തെരുവിലെ സംഘര്‍ഷങ്ങളെ ജനാധിപത്യവിശ്വാസികള്‍ ചെറുത്തുതോല്‍പ്പിക്കണം
Opinion
തെരുവിലെ സംഘര്‍ഷങ്ങളെ ജനാധിപത്യവിശ്വാസികള്‍ ചെറുത്തുതോല്‍പ്പിക്കണം
ഗണേഷ് കെ.എന്‍
Wednesday, 2nd January 2019, 10:09 pm

ഇന്നലത്തെ വനിതാ മതിലും ഇന്ന് രാവിലെ ബിന്ദുവും കനകദുര്‍ഗയും കൂടി നടത്തിയ ശബരിമല ചവിട്ടലും കേരള സമൂഹത്തിന്റെ വളര്‍ച്ചയിലൊരു വഴിത്തിരിവായി മാറിയിരിക്കുകയാണ്. വഴിത്തിരിവിന്റെ പ്രധാനപ്പെട്ട കാരണങ്ങളില്‍ ഒന്ന്, കൃത്യമായി സ്ത്രീ പ്രശ്നത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഒരു വലിയൊരു സംഘാടനത്തിന് ആദ്യമായി കേരളം സാക്ഷ്യം വഹിച്ചുവെന്നുള്ളതാണ്. യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വന്നതിനു ശേഷം പലതവണ സ്ത്രീകള്‍ മലചവിട്ടാന്‍ ശ്രമിച്ചു. അവയോരോന്നും തടസപ്പെട്ടു. അവര്‍ക്ക് തിരിച്ചുവരേണ്ടി വന്നു. അവസാനം മലചവിട്ടുന്നതില്‍ ജയിച്ചു എന്നുള്ളത് രണ്ടാമത്തെ പ്രധാനപ്പെട്ട വഴിത്തിരിവായിട്ടാണ് ഞാന്‍ കാണുന്നത്.

ഈ രണ്ട് മുന്നേറ്റങ്ങളും കേരളത്തിന്റെ മൊത്തത്തിലുള്ള സമൂഹചരിത്രത്തില്‍ ഒരു പ്രധാനപ്പെട്ട ധ്രുവീകരണത്തിലേക്ക് നയിക്കും എന്നാണ് തോന്നുന്നത്. ആ ധ്രുവീകരണത്തിന്റെ സ്വഭാവം ഒന്ന് നവോത്ഥാനത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ വീണ്ടും കേരള സമൂഹത്തിന്റെ ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്നിട്ടുണ്ട് എന്നുള്ളതാണ്. ഈ ചര്‍ച്ചകളുടെ കേന്ദ്രസ്ഥാനത്തേക്ക് കടന്നുവന്നിരിക്കുന്നത് സ്ത്രീകളാണ് എന്നുള്ളതാണ് ആ മാറ്റത്തിലെ പ്രധാന ഘടകം. ഇതിനു മുമ്പ് കേരളത്തിലെ നവോത്ഥാനത്തില്‍ ജാതി-മത-സാമുദായിക ശക്തികള്‍ക്ക് പ്രാധാന്യം ഉണ്ടായിരുന്നു. ഇപ്പോഴത് സ്ത്രീകളുടെ നേരിട്ടുള്ള അസര്‍ഷന്‍ എന്ന രീതിയിലേക്ക് മാറി.

തീര്‍ച്ചയായും സ്ത്രീകളുടെ ഇടയില്‍ പലതരത്തിലുള്ള കാഴ്ചപ്പാടുകളുള്ളവരുണ്ട്. വിശ്വാസികളുണ്ട്. അവിശ്വാസികളുണ്ട്. അങ്ങനെ പലതരത്തിലുള്ള ആളുകളുണ്ട്. പക്ഷേ അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന ധ്രുവീകരണത്തിന്റെ അടിസ്ഥാന രൂപം സംഘടിത ആചാര വിശ്വാസ രാഷ്ട്രീയത്തിന്റെയും അതിനെതിരായി നില്‍ക്കുന്ന ജനാധിപത്യ കാഴ്ചപ്പാടുള്ള ആളുകളും തമ്മിലുള്ള സംഘര്‍ഷമായിട്ടാണ് ഞാന്‍ മനസിലാക്കുന്നത്.

ഈ വൈരുദ്ധ്യം ഇപ്പോള്‍ നമ്മുടെ ചുറ്റും നടക്കുന്ന പ്രകടനങ്ങളില്‍ വ്യക്തമാണ്. സ്ത്രീകള്‍ മലചവിട്ടിയെന്നു പറയുന്ന ജനാധിപത്യപരമായ, പൗരാവകാശപരമായ നമ്മുടെ നവോത്ഥാന നേട്ടങ്ങളുടെ തുടര്‍ച്ചയായി വന്ന ഒരു പ്രധാനപ്പെട്ട കാര്യത്തെ അംഗീകരിക്കാന്‍ സാധാരണ വലതുപക്ഷത്തിന്റെ ഭാഗമല്ലാത്ത കോണ്‍ഗ്രസിനെ പോലുള്ള പാര്‍ട്ടികള്‍ക്ക് പോലും കഴിയുന്നില്ല എന്നതാണ്. ആ വലതുപക്ഷം അതിശക്തമായി അതിനെ എതിര്‍ക്കുകയാണ്. അതായത് ഒരു വശത്ത് ജനാധിപത്യപരമായ, ഭരണഘടനാപരമായ തത്വങ്ങളെ അംഗീകരിച്ചുകൊണ്ടുള്ള, അതിന്റെ അടിസ്ഥാന തത്വങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ ഒരു പുതിയ സമൂഹം കെട്ടിപ്പടുക്കാനായിട്ടുള്ള ശ്രമം നടത്തുന്ന ഒരു വിഭാഗവും മറുവശത്ത് അതിനെ പരസ്യമായി തന്നെ ലംഘിക്കുന്ന പരസ്യമായി തന്നെ നിരാകരിക്കുന്ന മറ്റൊരു വിഭാഗവും തമ്മിലുള്ള തര്‍ക്കം.

രാവിലെ തന്നെ ശബരിമല തന്ത്രി, അദ്ദേഹത്തിന് ഒരു കാരണവശാലും അവകാശമില്ലാത്ത ഒരു കാര്യത്തിലാണ് ഇടപെട്ടത്. പരിഹാരക്രിയ എന്ന പേരില്‍ അവിടെ രാവിലെ നടയടച്ചു. പരിഹാരക്രിയയാണ് നടത്തേണ്ടത് എന്നുണ്ടെങ്കില്‍ അതിന്റെ അര്‍ത്ഥം സുപ്രീം കോടതിയുടെ തീര്‍പ്പിനെ ലംഘിക്കുകയെന്നതാണ്. കാരണം തന്ത്രിയോ തന്ത്രിയുടെ കൂടെയുള്ള ആളുകളോ ആരും സ്ത്രീകളുടെ മലചവിട്ടലിനെ അംഗീകരിക്കുന്നില്ലായെന്നും അതോടു കൂടി അവര്‍ സുപ്രീം കോടതിയുടെ തീര്‍പ്പിനെയും അംഗീകരിക്കുന്നില്ല എന്നും പരസ്യമായി തന്നെ പ്രഖ്യാപിക്കുകയാണ്. അതുകൊണ്ടാണ് അവര്‍ പുണ്യാഹം തളിക്കുക, ശുദ്ധിക്രിയ നടത്തുക എന്നിവയൊക്കെ നടത്തുന്നത്.

അങ്ങനെ വരുമ്പോള്‍ ഇത് നേരിട്ടുതന്നെ നമ്മുടെ ഭരണഘടനാപരമായ ജനാധിപത്യ വ്യവസ്ഥയും ഇത്തരത്തിലുള്ള വിശ്വാസികളുടെ പേരില്‍ വര്‍ത്തമാനം പറയുന്ന ആളുകളും തമ്മില്‍ നേരിട്ടുള്ള കോണ്‍ഫ്ളിക്റ്റ് രൂപപ്പെടും എന്നുള്ളതാണ് മനസിലാക്കേണ്ടത്. വിശ്വാസികള്‍ എല്ലാവരും അതിന്റെ ഭാഗമാണെന്ന് ഞാന്‍ പറയുന്നില്ല. ആ സംഘര്‍ഷത്തിന്റെ ഒരു സ്വാഭാവം എന്തായിരിക്കും എന്ന് ഇപ്പോള്‍ പറയാനാവില്ല. തീര്‍ച്ചയായിട്ടും അത് കേരളത്തെ സംബന്ധിച്ചിടത്തോളം വളരെപ്രധാനപ്പെട്ട സംവാദങ്ങളിലേക്ക് ഒക്കെ തന്നെ അത് വഴിതെളിയിക്കുമെന്നാണ് ഞാന്‍ മനസിലാക്കുന്നത്.

സംഘര്‍ഷത്തിന്റെ പ്രത്യക്ഷത്തിലുള്ള പ്രയോഗവത്കരണമാണ് ഇപ്പോള്‍ തെരുവില്‍ കണ്ടു കൊണ്ടിരിക്കുന്നത്. അതിനോട് ജനാധിപത്യവിശ്വാസികളെല്ലാം പ്രതികരിക്കേണ്ടതുണ്ട്.

ഗണേഷ് കെ.എന്‍
ചരിത്രകാരന്‍, അധ്യാപകന്‍