ലോകത്തെ മികച്ച കാഴ്ചപ്പാടുള്ള ചിന്തകരില്‍ ഒന്നാമതായി കെ.കെ ശൈലജ; രണ്ടാം സ്ഥാനത്ത് ജസീന്‍ഡ ആര്‍ഡേന്‍; പ്രോസ്‌പെക്ട് മാഗസിന്‍ പട്ടിക പുറത്ത്
Kerala News
ലോകത്തെ മികച്ച കാഴ്ചപ്പാടുള്ള ചിന്തകരില്‍ ഒന്നാമതായി കെ.കെ ശൈലജ; രണ്ടാം സ്ഥാനത്ത് ജസീന്‍ഡ ആര്‍ഡേന്‍; പ്രോസ്‌പെക്ട് മാഗസിന്‍ പട്ടിക പുറത്ത്
ന്യൂസ് ഡെസ്‌ക്
Wednesday, 2nd September 2020, 8:33 pm

ലണ്ടന്‍: കൊവിഡ് 19 കാലത്തെ ലോകത്തെ മികച്ച 50 ചിന്തകരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. തൊട്ടുപിന്നില്‍ ന്യൂസിലാന്റ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേനും സ്ഥാനം പിടിച്ചിട്ടുണ്ട്.

നിപ-കൊവിഡ് 19 കാലത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചതാണ് കെ.കെ ശൈലജയെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്.

‘കെ.കെ ശൈലജ ഒരു കമ്യൂണിസ്റ്റാണ്. സൗത്ത് ഇന്ത്യയിലെ കേരളം എന്ന സംസ്ഥാനത്ത് അവരെ ടീച്ചര്‍ എന്നാണ് വിളിക്കുന്നത്’- പ്രോസ്‌പെക്ടസിന്റെ ലേഖനത്തില്‍ പറയുന്നു. അതേസമയം നിപ വൈറസിനെതിരെ മന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങളെപ്പറ്റിയും ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

ചൈനയില്‍ മാത്രം കൊവിഡ് വൈറസ് റിപ്പോര്‍ട്ട് ചെയ്തപ്പോഴും അത് മുന്‍കൂട്ടി കണ്ട് പ്രതിരോധ നടപടികളെടുക്കാന്‍ അവര്‍ മുന്നിട്ടു നിന്നെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടി കേരളത്തില്‍ വൈറസ് എത്തിയതു മുതല്‍ അതിനു വേണ്ട എല്ലാ ഫലപ്രദമായ നടപടികളും സ്വീകരിച്ചു.

ക്വാറന്റീനും, സാമൂഹിക അകലവും പാലിക്കാന്‍ ജനങ്ങളോട് പറഞ്ഞു. രാത്രി പത്ത് മണിവരെ ഔദ്യോഗിക കാര്യങ്ങള്‍ക്കായി സമയം ചെലവഴിച്ചുവെന്നും ലേഖനത്തില്‍ പറയുന്നു. കേരളത്തില്‍ ഇപ്പോള്‍ കൊവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധനയെപ്പറ്റിയുള്ള സൂചന നേരത്തേ അവര്‍ പൊതു ജനങ്ങള്‍ക്ക് നല്‍കിയെന്നും ലേഖനത്തില്‍ പറയുന്നു.

രാജ്യത്തെ മുന്നോട്ട് നയിക്കാനുള്ള നേതൃപാടവം തന്നെയാണ് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേനെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിച്ചത്.

ഇക്കഴിഞ്ഞ ജൂലൈയിലാണ് പ്രോസ്‌പെക്ടസ് മാഗസീന്‍ പട്ടികയില്‍ കേരളത്തിന്റെ ആരോഗ്യമന്ത്രി കൂടിയായ കെകെ ശൈലജ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വാര്‍ത്ത വന്നത്. ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രോസ്പെക്ട് മാഗസിന്‍ പ്രസിദ്ധീകരിച്ച അമ്പതംഗങ്ങള്‍ ഉള്‍പ്പെടുന്ന പട്ടികയിലാണ് ആരോഗ്യമന്ത്രിയുടെ പേരും ഉള്‍പ്പെടുത്തിയത്. നിപ്പാകാലത്തും കൊവിഡ് കാലത്തും മന്ത്രി കാഴ്ചവെച്ച മികച്ചപ്രവര്‍ത്തനങ്ങളെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

നമ്മുടെ സമയത്തെ വീണ്ടും രൂപപ്പെടുത്താന്‍ സഹായിച്ച ശാസ്ത്രജ്ഞന്മാരെ, തത്വചിന്തകരെ, എഴുത്തുകാരെ പ്രോസ്പെക്ട് അഭിവാദ്യം ചെയ്യുന്നു, ഞങ്ങളുടെ 2020 ലെ വിജയെ കണ്ടെത്താന്‍ സഹായിക്കുക എന്ന കുറിപ്പോടെയാണ് 50 പേരുടെ പേര് പ്രോസ്പെക്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വോട്ട് ചെയ്യാനുള്ള അവസരവും നല്‍കിയിരുന്നു.

കൊവിഡ് -19 കാലഘട്ടത്തിലെ നമ്മുടെ ചില ചിന്തകരുടെ പ്രസക്തി ആ സമയം തന്നെ ആവശ്യപ്പെടുന്നുണ്ട്. വാക്സിനോളജിസ്റ്റ് സാറാ ഗില്‍ബെര്‍ട്ടും സയന്‍സ് എഴുത്തുകാരന്‍ എഡ് യോങും പ്രധാന ഉദാഹരണങ്ങളാണ്. എന്നിരുന്നാലും, രസകരമെന്നു പറയട്ടെ, വൈദ്യശാസ്ത്രത്തില്‍ നിന്ന് ഒരു മൈല്‍ അകലെയുള്ള മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും 2020 ലെ ഇരുണ്ടതും പ്രത്യേകവുമായ സാഹചര്യങ്ങളില്‍ പുതിയതായി പ്രാധാന്യം നേടിയിട്ടുണ്ടെന്ന് , പ്രോസ്പെക്ടിന്റെ എഡിറ്റര്‍ ടോം ക്ലാര്‍ക്ക് പറഞ്ഞിരുന്നു.

‘കൊറോണ വൈറസിന്റെ അന്തക ‘ എന്നറിയപ്പെടുന്ന കേരളത്തിലെ ആരോഗ്യമന്ത്രി, ഏപ്രിലില്‍ കൊവിഡ് -19 പടര്‍ന്ന് പിടിച്ചപ്പോള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനത്ത് കുറഞ്ഞ മരണനിരക്കില്‍ രോഗത്തെ പിടിച്ചുനിര്‍ത്താന്‍ സാധിച്ചതില്‍ അംഗീകരിക്കപ്പെട്ടു. കൊവിഡ് പരിശോധനയ്ക്കും രോഗനിര്‍ണയത്തിനുമുള്ള പദ്ധതി വേഗത്തില്‍ ആവിഷ്‌കരിച്ചു, വൈറസ് അതിന്റെ മൂര്‍ധന്യത്തില്‍ എത്തിനില്‍ക്കുമ്പോള്‍ 170,000 ആളുകളെ ക്വാറന്റൈനില്‍ ആക്കാന്‍ സാധിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ആരോഗ്യമന്ത്രി നിപ്പകാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

മാരകമായ ഒരു രോഗം ഒഴിവാക്കാന്‍ ഇത് ആദ്യമായാണ് ആരോഗ്യമന്ത്രി മുന്നിട്ടിറങ്ങുന്നതെന്നും 2018 ല്‍, നിപ രോഗം വിദഗ്ദ്ധമായി കൈകാര്യം ചെയ്യുന്നതില്‍ മികച്ച പ്രകടം കാഴ്ചവെച്ചിട്ടുണ്ടെന്നും വൈറസ് എന്ന പ്രാദേശിക സിനിമയില്‍ അത് വരച്ചുകാട്ടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


content highlights: kk shailaja tops in prospectus magazine