എഡിറ്റര്‍
എഡിറ്റര്‍
ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ ആധിപത്യം; അത്ഭുത കുതിപ്പുമായി കെ.എല്‍ രാഹുല്‍
എഡിറ്റര്‍
Thursday 30th March 2017 6:17pm


ദുബായ്: ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ ഓപ്പണര്‍ കെ.എല്‍ രാഹുലിന് മുന്നേറ്റം. പരമ്പരയ്ക്ക് മുമ്പ് 57ാം റങ്കിലായിരുന്ന താരം നാലു മത്സരങ്ങളള്‍ അവസാനിച്ചപ്പോള്‍ 11ാം റാങ്കിലാണ് എത്തിയിരിക്കുന്നത്. പൂജാരയുടേയും കോഹ്‌ലിയുടേയും പുറകില്‍ ഇന്ത്യന്‍ താരങ്ങളില്‍ മൂന്നാമാകാനും രാഹുലിന് കഴിഞ്ഞു.


Also read പാര്‍വതീ.. അവാര്‍ഡ് വാങ്ങാന്‍ റെഡിയായിക്കോ..;മലയാള സിനിമ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ന്നതോര്‍ത്ത് അഭിമാനം: ജയസൂര്യ 


പരമ്പരയിലെ താരമായി മാറിയ രവീന്ദ്ര ജഡേജയ്ക്കും ആര്‍. അശ്വിനും റാങ്കിങ്ങില്‍ നേട്ടം സമ്മാനിച്ച പരമ്പര കൂടിയായിരുന്നു ഓസീസിനെതിരെ നടന്ന നാലു മത്സര പരമ്പര. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി റാങ്കിങ്ങില്‍ പിന്നോട്ടിറങ്ങിയതൊഴിച്ചാല്‍ ടീംമഗങ്ങള്‍ക്കെല്ലാം മികച്ച നേട്ടമാണ് പരമ്പര സമ്മാനിച്ചത്.

24കാരനായ കെ.എല്‍ രാഹുല്‍ കര്‍ണ്ണാടകയില്‍ നിന്നുള്ള വലം കെയ്യന്‍ ബാറ്റ്‌സ്മാനാണ്. കരിയറിലെ മികച്ച റാങ്കിങ് കണ്ടെത്തിയ താരം 46 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് 11ാം സ്ഥാനത്തെത്തിയിരിക്കുന്നത്. പരമ്പരയില്‍ 64, 10, 90,51, 67, 60 എന്നിങ്ങനെയായിരുന്നു താരത്തിന്റെ പ്രകടനം.

ബൗളര്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ സ്പിന്‍ താരങ്ങളായ രവീന്ദ്ര ജഡേജയും ആര്‍ അശ്വിനുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍. പരമ്പരയുടെ തുടക്കത്തില്‍ ഒന്നാം സ്ഥാനം പങ്കിട്ട താരങ്ങളില്‍ മൂന്നാം മത്സരശേഷമാണ് ജഡേജ ഒന്നാം സ്ഥാനത്തെത്തുന്നത്. ഇരുവര്‍ക്കും പുറമേ പേസ് ബൗളര്‍ ഉമേഷ് യാദവിന് തന്റെ കരിയറിലെ മികച്ച സ്ഥാനം കണ്ടെത്താനും പരന്രയിലൂടെ കഴിഞ്ഞു. 21ാം സ്ഥാനത്താണ് യാദവ് എത്തിയിരിക്കുന്നത്.

ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ അശ്വിനെ മറികടന്ന് ജഡേജ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ അശ്വിന്‍ മൂന്നാം സ്ഥാനത്തേക്കിറങ്ങി. ബംഗ്ലാദേശ് താരം ഷാകിബ് അല്‍ ഹസനാണ് പട്ടികയില്‍ ഒന്നാമതുള്ളത്. പരമ്പരക്കിടെ ഷാകിബിനെ മറികടന്ന് അശ്വിന്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നെങ്കിലും ശ്രീലങ്കയുമായുള്ള മത്സരത്തിലെ മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ഷാകിബ് ഒന്നാം സ്ഥാനം തിരിച്ച് പിടിക്കുകയായിരുന്നു.

Advertisement