'മന്ത്രിയായിരിക്കെ ശബരിമലയില്‍ ചെന്നപ്പോള്‍ ലാല്‍സലാം വിളിച്ചാണ് അഭിവാദ്യം ചെയ്തത്'; എന്‍.എസ്.എസിന്റെ ശരിദൂര നിലപാടില്‍ കോടിയേരി ബാലകൃഷ്ണന്‍
KERALA BYPOLL
'മന്ത്രിയായിരിക്കെ ശബരിമലയില്‍ ചെന്നപ്പോള്‍ ലാല്‍സലാം വിളിച്ചാണ് അഭിവാദ്യം ചെയ്തത്'; എന്‍.എസ്.എസിന്റെ ശരിദൂര നിലപാടില്‍ കോടിയേരി ബാലകൃഷ്ണന്‍
ന്യൂസ് ഡെസ്‌ക്
Wednesday, 16th October 2019, 2:09 pm

ആലപ്പുഴ: ശബരിമലയില്‍ പോകുന്നവരില്‍ ഏറെയും സി.പി.ഐ.എമ്മുകാരെന്നു കോടിയേരി ബാലകൃഷ്ണന്‍. മന്ത്രിയായിരിക്കെ അവിടെച്ചെന്നപ്പോള്‍ ലാല്‍സലാം വിളിച്ചാണ് താന്‍ അഭിവാദ്യം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

അരൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് കോടിയേരി ഇക്കാര്യം പറഞ്ഞത്. ശരിദൂര നിലപാട് സ്വീകരിക്കാന്‍ കാരണം ശബരിമലയാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ഇന്നു പറഞ്ഞതിനു മറുപടിയായാണു കോടിയേരി ഇക്കാര്യം പറഞ്ഞത്.

‘എന്‍.എസ്.എസ് പറയുന്ന ശരിദൂരം ആര്‍ക്കും അനുകൂലമെന്നു വ്യാഖ്യാനിക്കാം. വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്നു പറഞ്ഞത് എന്‍.എസ്.എസിലെ കോണ്‍ഗ്രസുകാരനാണ്. എല്‍.ഡി.എഫുകാരനായ എന്‍.എസ്.എസുകാരന്‍ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എല്‍.ഡി.എഫ് ഒരു സമുദായത്തിനും എതിരല്ല. എന്‍.എസ്.എസ് പലഘട്ടങ്ങളിലും പ്രകോപനപരമായ നിലപാടെടുക്കാറുണ്ട്. എല്‍.ഡി.എഫ് അതില്‍ വീഴാന്‍ ഉദ്ദേശിക്കുന്നില്ല. എന്‍.എസ്.എസ് പാര്‍ട്ടിയുണ്ടാക്കി മത്സരിച്ചപ്പോഴും ഇടതുപക്ഷം കേരളത്തില്‍ വിജയിച്ചിട്ടുണ്ട്.’- അദ്ദേഹം പറഞ്ഞു.

ഇത്തവണ അയ്യപ്പന്‍ ഇടതുപക്ഷത്തിനൊപ്പമാണെന്ന പ്രസ്താവനയുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

‘ഇത്തവണ ശബരിമല അയ്യപ്പന്‍ ഇടതുപക്ഷത്തിനൊപ്പമാണ്. അത്രയേറെ സഹായം ദേവസ്വം ബോര്‍ഡിനും ശബരിമലയ്ക്കും ഇടതുപക്ഷ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. മറ്റൊരു സര്‍ക്കാരും ശബരിമല വികസനത്തിനായി ഇത്രയേറെ തുക ചെലവിട്ടിട്ടില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ ഭഗവാന്‍ ശ്രീ അയ്യപ്പന്‍ സഹായിക്കുമെന്നായിരുന്നു മന്ത്രി ഇ.പി ജയരാജന്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന. ശബരിമല വിഷയം തങ്ങള്‍ക്കു സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

‘ശബരിമല വിഷയത്തില്‍ ജനങ്ങള്‍ ഞങ്ങളുടെ നിലപാട് അംഗീകരിച്ചു. ഇടതുപക്ഷം ശരിയായ നിലപാട് അന്നും ഇന്നും എടുത്തുകൊണ്ടിരിക്കുകയാണ്. നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഭഗവാന്‍ ശ്രീ അയ്യപ്പന്‍ ഞങ്ങളെ സഹായിക്കും.’- അദ്ദേഹം പറഞ്ഞു.

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ആര്‍ക്കെങ്കിലും അനുകൂലമായി വോട്ട് ചെയ്യാന്‍ എന്‍.എസ്.എസ് നിര്‍ദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ തെരഞ്ഞെടുപ്പിലും അവര്‍ക്ക് അവരുടേതായ നിലപാടുണ്ടെന്നും അദ്ദേഹം പറഞ്ഞു.