എഡിറ്റര്‍
എഡിറ്റര്‍
കൊച്ചി മെട്രോ ഡി.എം.ആര്‍.സിക്ക്, പദ്ധതി മൂന്ന് വര്‍ഷത്തിനകം: ഉമ്മന്‍ ചാണ്ടി
എഡിറ്റര്‍
Wednesday 24th October 2012 12:25pm

ന്യൂദല്‍ഹി: കൊച്ചി മെട്രോ പദ്ധതിയില്‍ നിന്നും ഇ. ശ്രീധരനെ ഒഴിവാക്കുന്ന പ്രശ്‌നമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഡി.എം.ആര്‍.സി തന്നെ പദ്ധതി ഏറ്റെടുക്കുമെന്നും ഇ. ശ്രീധരന്റെ നേതൃത്വത്തില്‍ പദ്ധതി മുന്നോട്ട് പോകുമൊന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കൊച്ചി മെട്രോ വിഷയവുമായി ബന്ധപ്പെട്ട് ഇ. ശ്രീധരനുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Ads By Google

കൊച്ചി മെട്രോ പദ്ധതി നടത്തിപ്പ് ഇ. ശ്രീധരന് തന്നെയായിരിക്കും. ഇക്കാര്യത്തില്‍ മാറ്റമൊന്നും ഇല്ല. കേന്ദ്രത്തിന്റെ അനുമതി ലഭിക്കുന്നത് മുന്‍പ് തന്നെ പദ്ധതി ഡി.എം.ആര്‍.സിയെ ഏല്‍പ്പിച്ചതാണ്.

ഇതിന്റെ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ദല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതുമായും കേന്ദ്രമന്ത്രി കമല്‍നാഥുമായും ചര്‍ച്ച നടത്തും. ഇതിന്റെ ഭാഗമായി ഈ മാസം 28 ന് ദല്‍ഹിക്ക് പോകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

31 ന് ദല്‍ഹിയില്‍ ചേരുന്ന യോഗത്തിന് ശേഷം മന്ത്രി ആര്യാടന്‍ മുഹമ്മദുമായും ഡി.എം.ആര്‍.സി മുന്‍ ചെയര്‍മാന്‍ ഇ.ശ്രീധരനുമായും ഒരിക്കല്‍ കൂടി ചര്‍ച്ച നടത്തുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കൊച്ചി മെട്രോയുടെ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ ഒന്‍പത് മാസങ്ങള്‍ക്കു മുന്‍പ് ആരംഭിച്ചിരുന്നു. കരാറായാല്‍ പദ്ധതി മൂന്ന് വര്‍ഷത്തിനകം പൂര്‍ത്തിയാക്കും.

ഇന്ന് തന്നെ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനു കത്തെഴുതും. തിരുവനന്തപുരം, കോഴിക്കോട് മോണോ റയില്‍ പദ്ധതിയും ഡി.എം.ആര്‍.സി ഏറ്റെടുക്കണമെന്ന് കത്തില്‍ ആവശ്യപ്പെടും.

മെട്രോ പദ്ധതി നടത്തിപ്പിനായി എന്‍ജിനീയര്‍മാര്‍ക്ക് പരിശീലനം നല്‍കിക്കഴിഞ്ഞു. ഇതിനായുള്ള പ്രത്യേക ഡോക്യുമെന്‍സും തയ്യാറാക്കി. പദ്ധതി മൂന്ന് വര്‍ഷത്തിനുള്ളില്‍ പ്രാവര്‍ത്തികമാകുമെന്നാണ് കരുതുന്നത്.

ദല്‍ഹിക്ക് പുറത്തുള്ള പദ്ധതികള്‍ ഏറ്റെടുക്കുന്നതിന് ഡി.എം.ആര്‍.സിക്ക് തടസമുണ്ടെന്ന കെ.എം.ആര്‍.എല്‍ ഡയരക്ട്രല്‍ ബോര്‍ഡ് യോഗത്തിലുണ്ടായ ആശയക്കുഴപ്പമാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത് എന്നാല്‍, അതിനും എട്ടോ ഒമ്പതോ മാസങ്ങള്‍ക്ക് മുമ്പ് തന്നെ കൊച്ചി മെട്രോയുടെ പ്രവൃത്തികള്‍ക്ക് ഡി.എം.ആര്‍.സി തുടക്കമിട്ടു കഴിഞ്ഞിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

മെട്രോ നാല് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാമെന്നായിരുന്നു ശ്രീധരന്‍ പറഞ്ഞത്. എന്നാല്‍, മൂന്ന് വര്‍ഷത്തിനകം തന്നെ പദ്ധതി മുഴുമിപ്പിക്കണമെന്ന് താന്‍ ശ്രീധരനോട് ആവശ്യപ്പെട്ടു. അദ്ദേഹം അത് ഉറപ്പു നല്‍കുകയും ചെയ്തു.

കൊച്ചി മെട്രോ മാത്രമല്ല തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും മോണോ റെയിലിന്റെ മേല്‍നോട്ടംകൂടി ശ്രീധരനെ ഏല്‍പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമയബന്ധിതമായി പ്രവൃത്തി പൂര്‍ത്തികരിക്കാന്‍ ഏറ്റവും പറ്റിയ ഏജന്‍സി ഡി.എം.ആര്‍.സി തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാറുമായി ഒരു അഭിപ്രായ വ്യത്യാസവുമില്ലെന്ന് ഇ. ശ്രീധരനും അറിയിച്ചു.

Advertisement