മീടു; റിയാസ് കോമുവിനെതിരായ അന്വേഷണം ബിനാലെ ഫൗണ്ടേഷന്‍ അവസാനിപ്പിച്ചു; കഴിഞ്ഞ ആഴ്ചകളിലായി പരാതികളൊന്നും ലഭിച്ചില്ലെന്ന് വിശദീകരണം
MeToo
മീടു; റിയാസ് കോമുവിനെതിരായ അന്വേഷണം ബിനാലെ ഫൗണ്ടേഷന്‍ അവസാനിപ്പിച്ചു; കഴിഞ്ഞ ആഴ്ചകളിലായി പരാതികളൊന്നും ലഭിച്ചില്ലെന്ന് വിശദീകരണം
ന്യൂസ് ഡെസ്‌ക്
Thursday, 28th March 2019, 11:28 pm

കൊച്ചി: മീടു വെളിപ്പെടുത്തലില്‍ ആര്‍ട് പ്രഫഷണല്‍ റിയാസ് കോമുവിനെതിരായ അന്വേഷണം അവസാനിപ്പിച്ച് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍. കഴിഞ്ഞ നിരവധി ആഴ്ചകളിലായി കോമുവിനെതിരെ പരാതികളൊന്നും ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കൊച്ചി മുസ്‌രിസ് ബിനാലെയുടെ സംഘാടകരായ ബിനാലെ ഫൗണ്ടേഷന്‍ അന്വഷണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

നാലാമത് കൊച്ചി മുസ്‌രിസ് ബിനാലെയുടെ സമാപന ചടങ്ങില്‍ കെ.ബി.എഫ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്. മുന്‍ കേരള ചീഫ് സെക്രട്ടറി ആയിരുന്നു ലിസ്സി ജേക്കബിന്റെ നേതൃത്വത്തിലുള്ള ആന്തരിക പരാതി സമിതിയായിരുന്നു കോമുവിനെതിരെ അജ്ഞാതയായ യുവതിയുടെ വെളിപ്പെടുത്തലിനെ ആസ്പദമാക്കി അന്വേഷണം നടത്തിയത്. തുടര്‍പരാതികളൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ കേസ് അവസാനിപ്പിക്കാമെന്ന് സമിതിയുടെ നിര്‍ദേശം ഉള്‍ക്കാണ്ടതില്‍ നിന്നും കെ.ബി.എഫ് ഇത്തരം ഒരു തീരുമാനത്തില്‍ എത്തിച്ചേരുകയായിരുന്നു.

റിയാസ് കോമു ബിനാലെ സംഘാടക സമിതിയിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുമെന്നും കെ.ബി.എഫിന്റെ പ്രസ്താവനയില്‍ പറയുന്നതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

തനിക്കെതിരെയുള്ള ആരോപണം കെ.ബി.എഫ് കൈകാര്യം ചെയ്യുന്ന രീതിയില്‍ അസംതൃപ്തി പ്രകടിപ്പിച്ച് കോമു ഫൗണ്ടേഷനുമായുള്ള എല്ലാ ബന്ധങ്ങളും ഈ മാസം ആദ്യം വിച്ഛേദിച്ചിരുന്നു. തന്നെ മനപ്പൂര്‍വം കുടുക്കാനും ബിനാലയെ തകര്‍ക്കാനുമുള്ള ശ്രമമാണിതെന്നും, തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ആയിരുന്നു കോമുവിന്റെ വാദം. തന്നെ ഡയരക്ടര്‍ ഓഫ് പ്രോഗ്രാം പദവിയില്‍ നിന്നും നീക്കിയ ബിനാലെയുടെ നിലവിലെ ക്യുറേറ്റര്‍ അനിതാ ഡുബെയ്‌ക്കെതിരെയും കോമു വിമര്‍ശനം ഉന്നയിച്ചിരുന്നു.

ഫോര്‍ട്ടു കൊച്ചിയില്‍ ബിനാലെ നടക്കുന്ന സമയത്ത് കോമു ഹോട്ടല്‍ മുറിയില്‍ കയറി ആക്രമിച്ചു തന്നെ ആക്രമിച്ചു എന്നായിരുന്നു അജ്ഞാതയുടെ വെളിപ്പെടുത്തല്‍. കലാമേഖലയില്‍ നിന്നുള്ള ലൈംഗിക അക്രമികളെ തുറന്നു കാട്ടാന്‍ ആരംഭിച്ച ഇന്‍സ്റ്റാഗ്രാം പേജില്‍ പേര് വെളിപ്പെടുത്താത്ത ചിത്രകലാ വിദ്യാര്‍ത്ഥിനിയായിരുന്നു വെളിപ്പെടുത്തല്‍ നടത്തിയത്.

ചിത്രകാരിയുടെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം:

ഞാനൊരു വിദ്യാര്‍ത്ഥിനിയാണ്. രണ്ടു വര്‍ഷം മുന്‍പ് ഞാന്‍ മുംബൈയില്‍ വച്ചാണ് ശില്‍പിയും ബിനാലെ കലാകാരനുമായ റിയാസ് കോമുവിനെ കാണുന്നത്. അന്ന് ബിനാലെ കാണുവാന്‍ വരണമെന്ന് പറഞ്ഞിരുന്നു.

ബിനാലെക്ക് കൊച്ചിയിലെത്തിയപ്പോള്‍ എന്നെ സ്റ്റുഡിയോയിലേയ്ക്ക് ക്ഷണിച്ചു.അവിടെ വച്ച് തുടയിലും കയ്യിലും പിടിച്ചു. ഇവിടെ എന്തിനാണ് വന്നതെന്ന് ചോദിച്ചു. ജോലിയുടെ ആവശ്യത്തിനാണ് എന്ന് പറയുമ്പോഴും എനിക്ക ഒന്നും മനസ്സിലായിരുന്നു.

ഞാന്‍ ആവശ്യപ്പെടാതെ എന്നോടൊപ്പം തിരിച്ച് റൂമിലേക്ക് വന്ന അയാള്‍ റുമില്‍ കയറിയപ്പോള്‍ ബലമായി ഉമ്മ വക്കുകയും ആക്രമിക്കുകയും ചെയ്തു.

പിന്നെയും പല തവണ അയാള്‍ എന്നോട് മോശമായി പെറുമാറി.