എഡിറ്റര്‍
എഡിറ്റര്‍
ഒരു ബൂത്തില്‍ ഒരു ബീഫ് കട തുറക്കുമോ? കുമ്മനം മറുപടി പറയണം; പ്രഖ്യാപനത്തില്‍ അമിത് ഷാ ഉറച്ചുനില്‍ക്കുമോയെന്നും കോടിയേരി
എഡിറ്റര്‍
Tuesday 4th April 2017 10:02am

തിരുവനന്തപുരം: തന്നെ വിജയിപ്പിക്കുകയാണെങ്കില്‍ മലപ്പുറം മണ്ഡലത്തിലെല്ലായിടത്തും ആവശ്യത്തിന് ബീഫ് ലഭ്യമാക്കാമെന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ വാഗ്ദാനത്തില്‍ പരിഹാസവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

മലപ്പുറത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥി പറയുന്നത്, തന്നെ വിജയിപ്പിച്ചാല്‍ ഗുണമേന്‍മയുള്ള ബീഫ് വിതരണം ചെയ്യുമെന്നാണ്.
താന്‍ ജയിച്ചാല്‍ ബൂത്തുകള്‍ തോറും ഓരോ ബീഫ് കട എന്നാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ പ്രഖ്യാപനം.

ഇത് സംബന്ധിച്ച് ബി.ജെ.പി പ്രസിഡന്റും ആര്‍.എസ്.എസ് പ്രചാരകനുമായ കുമ്മനം രാജശേഖരന്റെ നിലപാട് കേരള സമൂഹത്തോട് തുറന്നുപറയണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.

ആര്‍.എസ്.എസ് നേതൃത്വവും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ദേശീയ തലത്തില്‍, ഒരു ബൂത്തില്‍ ഒരു ബീഫ് കട എന്ന പ്രഖ്യാപനത്തില്‍ ഉറച്ച് നില്‍ക്കുയെന്നും കോടിയേരി ചോദിക്കുന്നു. അവസരവാദ രാഷ്ട്രീയത്തിന്റെ അപ്പോസ്തലനായി നില്‍ക്കുകയാണ് ബി.ജെ.പിയെന്നും കോടിയേരി പറഞ്ഞു.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബീഫ് നിരോധിക്കുന്ന നിലപാട് സ്വീകരിക്കുന്ന ബി.ജെ.പി പക്ഷേ മലപ്പുറത്ത് കളം മാറ്റിയാണ് ചവിട്ടിയിരിക്കുന്നത്. ബി.ജെ.പി സ്ഥാനാര്‍ത്ഥി എന്‍. ശ്രീപ്രകാശ് തന്നെയാണ് ബീഫ് രാഷ്ട്രീയത്തെ മലപ്പുറത്തേക്ക് എത്തിച്ചിരിക്കുന്നത്.


Dont Miss ഏത് ബട്ടണ്‍ അമര്‍ത്തിയാലും വോട്ട് ബി.ജെ.പിക്ക്: മധ്യപ്രദേശില്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി തുടരുന്നു; രണ്ട് പേരെ കൂടി സ്ഥലംമാറ്റി 


നല്ല ബീഫ് കഴിക്കുന്നതിനോട് ബി.ജെ.പിക്ക് എതിര്‍പ്പില്ലെന്നും ബീഫ് നിരോധനമുളള സംസ്ഥാനങ്ങളില്‍ പശുവിനെ കശാപ്പ് ചെയ്യുന്നതാണ് നിയമലംഘനമാവുന്നതെന്നും ശ്രീപ്രകാശ് പറഞ്ഞിരുന്നു.

ബിഫ് നിരോധനത്തെ അനുകൂലിക്കുന്നയാള്‍ എന്ന പേരില്‍ തനിക്കാരും വോട്ടു ചെയ്യാതിരിരിക്കരുതെന്നും ശ്രീപ്രകാശ് അഭ്യര്‍ഥിച്ചിരുന്നു.

നേരത്തേ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ബീഫ് വിഷയത്തില്‍ ബി.ജെ.പി തന്ത്രം മാറ്റി പിടിച്ചിരുന്നു. ബി.ജെ.പിയെ വിജയിപ്പിച്ചാല്‍ ബീഫ് നിരോധിക്കില്ലെന്നും അതുകൊണ്ട് ധൈര്യമായി ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്നുമാണ് അവിടെ ബി.ജെ.പി ജനങ്ങളോട് ആവശ്യപ്പെടുന്നത്.

Advertisement