എഡിറ്റര്‍
എഡിറ്റര്‍
ക്യാന്‍സര്‍ ചികിത്സക്കിടെ രക്തം സ്വീകരിച്ച ഒമ്പതുകാരിയ്ക്ക് എച്ച്.ഐ.വി; സംഭവം വിദഗ്ദ്ധ സംഘം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി
എഡിറ്റര്‍
Friday 15th September 2017 7:56am

തിരുവനന്തപുരം: തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സക്കിടെ രക്തം സ്വീകരിച്ച കുട്ടിക്ക് എച്ച്.ഐ.വി ബാധിച്ച സംഭവം വിദഗ്ദ്ധസംഘം അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. കുട്ടിയുടെ രക്ഷിതാവിന്റെ പരാതി കിട്ടിയ ഉടനെതന്നെ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആര്‍.സി.സി ഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നു.

ആലപ്പുഴ മെഡിക്കല്‍ കോളേജ്,തിരുവനന്തപുരം മെഡിക്കല്‍ കോളേജ് , ആര്‍.സി.സി എന്നീ സ്ഥാപനങ്ങളില്‍ നിന്ന് അല്ലാത്ത വിദഗ്ദരെയാണ് സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. എ.ആര്‍.ടി വിഭാഗത്തിലുള്ളവര്‍, പാത്തോളജി,ബ്ലഡ് ബാങ്ക് എന്നീ വിഭാഗങ്ങളിലെ വിദഗ്ദര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് അന്വേഷണം നടത്തുക.

നേരത്തെ നടത്തിയ ടെസ്റ്റുകളില്‍ വ്യത്യസ്തമായ റിസള്‍ട്ട് കണ്ടതിനെ തുടര്‍ന്നാണ് കൂടുതല്‍ വിദഗ്ദപരിശോധന നടത്താന്‍ ആവശ്യപ്പെട്ടത്. ഡി.എം.ഇ ഡോ.ശ്രീകുമാരിയുടെ നേതൃത്വത്തിലുള്ള സംഘത്തെ ഇക്കാര്യം അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.

അടിയന്തിരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാണ് ആവശ്യപ്പെട്ടിട്ടുള്ളത്. കുട്ടിയുടെ തുടര്‍ ചികിത്സാ സംബന്ധമായ എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ നിര്‍വ്വഹിക്കുന്നതാണെന്ന് മന്ത്രി അറിയിച്ചു.


Also Read:  തിരൂര്‍ വിപിന്‍ വധം: എസ്.ഡി.പി.ഐ പ്രവര്‍ത്തക അറസ്റ്റില്‍


ആലപ്പുഴ സ്വദേശിനിയായ ഒന്‍പതുകാരിക്കാണ് എയ്ഡ്‌സ് ബാധിച്ചതായി കുട്ടിയുടെ മാതാപിതാക്കളുടെ പരാതി. ഇതേ തുടര്‍ന്ന് പൊലീസ് കേസെടുത്തിട്ടുണ്ട്.

സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തയച്ചു. കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നും ഈ കുടുംബത്തിന്റെ സംരക്ഷണവും കുട്ടിയുടെ ചികിത്സയും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

മാര്‍ച്ച് ഒന്‍പതിനാണ് കുട്ടി ആര്‍.സി.സിയില്‍ ചികിത്സ തേടിയത്. ഒരാഴ്ച മുമ്പ് നടന്ന പരിശോധനയിലാണ് കുട്ടിക്ക് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചത്. അതേസമയം, മാതാപിതാക്കള്‍ക്ക് എച്ച്‌ഐവി ഇല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

Advertisement