'ആ കിണറുമുണ്ട്, ഞാനുമുണ്ട്, കിണറ്റിലിറങ്ങിയ ആളൊഴികെ'; കിണറ്റിലിറങ്ങാതെ തന്നെ അഴീക്കോട് വിജയിക്കുമെന്ന് കെ. എം ഷാജി
Kerala News
'ആ കിണറുമുണ്ട്, ഞാനുമുണ്ട്, കിണറ്റിലിറങ്ങിയ ആളൊഴികെ'; കിണറ്റിലിറങ്ങാതെ തന്നെ അഴീക്കോട് വിജയിക്കുമെന്ന് കെ. എം ഷാജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 27th March 2021, 9:00 pm

കണ്ണൂര്‍: അഴീക്കോട് മണ്ഡലത്തില്‍ ഇത്തവണയും കിണറ്റിലിറങ്ങാതെ തന്നെ താന്‍ ജയിക്കുമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. എം ഷാജി. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് മീഡിയാ വണ്ണിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ കെ. എം ഷാജിക്കെതിരെ ഇടതുസ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് മാധ്യമപ്രവര്‍ത്തകനായ എം. വി നികേഷ് കുമാറായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അദ്ദേഹം കിണറിലിറങ്ങിയത് വലിയ രീതിയില്‍ ട്രോളുകള്‍ക്കും പരിഹാസങ്ങള്‍ക്കും ഇടയാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു കെ. എം ഷാജിയുടെ പ്രതികരണം.

കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കിണറൊക്കെ ഇപ്പോഴും ബാക്കിയുണ്ടോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം.

‘ആ കിണറും അവിടെയുണ്ട്, ഞാനും അവിടെയുണ്ട്. കിണറ്റിലിറങ്ങിയ ആള്‍ മാത്രം ഇല്ല. ഇത്തവണയും കിണറ്റിലിറങ്ങാതെ തന്നെ അഴീക്കോട് മണ്ഡലത്തില്‍ ജയിക്കും,’ എന്നാണ് കെ. എം ഷാജി പറഞ്ഞത്.

 

അഴീക്കോട് മണ്ഡലത്തിലെ ശുദ്ധജല ദൗര്‍ലഭ്യം പൊതുജനങ്ങള്‍ക്ക് മുമ്പില്‍ കൊണ്ടുവരാനും ഇതിന് താന്‍ പരിഹാരം കാണുമെന്ന് ഉറപ്പ് നല്‍കാനുമായിരുന്നു നികേഷ് പരിപാടി അവതരിപ്പിച്ചത്.

ശുദ്ധജല പ്രശ്‌നത്തില്‍ നിലവിലെ എം.എല്‍.എ യാതൊരു നടപടിയുമെടുക്കാത്തതിനെ വിമര്‍ശിച്ച് കൊണ്ടായിരുന്നു നികേഷിന്റെ പരിപാടി.

തനിക്കെതിരായ അഴിമതി പ്രചാരണങ്ങളൊന്നും തന്റെ തെരഞ്ഞെടുപ്പ് വിജയത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 2,287 വോട്ടിന്റെ വ്യത്യാസത്തിലാണ് അഴീക്കോട് മണ്ഡലത്തില്‍ കെ എം ഷാജി കഴിഞ്ഞ തവണ ജയിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: KM Shaji trolls Nikesh Kumar and says he will the election at Azhikode