ക്ഷേത്ര പരിസരത്ത് ബ്രാഹ്മണര്‍ക്ക് പ്രത്യേക ശുചിമുറിയെന്ന ബോര്‍ഡ്; ദേവസ്വം ബോര്‍ഡ് അന്വേഷിക്കും
Caste Discrimination
ക്ഷേത്ര പരിസരത്ത് ബ്രാഹ്മണര്‍ക്ക് പ്രത്യേക ശുചിമുറിയെന്ന ബോര്‍ഡ്; ദേവസ്വം ബോര്‍ഡ് അന്വേഷിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th March 2020, 8:23 pm

തൃശ്ശൂര്‍: കുറ്റുമുക്ക് മഹാദേവ ക്ഷേത്ര പരിസരത്ത് സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പുറമെ ബ്രാഹ്മണര്‍ക്ക് പ്രത്യേക ശുചിമുറി എന്ന ബോര്‍ഡ് സ്ഥാപിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ദേവസ്വം ബോര്‍ഡ്. കൊച്ചിന്‍ ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍ ജയകുമാറാണ് സംഭവം അന്വേഷിക്കുക.

ബ്രാഹ്മിന്‍സ് എന്ന പേരില്‍ ശുചിമുറിക്ക് മുന്നില്‍ ബോര്‍ഡ് എഴുതിയത് സാമൂഹ്യ മാധ്യമങ്ങളില്‍ വിവാദമായതിന് പിന്നാലെയാണ് ദേവസ്വം ബോര്‍ഡിന്റെ നടപടി. 2003ല്‍ സ്ഥാപിച്ച ബോര്‍ഡാണിതെന്നാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.ബി മോഹനന്‍ വിശദീകരിച്ചത്.

സംഭവം വിവാദമായതിന് പിന്നാലെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ വില്‍വട്ടം മേഖലാ നേതൃത്വം ക്ഷേത്ര ഭാരവാഹികള്‍ക്കും കൊച്ചിന്‍ ദേവസ്വത്തിനും രേഖാമൂലം പരാതി നല്‍കിയിരുന്നു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനാണ് പരാതി നല്‍കിയിരിക്കുന്നത്.

വേദം പഠിച്ച ഹിന്ദുക്കളെ ജാതിഭേദമന്യേ പൂജാരിയായി നിയമിക്കുന്ന കാലത്ത് ബ്രാഹ്മണര്‍ക്ക് പ്രത്യേക ശൗചാലയം ഒരുക്കുന്നത് നിലനില്‍ക്കുന്ന നിയമങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കുമെതിരാണെന്ന് പരാതിയില്‍ പറയുന്നു.

വില്‍വട്ടം മേഖലാ കമ്മിറ്റി പ്രസിഡന്റ് അരവിന്ദ് പള്ളിയിലും വി.സി രാജീവുമാണ് പരാതി നല്‍കിയത്.

നടപടിയെടുക്കാമെന്ന് ക്ഷേത്ര ഭാരവാഹികള്‍ ഉറപ്പു നല്‍കിയതായും ചുവരെഴുത്ത് നീക്കം ചെയ്തതായും ഡി.വൈ.എഫ്.ഐ വില്‍വട്ടം മേഖലാ പ്രസിഡന്റ് അരവിന്ദ് പള്ളിയില്‍ പറഞ്ഞു.

അരവിന്ദ് ജി. ക്രിസ്റ്റോ എന്ന ഗവേഷക വിദ്യാര്‍ത്ഥി ഉത്സവത്തിനെത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രമാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍ ആയത്.

കൊല്ലങ്ങള്‍ക്കു ശേഷം ഉത്സവത്തിനെത്തിയപ്പോഴാണ് ഈ ബോര്‍ഡ് ശ്രദ്ധയില്‍പ്പെട്ടതെന്നും പുരോഗമനപരമായി ചിന്തിക്കുന്ന കേരളത്തില്‍ ഇങ്ങനെ കണ്ടപ്പോള്‍ ഞെട്ടല്‍ തോന്നിയെന്നും അരവിന്ദ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘ഞാന്‍ ദല്‍ഹിയില്‍ പഠിക്കുകയാണ്. ഞാനും അച്ഛനും കൂടി കൊല്ലങ്ങള്‍ക്കു ശേഷമാണ് പൂരത്തിന് പോയത്. പൂരം കണ്ട് അമ്പലത്തിന് സമീപത്തു കൂടെ നടക്കുകയായിരുന്നു ഞങ്ങള്‍. ആനയെ കണാന്‍ പറ്റുമെന്ന് കരുതി സൈഡിലേക്ക് നീങ്ങിയപ്പോളാണ് ഇത് കണ്ടത്. അമ്പലക്കുളത്തിനും റോഡിനും അടുത്തായാണ് ഈ ശുചിമുറി. ഞാന്‍ ഉത്തരേന്ത്യയില്‍ പല ക്ഷേത്രങ്ങളിലും പോയിട്ടുണ്ട്. അവിടെയൊന്നും പരസ്യമായി ഇങ്ങനെ കണ്ടിട്ടില്ല. പുരോഗമനപരമായി ചിന്തിക്കുന്ന കേരളത്തില്‍ ഇങ്ങനെ കണ്ടപ്പോള്‍ ഞെട്ടല്‍ തോന്നി,’ അരവിന്ദ് പറഞ്ഞു.

പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകമായി ശുചിമുറി വേര്‍തിരിച്ചതിന് സമാനമായാണ് ഇതിനോട്് ചേര്‍ന്ന് തന്നെ ബ്രാഹ്മണര്‍ക്ക് മാത്രമായും ശുചിമുറി നിര്‍മ്മിച്ചിരിക്കുന്നത്. സ്ത്രീകള്‍, പുരുഷന്‍മാര്‍, ബ്രാഹ്മിന്‍സ് എന്നിങ്ങനെ മൂന്ന് ചുവരെഴുത്തുകള്‍ ഇവയ്ക്ക് മുന്നില്‍ ഉണ്ട്.

ദല്‍ഹിയില്‍ ട്രൈബല്‍ വിഭാഗം ഗവേഷക വിദ്യാര്‍ത്ഥിയാണ് അരവിന്ദ് ക്രിസ്റ്റോ. വിഷയം ശ്രദ്ധയില്‍പെട്ടകതോടെയാണ് ഡി.വൈ.എഫ്.ഐ വില്‍വട്ടം മേഖലാകമ്മിറ്റി ക്ഷേത്രത്തിന്റെ പ്രവൃത്തിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. പരാതിക്കു പിന്നാലെ ശുചിമുറിക്കു മുകളില്‍ ബ്രാഹ്മണര്‍ എന്നെഴുതിയത് മായ്ച്ചു കളഞ്ഞിരുന്നു.

ദളിതനെ പൂജാരിയാക്കിയ അതേ കേരളത്തിലാണ് ഇത്തരത്തിലുള്ള ജാതിവിവേചനം നടക്കുന്നതെന്നാണ് ഉയര്‍ന്നുവരുന്ന ആരോപണം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ചരിത്രത്തില്‍ ആദ്യമായി 6 ദളിതര്‍ അടക്കം 36 അബ്രാഹ്മണ ശാന്തിമാരെ നിയമിക്കാന്‍ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ശുപാര്‍ശ ചെയ്തിരുന്നു.

പി.എസ്.സി മാതൃകയില്‍ എഴുത്തുപരീക്ഷയും, അഭിമുഖവും നടത്തിയാണ് പാര്‍ട്ട് ടൈം ശാന്തി തസ്തികയിലേക്കുള്ള നിയമനപട്ടിക ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് തയ്യാറാക്കിയത്.

ശാന്തി നിയമനത്തിലെ അഴിമതി ഒഴിവാകാനും ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. ജാതിയല്ല മാനദണ്ഡമാക്കേണ്ടതെന്നും പൂജാവിധികളിലെ അറിവാണെന്നും സുപ്രീം കോടതി വിധി കൂടി കണക്കിലെടുത്താണ് സുപ്രധാന തീരുമാനം. റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളിലേക്ക് ആകെ 62 ശാന്തിമാരെ നിയമിക്കുന്നതിനാണ് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. പൂജാവിധികളിലുള്ള അറിവടക്കം അളന്ന പരീക്ഷക്കും അഭിമുഖത്തിനും ശേഷം മുന്നോക്ക വിഭാഗത്തില്‍ നിന്ന് 26 പേര്‍ മെറിറ്റ് പട്ടിക പ്രകാരം ശാന്തി നിയമനത്തിന് യോഗ്യത നേടി.

പിന്നാക്കവിഭാഗങ്ങളില്‍ നിന്ന് 3 6 പേരും നിയമനപട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇതില്‍ 16 പേര്‍ മെറിറ്റ് പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്. പട്ടിക ജാതി വിഭാഗത്തില്‍ നിന്ന് ആറ് പേരെ ശാന്തിമാരായി നിയമിക്കുന്നത് തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ്. ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ശുപാര്‍ശ പ്രകാരം ഇനി ദേവസ്വം ബോര്‍ഡിന് നിയമനം നടത്താം.

WATCH THIS VIDEO: