡി.എഫ് ഉത്തരവിട്ടത്. കേന്ദ്രത്തില്‍ യു.പി.എക്കുള്ള പിന്തുണ സി.പി.ഐ.എം പിന്‍വലിച്ചതിന് പിന്നാലെയായിരുന്നു ഇത്. ഇപ്പോള്‍ എല്ലാ വശങ്ങളും പരിശോധിച്ചാണ് കോടതി ഉത്തരവിട്ടതെന്നും കോടിയേരി പറഞ്ഞു.

പിണറായിയുടെ തൊപ്പിയില്‍ ഒരു തുവല്‍ കൂടി ചേര്‍ത്ത വിധിയാണിത്. രാഷ്ട്രീയ എതിരാളികളെ നേരിടുന്നതിന് സി.ബി.ഐയെ ഉപയോഗപ്പെടുത്തുന്നതിന്റെ തെളിവാണ് ഈ കേസ്. സി.ബി.ഐ പിണറായിെയ വേട്ടയാടുകയായിരുന്നെന്ന് ഹൈകോടതി വിധി ന്യായത്തിലും വ്യക്തമാക്കിയിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.

Advertisement