എഡിറ്റര്‍
എഡിറ്റര്‍
സി.പി.ഐ നിലപാട് ശത്രുക്കളെ സഹായിക്കുന്നത്; മുന്നണി സംവിധാനത്തില്‍ ഇത്തരം നിലപാടാണോ സ്വീകരിക്കേണ്ടതെന്ന് നേതൃത്വം ആലോചിക്കണമെന്നും കോടിയേരി
എഡിറ്റര്‍
Thursday 16th November 2017 5:39pm

തിരുവനന്തപുരം: മുന്‍ ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടിയുടെ രാജിയില്‍ സി.പി.ഐ നിലാപാടിനെതിരെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മന്ത്രിസഭായോഗത്തില്‍ നിന്നു വിട്ടുനിന്ന സി.പി.ഐ മന്ത്രിമാരുടെയും തുടര്‍ന്ന് ജനയുഗത്തിലൂടെ സി.പി.ഐ സംസ്ഥാന സെക്രട്ടറി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെയും കോടിയേരി രംഗത്തെത്തി.


Also Read: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വനിതാ ഹോസ്റ്റലില്‍ ക്യാമറ; നടപടി കുട്ടികളുടെ ‘സദാചാരം പരിശോധിക്കാന്‍’


നിര്‍ണായക മന്ത്രിസഭായോഗത്തില്‍ നിന്നും മാറിനില്‍ക്കാനുള്ള സി.പി.ഐയുടെ തീരുമാനം അപക്വമായിരുന്നെന്നും ഈ തീരുമാനത്തിലൂടെ സി.പി.ഐ യു.ഡി.എഫിനെ സഹായിച്ചുവെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

‘തോമസ് ചാണ്ടിയുടെ രാജി ഉണ്ടാവുമെന്ന് തലേന്ന് തന്നെ സി.പി.ഐക്ക് ഉറപ്പ് നല്‍കിയിരുന്നു. കാര്യങ്ങളെല്ലാം സി.പി.ഐയെ ധരിപ്പിച്ചിരുന്നു. എന്നിട്ടും മുന്നറിയിപ്പില്ലാതെ സി.പി.ഐ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചു. ഇത് അപക്വമായ നിലപാടാണ്. മുന്നണി സംവിധാനത്തില്‍ ഇങ്ങനെയാണോ പെരുമാറേണ്ടതെന്ന് സി.പി.ഐ ആലോചിക്കണം.’ കോടിയേരി പറഞ്ഞു.

യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള തീരുമാനത്തിലൂടെ സിപിഐ മുന്നണി മര്യാദ ലംഘിക്കുകയായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നകാര്യം മുഖ്യമന്ത്രിയെ നേരത്തെ അറിയിക്കണമായിരുന്നു. ഏതാനും സമയങ്ങള്‍ക്കുള്ളില്‍ മന്ത്രി രാജിവെയ്ക്കുമ്പോള്‍ അതിന്റെ ഖ്യാതി തങ്ങള്‍ സ്വീകരിച്ച നടപടികൊണ്ടാണെന്ന് വ്യഖ്യാനിക്കാനാണ് ഇത്തരമൊരു സമീപനം സി.പി.ഐ. സ്വീകരിച്ചത് എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. ഇത് മുന്നണി മര്യാദയ്ക്ക് യോജിച്ചതല്ല.’അദ്ദേഹം പറഞ്ഞു.


Dont Miss: ‘നിങ്ങള്‍ മുസ്‌ലീമാണെന്ന് ഒറ്റനോട്ടത്തില്‍ തിരിച്ചറിയും, അതുകൊണ്ട് ജോലിയില്ല’ ഹിജാബ് ധരിച്ച മുസ്‌ലിം യുവതിയ്ക്ക് ജോലി നിഷേധിച്ച് ദല്‍ഹിയിലെ അനാഥാലയം


മന്ത്രി തോമസ് ചാണ്ടിയുടെ രാജി വൈകിയത് സ്വാഭാവികമായ സമയമെടുത്തതുകൊണ്ടാണെന്നും കോടിയേരി വിശദീകരിച്ചു. ‘കൈയ്യടി തങ്ങള്‍ക്കും വിമര്‍ശം മറ്റുള്ളവര്‍ക്കും എന്ന നിലപാട് മുന്നണി സംവിധാനത്തില്‍ നടപ്പാവില്ല. ഇത് ശത്രുക്കളെ സഹായിക്കുന്ന നടപടിയാണ്. സോളാര്‍ കേസില്‍ വികൃതമായ മുഖം രക്ഷിക്കാനുള്ള യു.ഡി.എഫ് ശ്രമത്തിന് സി.പി.ഐ ശക്തിപകര്‍ന്നു. ഇനിയും ശത്രുക്കള്‍ക്ക് ആയുധം കൊടുക്കാതെ ഇടത് മുന്നണി ജാഗ്രത പാലിക്കണം’ കോടിയേരി പറഞ്ഞു.

മന്ത്രിസഭയില്‍ എന്‍.സി.പിക്ക് മന്ത്രിസ്ഥാനമുണ്ട്. തല്‍ക്കാലം അത് ഒഴിച്ചിടും. അഖിലേന്ത്യാ കാഴ്ചപ്പാട് വച്ചുകൊണ്ടാണ് സി.പി.ഐയും സി.പി.ഐ.എമ്മും നിലപാടുകള്‍ സ്വീകരിക്കുന്നത്. ഇത്തരമൊരു പ്രശ്നത്തിന്റെ പേരില്‍ മുന്നണി ബന്ധം തകരും എന്ന് കരുതുന്നില്ല. രാഷ്ട്രീയ വിഷയങ്ങളില്‍ സി.പി.ഐക്കും സി.പി.ഐ.എമ്മിനും ഭിന്നാഭിപ്രായമില്ല. ഒരു തര്‍ക്കം ഉണ്ടാവുമ്പോള്‍ ഈ രീതിയിലല്ല പ്രതികരിക്കേണ്ടത്.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement